

കൊൽക്കത്ത: വന്ദേമാതരത്തിന്റെ രചയിതാവും ബംഗാളി കവിയും നോവലിസ്റ്റുമായ ബങ്കിം ചന്ദ്ര ചാറ്റർജിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചെന്നും മാപ്പ് പറയണമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ബങ്കിം ചന്ദ്ര ചതോപാഥ്യായയെ മോദി ' ബങ്കിം ദാ' എന്നുവിളിച്ച് അപമാനിച്ചുവെന്ന് മമത ആരോപിച്ചു. ബംഗാളിലെ ഗൂച്ച് ബെഹർ ജില്ലയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു മമത. 'രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ മോദി ജനിച്ചിട്ടു പോലുമില്ല, എന്നിട്ടാണ് ബംഗാളിലെ ഏറ്റവും വലിയ സാംസ്‌കാരിക വ്യക്തിത്വങ്ങളിലൊരാളെ അശ്രദ്ധമായി അഭിസംബോധന ചെയ്തത്. അദ്ദേഹത്തിന് അർഹിക്കുന്ന ഒരു സാമാന്യ മര്യാദപോലും നിങ്ങൾ നൽകിയില്ല. അതിൽ നിങ്ങൾ രാജ്യത്തോട് മാപ്പ് പറയണം' മമത പറഞ്ഞു.
വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പാർലമെന്റിൽ നടക്കുന്ന പ്രത്യേക ചർച്ചയിലായിരുന്നു മോദിയുടെ വിവാദ പരാമർശം. ചർച്ചയ്ക്ക് തുടക്കമിട്ട് മോദി നടത്തിയ പ്രസംഗത്തിൽ 'ബങ്കിം ദാ' എന്ന് പറയുകയുണ്ടായി. ഈ പ്രയോഗത്തെ തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ് എതിർത്തു. പകരം 'ബങ്കിം ബാബു' എന്ന് പറയണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മോദി ബങ്കിം ബാബുവെന്ന് തിരുത്തി പറയുകയും ചെയ്തു.
Content Highlights: Mamata Banerjee demands PM Modi apology over 'Bankim Da' remark