

അബുദാബി: പാകിസ്താനികള്‍ക്ക് വിസ നല്‍കുന്നത് യുഎഇ നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. കറാച്ചി ആസ്ഥാനമായുളള ഡോൺ എന്ന ദിനപത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന വ്യക്തികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്ന ആശങ്ക കാരണമാണ് യുഎഇ പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ചതെന്നാണ് ഡോൺ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെനറ്റ് ഫംഗ്ഷണല്‍ കമ്മിറ്റി ഓണ്‍ ഹ്യുമണ്‍ റൈറ്റ്‌സ് യോഗത്തിലാണ് വെളിപ്പെടുത്തലുണ്ടായത്. നിരോധനം ഔദ്യോഗികമായാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഭിക്ഷാടന സംഘങ്ങള്‍, കൊലപാതകങ്ങള്‍, ലഹരി റാക്കറ്റ്, അനധികൃത താമസം തുടങ്ങിയ നിരവധി സംഭവങ്ങള്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. യുഎഇയുടെ തീരുമാനം പാക് പൗരന്മാരുടെ ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ, വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയ എല്ലാ തരം വിസകള്‍ക്കും ബാധകമായിരിക്കും. നിലവില്‍ യുഎഇയിൽ തുടരുന്നവർക്ക് വിസയുടെ കാലാവധി തീരുന്നത് വരെ തുടരാം. എന്നാല്‍ ഇപ്പോള്‍ യുഎഇ എംബസികളിലോ അംഗീകൃത വിസ കേന്ദ്രങ്ങള്‍ വഴിയോ പുതിയ അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
വിവിധ രാജ്യങ്ങളില്‍ നിന്നുളള സംഘങ്ങള്‍ രാജ്യത്തെത്തി നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും വിസിറ്റിംഗ് വിസകളെ ഇക്കൂട്ടര്‍ ചൂഷണം ചെയ്യുകയാണെന്നും യുഎഇ സര്‍ക്കാരുമായി ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. അത്തരം സംഭവങ്ങളില്‍ ഭൂരിഭാഗവും പാകിസ്താനില്‍ നിന്നുളളവരാണ് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം തൊഴിലും മികച്ച സാമ്പത്തിക അവസരങ്ങളും തേടി ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് എട്ടുലക്ഷത്തിലധികം പാകിസ്താനികളാണ് വിസയ്ക്കായി അപേക്ഷിക്കുന്നത്. അതേസമയം, സമീപ വര്‍ഷങ്ങളില്‍ സൗദി അറേബ്യയില്‍ മാത്രം നാലായിരത്തിലധികം ഭിക്ഷാടകരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഭൂരിഭാഗവും മക്കയിലും മദീനയില്‍ നിന്നുമായിരുന്നു. കൂടാതെ നിരവധി ലഹരിക്കടത്ത് കേസുകളിലും ക്രിമിനല്‍ കേസുകളിലും പാകിസ്താനികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: Action to prevent crime: UAE reportedly stops issuing visas to Pakistanis