ഇന്ത്യക്ക് പുറത്തെ ഏറ്റവും വലിയ വാദ്യ കലാ സംഗമം; വേദിയായി ബഹ്റൈൻ

ചലച്ചിത്ര താരം ജയറാം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ എന്നിവരടക്കം മുന്നൂറില്‍ പരം വാദ്യകലാകാരന്മാര്‍ പങ്കെടുത്തു

ഇന്ത്യക്ക് പുറത്തെ ഏറ്റവും വലിയ വാദ്യ കലാ സംഗമം; വേദിയായി ബഹ്റൈൻ
dot image

ആസ്വാദകര്‍ക്ക് ആവേശമായി ഇന്ത്യക്ക് പുറത്തെ ഏറ്റവും വലിയ വാദ്യ കലാ സംഗമത്തിന് വേദിയായി ബഹ്‌റൈന്‍. ചലച്ചിത്ര താരം ജയറാം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ എന്നിവരടക്കം മുന്നൂറില്‍ പരം വാദ്യകലാകാരന്മാര്‍ പങ്കെടുത്ത പഞ്ചാരിമേളത്തിന് പ്രവാസികള്‍ അടക്കം 10,000ത്തിലധികം കാണികാളാണ് ​സം​ഗമത്തിന് സാക്ഷിയായത്. സോപാനം വാദ്യകലാസംഘവും കോണ്‍വെക്‌സ് ഇവന്റും സംയുക്തമായാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്.

പ്രവാസലോകത്തെ പൂരപ്പറമ്പാക്കി മറ്റുന്നതായിരുന്നു സോപാനം വാദ്യസംഗമം. നാടിന്റെ താളസ്പന്ദനം ആസ്വദിക്കാനായി ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10,000ത്തിലധികം കാണികള്‍ അദാരി പാര്‍ക്ക് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തി. യുവ പ്രതിഭകളുടെ നേതൃത്വത്തിലുളള തായമ്പകയോടെയായിരുന്നു തുടക്കം. ജയറാം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ എന്നിവര്‍ക്കൊപ്പം മുന്നൂറില്‍ പരം വാദ്യകലാകാരന്മാര്‍ അണിനിരന്ന പഞ്ചാരിമേളം ആസ്വാദകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ചു.

പ്രവാസലോകത്ത് ചെണ്ട അഭ്യസിച്ച മുപ്പത്തിരണ്ട് പുതുമുഖങ്ങള്‍ ഗുരു സന്തോഷ് കൈലാസിന്റെ ശിക്ഷണത്തില്‍ അരങ്ങിലെത്തി. വര്‍ണ്ണോത്സവം എന്ന പേരില്‍ നൂറില്‍പരം നര്‍ത്തകര്‍ അണിനിരന്ന നൃത്തപരിപാടിയും ശ്രദ്ധേയമായിരുന്നു. 70-ൽ പരം സോപാനഗായകര്‍ പങ്കെടുത്ത ആദ്യ വിദേശ സോപാന അരങ്ങിനും അദാരി പാര്‍ക്ക് വേദിയായി. താലപ്പൊലിയും മുത്തുകുടകളും വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും അണിനിരന്ന വര്‍ണ്ണാഭമായ ഘോഷയാത്രയും പരിപാടിക്ക് ഉത്സവഛായ പകര്‍ന്നു.

ബഹ്റൈൻ പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹുസൈന്‍ അല്‍ ജനാഹി, ബഹറിനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ്, ചലച്ചിത്ര പിന്നണി ഗായിക ലതിക ടീച്ചര്‍, കാഞ്ഞിലശ്ശേരി പത്മനാഭന്‍, അമ്പലപ്പുഴ വിജയകുമാര്‍, സോപാനം ഡയറക്ടര്‍ സന്തോഷ് കൈലാസ് എന്നിവരും ആഘോഷങ്ങളുടെ ഭാഗമായി. ഇന്ത്യയുടേയും ബഹ്‌റൈന്റെയും സാംസ്‌കാരിക വൈവിധ്യങ്ങള്‍ കോര്‍ത്തിണക്കിയ നൃത്ത സമന്വയവും വാദ്യസംഗമം വേദിയെ വര്‍ണ്ണാഭമാക്കി.

Content Highlights: Bahrain hosts the largest musical festival outside India, exciting music lovers

dot image
To advertise here,contact us
dot image