'തെരഞ്ഞെടുപ്പ് ക്രമക്കേട് ഏറ്റവും വലിയ രാജ്യദ്രോഹ നടപടി'; ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

രൂക്ഷവിമർശനമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും കേന്ദ്രസർക്കാരിനെതിരെയും രാഹുൽ ഗാന്ധി ലോക്സഭയിൽ ഉന്നയിച്ചത്

'തെരഞ്ഞെടുപ്പ് ക്രമക്കേട് ഏറ്റവും വലിയ രാജ്യദ്രോഹ നടപടി'; ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
dot image

ന്യൂ ഡൽഹി: വോട്ട് ചോരി, തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം എന്നീ വിഷയങ്ങളിൽ ലോക്സഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് ക്രമക്കേട് രാജ്യം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹ നടപടിയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വോട്ടര്‍ പട്ടിക ക്രമക്കേടിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് നിയമങ്ങളെ സർക്കാർ അട്ടിമറിച്ചുവെന്നും രാഹുൽ വിമർശിച്ചു.

രൂക്ഷവിമർശനമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും കേന്ദ്രസർക്കാരിനെതിരെയും രാഹുൽ ഗാന്ധി ഉന്നയിച്ചത്. ഹരിയാനയിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണം രാഹുൽ സഭയിൽ വീണ്ടും ഉയർത്തിക്കാട്ടി. എങ്ങനെയാണ് ബ്രസീലിയൻ മോഡലിന്റെ പേര് വോട്ടർ പട്ടികയിൽ വന്നതെന്നും മറ്റൊരു വനിതയുടെ പേര് 200 പ്രാവശ്യം വന്നത് എങ്ങനെയാണെന്നും ചോദിച്ച രാഹുൽ ഹരിയാന തെരഞ്ഞടുപ്പ് മോഷ്ടിക്കപ്പെട്ടുവെന്ന് തറപ്പിച്ചുപറഞ്ഞു. താൻ നിരന്തരം ഇത് പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തനിക്ക് മറുപടി നൽകുന്നേയില്ല എന്നും രാഹുൽ കുറ്റപ്പെടുത്തി.

'എങ്ങനെയാണ് ഇത്രയും വ്യാജവോട്ടുകൾ വന്നത് എന്ന് കമ്മീഷൻ തന്നോട് വിശദീകരിച്ചിട്ടില്ല. ഒരു ചോദ്യത്തിനും കമ്മീഷന് ഉത്തരമില്ല. ബിഹാറിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം അവസാനിച്ച ശേഷവും 1.2 ലക്ഷം വ്യാജ വോട്ടുകൾ എങ്ങനെ വന്നു? നിങ്ങൾ ആ സംവിധാനത്തെ അപഹരിച്ചുകഴിഞ്ഞു എന്നാണ് മനസിലാക്കേണ്ടത്'; രാഹുൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന പ്രക്രിയയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ മാറ്റിയതിലും രാഹുൽ വിമർശനമുന്നയിച്ചു. എന്തുകൊണ്ടാണ് പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ മാറ്റിയത് എന്ന് ചോദിച്ച രാഹുൽ നമുക്ക് അദ്ദേഹത്തിൽ വിശ്വാസമില്ലേ എന്നും ചോദിച്ചു. താൻ ആ സമിതിയിൽ ഉണ്ടായിട്ടുപോലും തന്നെ ആരും കേൾക്കുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് മോദിയും അമിത് ഷായും ഇലക്ഷൻ കമ്മീഷണറെ തെരഞ്ഞെടുക്കുന്നത്? ഓഫീസിൽ ഉള്ള കാലയളവിലെ പ്രവർത്തനങ്ങളിൽ ഇലക്ഷൻ കമ്മീഷണറെ ശിക്ഷിക്കേണ്ട എന്ന് തീരുമാനമെടുത്തത് ഈ സർക്കാരാണ് എന്നും രാഹുൽ പറഞ്ഞു.

നവംബർ അഞ്ചിനാണ് ഹരിയാനയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു എന്ന് ആരോപണമുന്നയിച്ച് രാഹുൽ ഗാന്ധി രംഗത്തുവന്നത്. എച്ച് ഫയൽസ് എന്ന പേരിലാണ് ഹരിയാനയിലെ വോട്ട് ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്. വോട്ടറായി ബ്രസീലിയൻ യുവതി, 5,21,619 ഇരട്ട വോട്ടുകൾ, എട്ടില്‍ ഒരു വോട്ട് വ്യാജം, 25 ലക്ഷം കള്ള വോട്ടുകൾ, ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ 100 വോട്ട്, രണ്ട് സംസ്ഥാനങ്ങളിൽ വോട്ട് തുടങ്ങിയവയായിരുന്നു രാഹുൽ ചൂണ്ടിക്കാട്ടിയത്. ഹരിയാനയില ക്രമക്കേടുകൾ ചൂണ്ടികാണിക്കുന്നതിന് മുൻപ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളും രാഹുൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിൽ കർണാടക സർക്കാർ നിയമിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടരുകയാണ്.

Content Highlights: Rahul gandhi lashes out at vote chori at parliament

dot image
To advertise here,contact us
dot image