'പാകിസ്താൻ അറിഞ്ഞുകളിച്ചു, ട്രംപ് പറഞ്ഞതിനെ ഇന്ത്യ തള്ളിക്കളഞ്ഞതാണ് താരിഫുകൾക്ക് കാരണം'; മുൻ ആർബിഐ ഗവർണർ

ഇന്ത്യ ട്രംപിനെ കൈകാര്യം ചെയ്ത രീതിയാണ് പ്രശ്നമായത് എന്ന് രഘുറാം രാജൻ

'പാകിസ്താൻ അറിഞ്ഞുകളിച്ചു, ട്രംപ് പറഞ്ഞതിനെ ഇന്ത്യ തള്ളിക്കളഞ്ഞതാണ് താരിഫുകൾക്ക് കാരണം'; മുൻ ആർബിഐ ഗവർണർ
dot image

ന്യൂഡൽഹി: ഇന്ത്യക്ക് മേൽ യുഎസ് ഉയർന്ന താരിഫുകൾ ഏർപ്പെടുത്താൻ കാരണം റഷ്യൻ എണ്ണയല്ല എന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിക്കാൻ കാരണം താനാണെന്ന ട്രംപിന്റെ വാദം ഇന്ത്യ അംഗീകരിക്കാത്തതാണ് കാരണമെന്നും പാകിസ്താൻ ഈ വിഷയത്തിൽ അറിഞ്ഞുകളിക്കുകയാണ് ചെയ്തത് എന്നും രഘുറാം രാജൻ പറഞ്ഞു.

സൂറിച്ച് സർവകലാശാലയിലെ യുബിഎസ് സെന്റർ ഫോർ ഇക്കണോമിക്സ് ഇൻ സൊസൈറ്റി സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു രഘുറാം രാജന്റെ ഈ നിരീക്ഷണം. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതല്ല അമേരിക്ക താരിഫുകൾ ഏർപ്പെടുത്താൻ കാരണമെന്നും ഇന്ത്യ പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിന്റെ വാദം അംഗീകരിക്കാത്തതാണ് കാരണമെന്നാണ് താൻ കരുതുന്നതെന്നുമാണ് രഘുറാം രാജൻ പറഞ്ഞത്. പാകിസ്താൻ ഈ വിഷയത്തിൽ അറിഞ്ഞുകളിച്ചുവെന്നും യഥാർത്ഥ പ്രശ്നം വൈറ്റ് ഹൗസിലെ ചില വ്യക്തിത്വങ്ങളുടേതാണെന്നും രഘുറാം രാജൻ പറഞ്ഞു. ഹംഗറി എണ്ണ വാങ്ങുന്നതിനെ അവർ അനുകൂലിക്കുകയാണ് ചെയ്യുന്നത് എന്നും അതിനാൽ ഇന്ത്യ ട്രംപിനെ കൈകാര്യം ചെയ്ത രീതിയാണ് പ്രശ്നമായത് എന്നും രഘുറാം രാജൻ കൂട്ടിച്ചേർത്തു.

ഇന്ത്യ രണ്ട് രാജ്യങ്ങളും ചേർന്നുള്ള ധാരണ എന്നാണ് വെടിനിർത്തലിന് കാരണമായി പറഞ്ഞത്. സത്യം ഈ രണ്ടിനുമിടയിൽ എവിടെയോ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഫലമായി പാകിസ്താന് 19% താരിഫും, ഇന്ത്യക്ക് 50% താരിഫും ലഭിച്ചെന്നും രഘുറാം രാജൻ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിക്കാൻ മുൻകൈ എടുത്തത് താനെണെന്ന് ട്രംപ് നിരന്തരം അവകാശപ്പെട്ടിരുന്നു. പാകിസ്താൻ ഈ വാദത്തെ അംഗീകരിച്ചപ്പോൾ ഇന്ത്യ എതിർക്കുകയാണ് ചെയ്തത്. ഡിജിഎംഒ ലെവലിലുള്ള ചര്‍ച്ചകളെ തുടര്‍ന്നായിരുന്നു വെടിനിർത്തൽ നടപ്പിലായതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ അമേരിക്ക ഇടപെട്ടില്ലെന്നും ഇന്ത്യ വ്യക്തത വരുത്തിയിരുന്നു.

റഷ്യൻ എണ്ണ ഇടപാടിന്റെയും വ്യാപാരനയത്തിന്റെ പേരിലും ഇന്ത്യക്ക് മേൽ 50% താരിഫാണ് യുഎസ് ചുമത്തിയത്. പിന്നാലെ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് കുറക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഒരു നയതന്ത്ര പ്രതിസന്ധി ഇരു രാജ്യങ്ങൾക്കുമിടയിൽ ഉണ്ടായപ്പോഴും മോദിയെ പുകഴ്ത്തുന്ന സമീപനവും ട്രംപ് സ്വീകരിച്ചിരുന്നു.

Content Highlights: Raghuram Rajan says US Tariff just because india countered trump

dot image
To advertise here,contact us
dot image