

ന്യൂഡൽഹി: ഡൽഹി കലാപത്തിലെ ഗൂഢാലോചന കേസിൽ ഇടക്കാല ജാമ്യം തേടി ജെഎൻയു സർവകലാശാല മുൻ വിദ്യാർത്ഥി ഉമർ ഖാലിദ്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് ഇടക്കാല ജാമ്യം തേടിയത്. ഡൽഹിയിലെ കർക്കദൂമ കോടതിയിലാണ് അപേക്ഷ നൽകിയത്. അപേക്ഷ ഡിസംബർ 11ന് പരിഗണിക്കാനായി അഡീഷണൽ സെഷൻസ് ജഡ്ജ് സമീർ ബാജ്‌പേയ് ഷെഡ്യൂൾ ചെയ്തു.
ഡിസംബർ 27ന് നടക്കുന്ന സഹോദരിയുടെ വിവാഹത്തിനായി ഡിസംബർ 14 മുതൽ 29 വരെ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ വർഷം ഡിസംബറിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഉമർ ഖാലിദിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം കേസിൽ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ ഉമർ ഖാലിദ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കവെ ഡൽഹി പൊലീസ് ജാമ്യത്തെ എതിർക്കുകയും ഖാലിദിനെതിരെ കൂടുതൽ ആരോപണങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ജാമ്യാപേക്ഷയിൽ സുപ്രീം കോടതിയിൽ വാദം തുടരുകയാണ്.
2020 സെപ്തംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്‌ക്കെതിരായ പ്രതിഷേധങ്ങൾക്കിടെയായിരുന്നു അറസ്റ്റ്. ക്രിമിനൽ ഗൂഢാലാചന, കലാപം സൃഷ്ടിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
Content Highlights : umar khalid moves delhi karkardooma courts for interim bail to attend sisters wedding