പുതിയ കാലത്ത് ഭക്ഷണത്തില്‍ വരെ ട്രന്‍ഡുകളാണ്. നിലവില്‍ സീഡുകളായിരുന്നു ആളുകളുടെ ഫേവറിറ്റ് ലിസ്റ്റില്‍. സ്‌നാക്‌സ് പോലെ പച്ചക്കറി വിത്തുകള്‍ കഴിക്കുന്ന ചിലരെങ്കിലും ഉണ്ടാകും. അതില്‍ പ്രിയപ്പെട്ട വിത്തുകളിലൊന്നാണ് മത്തങ്ങയുടേത്. സാലഡുകള്‍, സ്മൂത്തി എന്നിവയിലും ഇത് ഇപ്പോള്‍ സ്ഥിരം സാന്നിധ്യമാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഭക്ഷ്യവസ്തുവാണിതെന്ന് പറയുമ്പോഴും ശരിയായ രീതിയിലല്ലാതെയും അമിതമായും ഇവ കഴിച്ചാല്‍ അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വിവരിക്കുകയാണ് ആയുര്‍വേദ വിദഗ്ധര്‍.
മത്തങ്ങ വിത്തുകള്‍ അമിതമായി കഴിക്കുന്ന ശീലം മൂലം നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കിയേക്കാം. മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് കൊളസ്‌ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ നല്ലതാണെന്നതിനൊപ്പം ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണെന്നാണ് കോംപ്ലിമെന്ററി തെറാപ്പീസ് ഇന്‍ ക്ലിനിക്കല്‍ പ്രാക്ടീസില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനം വ്യക്തമാക്കുന്നത്. മാത്രമല്ല ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം മാറാനും ദഹനത്തിനും നല്ലതാണ്. എന്നാല്‍ ഈ വിത്തുകള്‍ കഴിക്കുന്ന അളവും രീതിയും മാറുമ്പോഴാണ് ആരോഗ്യത്തിന് ഭീഷണിയാകുന്നത്.
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍: ആയുര്‍വേദ വിദഗ്ധനായ ഡിമ്പിള്‍ ജംഗ്ദ പറയുന്നത്, അസിഡിറ്റി പോലെയുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരാണ് ഈ വിത്തുകള്‍ കഴിക്കുന്നതെങ്കില്‍ സ്വാഭാവികമായും ശരീരത്തിലൊരു ചൂട് ഉണ്ടാവുകയും ഇത് അവസ്ഥ കൂടുതല്‍ മോശമാക്കുകയും ചെയ്യുമെന്നാണ്. കട്ടിയുള്ള ഈ വിത്തിന്റെ പുറംതോട് ദഹനവ്യവസ്ഥയെ താറുമാറാക്കും. അമിതമായി മത്തങ്ങ വിത്തുകള്‍ കഴിക്കുന്ന ശീലം വയറില്‍ മറ്റ് ബുദ്ധിമുട്ടുകളും സൃഷ്ടിക്കാം. വയറിന് മുന്നേ തന്നെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് വീണ്ടും കൂടാം. ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഇവ കുതിര്‍ത്ത് കഴിക്കാനാണ് ശ്രമിക്കേണ്ടത്.
അലര്‍ജിയുള്ള ആളുകള്‍ക്ക് ഇത് സുരക്ഷിതമല്ല: ഫൈബറും ഹെല്‍ത്തി ഫാറ്റുകളും, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റ് എന്നിവയാല്‍ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകള്‍. മികച്ച ഉറക്കം ലഭിക്കാനും കോശങ്ങളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. എന്നാല്‍ മത്തങ്ങ വിത്തുകള്‍ അലര്‍ജിയുള്ളവരില്‍ ഇത് വായു സംബന്ധമായ പ്രശ്‌നങ്ങള്‍, ദഹനക്കേട് എന്നിവയുണ്ടാകും.
കൊച്ചുകുട്ടികള്‍ക്ക് കൊടുക്കുമ്പോഴും ശ്രദ്ധിക്കണം: മത്തങ്ങ വിത്തുകള്‍ പോഷക സമ്പുഷ്ടമാണ്. എന്നാല്‍ കുഞ്ഞുകുട്ടികള്‍ക്ക് ശ്വാസതടസം ഉണ്ടാകാനും ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. കുഞ്ഞുങ്ങളില്‍ ദഹനവ്യവസ്ഥ വികസിച്ച വരുന്ന അവസ്ഥയായതിനാല്‍ കട്ടിയുള്ള ഇതിന്റെ തോട് ബുദ്ധിമുട്ടുണ്ടാക്കാം. അതിനാല്‍ കുട്ടികള്‍ക്ക് പൊടിച്ച് നല്‍കാനോ പേസ്റ്റാക്കി നല്‍കാനോ (seed butter) ശ്രദ്ധിക്കണം
രക്തസമ്മര്‍ദം നന്നായി കുറയ്ക്കാം: മത്തങ്ങ വിത്തില്‍ മഗ്നീഷ്യം നന്നായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദം കുറയ്ക്കും. അളവില്‍ കൂടുതല്‍ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത്, ഇതിന്റെ ആഘാതം കൂട്ടുകയും ചെയ്യും. ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടേത് പോലെ ACE- inhibitor സ്വഭാവം മത്തങ്ങ വിത്തുകള്‍ കാണിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.
അനാവശ്യമായ രീതിയില്‍ ശരീരഭാരം വര്‍ധിക്കും: മത്തങ്ങ വിത്തുകള്‍ ചെറുതാണെങ്കിലും അവ കലോറികളാല്‍ സമ്പുഷ്ടമാണ്. ഒരു കപ്പ് റോസ്റ്റഡ് മത്തങ്ങ വിത്തുകളില്‍ 285കലോറിയാണ് ഉള്ളത്. ഒരു ദിവസം 28 മുതല്‍ 30 ഗ്രാം വരെ മത്തങ്ങ വിത്ത് കഴിക്കാം. എന്നാല്‍ അമിതമായി കഴിക്കുന്നത്, പ്രത്യേകിച്ച് ഉപ്പ് ചേര്‍ത്തോ വറുത്തോ കഴിക്കുന്നത് കലോറിയുടെ അളവ് കൂടാന്‍ കാരണമാകും. കലോറി കൂടുമ്പോള്‍ ശരീരഭാരവും വര്‍ധിക്കും
മത്തങ്ങ വിത്തുകള്‍ കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ രീതി അത് കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും വെള്ളത്തില്‍ കുതിര്‍ത്തതിന് ശേഷം കഴിക്കുക എന്നതാണ്. പ്രഭാതങ്ങളില്‍ ഏതെങ്കിലും പഴങ്ങള്‍ക്കൊപ്പം ഫ്രൂട്ട്-നട്ട്‌സ്- സീഡ് മിക്‌സായി കഴിക്കാം, സാലഡുകളില്‍ കുതിര്‍ത്ത മത്തങ്ങ വിത്തുകള്‍ ചേര്‍ത്ത് കഴിക്കാം,
സ്മൂത്തി, യോഗര്‍ട്ട് ബൗള്‍സ്, ഹോംമേഡ് ഗ്രാനോല എന്നിവയിലും ചേർക്കാം, സൂപ്പുകളില്‍ ക്രഞ്ചി ടോപ്പിങായും ഉപയോഗിക്കാം.
Content Highlights: Pumpkin seeds health benefits and side effects