

പ്രാദേശിക സിനിമകൾ എല്ലാം ഇന്ന് നാഷണൽ കൾച്ചറൽ ഇവന്റുകളായി മാറുകയാണെന്ന് നടൻ കമൽ ഹാസൻ. കാന്താര, ദൃശ്യം തുടങ്ങിയ ചിത്രങ്ങൾ ഇന്ന് അതിർത്തികൾ കടന്നു മറ്റ് ഭാഷയിലും വലിയ ഹിറ്റാണെന്നും കമൽ ഹാസൻ പറഞ്ഞു. ചെന്നൈയിൽ വെച്ച് നടന്ന 'ജിയോഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട്' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കമൽ ഹാസൻ.
'മധുരൈയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകൾ ഇന്ന് റീജിയണൽ സിനിമകൾ അല്ല അവയെല്ലാം നാഷണൽ കൾച്ചറൽ ഇവന്റുകളാണ്. കോസ്റ്റൽ കർണാടകയിൽ നിന്ന് വരുന്ന കാന്താര പോലെയുള്ള സിനിമകൾ ഇന്ന് രാജ്യം മുഴുവൻ ആവേശമായി മാറുന്നു. ദൃശ്യം പോലെ ഒരു കുഞ്ഞ് മലയാള ചിത്രം അതിർത്തികൾ കടക്കുന്നു. പുഷ്പ, ബാഹുബലി പോലെയുള്ള സിനിമകൾ നിത്യജീവിതത്തിന്റെ ഭാഗമാകുന്നു. വിക്രം, അമരൻ പോലെയുള്ള സിനിമകൾ ബജറ്റിനും അപ്പുറം നിരവധി കാര്യങ്ങൾ ഉണ്ടെന്ന് പ്രേക്ഷകർക്ക് തെളിയിക്കുന്നു', കമലിന്റെ വാക്കുകൾ.
ഹോട്ട്സ്റ്റാറിന്റെ ഇനി വരാനിരിക്കുന്ന പുതിയ സിനിമകളും സീരീസുകളും മറ്റു ഷോകളും ഈ ചടങ്ങിൽ വെച്ച് പ്രഖ്യാപിക്കുന്നുണ്ട്. മോഹൻലാലും ചടങ്ങിൽ പങ്കെടുത്തിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ നിന്നുള്ള അൻപതോളം പുതിയ ഷോകളാണ് ഈ പരിപാടിയിലൂടെ പ്രഖ്യാപിക്കുന്നത്. ചെന്നൈയിൽ വെച്ചാണ് പരിപാടി നടക്കുന്നത്. കമൽ ഹാസനും ഉദയനിധി സ്റ്റാലിനും ചേർന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
"Regional is becoming new National💥. Coastal Karnataka film like #Kantara electrify whole country. Malayalam mystery #Dhishyan crosses border. #Baahubali/#Pushpa becomes a vocabulary. #Vikram/#Amaran shows what truly travels, not budget💯"
— AmuthaBharathi (@CinemaWithAB) December 9, 2025
- #KamalHaasan pic.twitter.com/BeJyNXHHQo
അതേസമയം, പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവൻ തിയേറ്റർ അവകാശങ്ങളും ഡിജിറ്റൽ അവകാശങ്ങളും പനോരമ സ്വന്തമാക്കിയിരുന്നു. ഷൂട്ടിങ് പൂർത്തിയാകും മുൻപ് 350 കോടി ക്ലബ്ബിൽ ചിത്രം എത്തിയിരുന്നു. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
Content Highlights: Kamal haasan about regional cinema