

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ജരൈകല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന സരാന്ത വനമേഖലയിലാണ് സംഭവം. വനമേഖലയിലേക്ക് വിറക് ശേഖരിക്കാന്‍ പോയ സ്ത്രീയാണ് കൊല്ലപ്പെട്ടത്.
യുവതി അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. ശാലിനി കണ്ടുല്‍ന (30), ബിര്‍സി ഘാന്‍വര്‍ (35) എന്നിവര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ഇവരെ മനോഹര്‍പൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ച് ചികിത്സ നല്‍കി. ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണെന്നും റാഞ്ചിയിലെ മികച്ച സൗകര്യങ്ങളുളള ആശുപത്രിയിലേക്ക് മാറ്റേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം സായുധപോരാട്ടം അവസാനിപ്പിച്ച് കീഴടങ്ങാന്‍ മാവോയിസ്റ്റുകള്‍ സമയം തേടിയെന്നുളള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നിരോധിത മാവോയിസ്റ്റ് സംഘടനയായ സിപി ഐ മാവോയിസ്റ്റ് കീഴടങ്ങാന്‍ മൂന്നുമാസം സമയം തേടി മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കിയിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിലാണ് കത്ത് പുറത്തുവന്നത്.
2026 മാര്‍ച്ച് മാസത്തോടെ ഇന്ത്യയില്‍ നിന്ന് മാവോയിസ്റ്റുകളെ പൂര്‍ണമായും തുടച്ചുനീക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലുമുള്‍പ്പെടെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകളും ശക്തമാക്കിയിരുന്നു.
Content Highlights: IED planted by Maoists explodes in Jharkhand: One woman killed, two injured