

'തായ്‌വാന്റെ സംരക്ഷണം ജപ്പാൻ്റെയും സംരക്ഷണം ആണ്. അതുകൊണ്ട് തായ്‌വാനെ ചൈനക്ക് ഒരിക്കലും വിട്ടു കൊടുക്കില്ല'. ജപ്പാന്റെ ആദ്യ വനിത പ്രധാന മന്ത്രിയായി ചുമതലയേറ്റ സനേ തകായിച്ചി അടുത്തിടെ ചൈനക്ക് നേരെ ഉയർത്തിയ വെല്ലുവിളിയും താക്കീതും ഇങ്ങനെ ആയിരുന്നു. ഒരു ജനാധിപത്യ രാജ്യമായ തായ്‌വാനെ ഒറ്റപ്പെടുത്താനും, അവിടെ ബീജിംഗിന്റെ പരമാധികാര അവകാശവാദം അംഗീകരിക്കാൻ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിക്കാനും ചൈന സമീപ വർഷങ്ങളിൽ സാധ്യമായതെല്ലാം ചെയ്തുവരികയാണ്. അതിന്റെ ഫലമെന്നോണം മിക്ക രാജ്യങ്ങളും തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയിൽ നിന്ന് ചൈനയുടെ ബീജിംഗിലേക്ക് തങ്ങളുടെ നയതന്ത്ര അംഗീകാരം മാറ്റിയതോടെ തായ്‌വാൻ കൂടുതൽ ഒറ്റപ്പെടുകയായിരുന്നു.

തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്നതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കമാണ് ദീർഘകാലമായി പ്രദേശത്ത് നിലനിൽക്കുന്നത്. ചൈന തായ്‌വാനെ ഒരു വിമത പ്രവിശ്യയായാണ് കണക്കാക്കുന്നത്, ആ പ്രദേശത്തെ തങ്ങളുടെ പക്കൽ ആക്കി വീണ്ടും ഒന്നിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നത്. എന്നാൽ ജപ്പാന്റെ പുതിയ പ്രധാനമന്ത്രി തായ്‌വാന്‍ വിഷയത്തിൽ ചൈനയുടെ അധിനിവേശമുണ്ടായാൽ സൈനികമായി ഇടപെടാൻ തയ്യാറാണെന്ന് പറഞ്ഞത് ഈ പ്രശ്നം കൂടുതൽ വഷളാവുകയാണ് ചെയ്തത്.
ലിത്വാനിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങൾ തായ്‌വാനുമായി കൂട്ടുകൂടാൻ ശ്രമിക്കുന്ന രാജ്യങ്ങളാണ്. എന്നാൽ അങ്ങനെ ശ്രമിച്ചാൽ ബീജിംഗിൽ നിന്ന് പ്രതികാരം നേരിടേണ്ടി വരുമെന്നുള്ള മുന്നറിയിപ്പ് നേരത്തെ വന്നു കഴിഞ്ഞു. ചൈനീസ് വ്യോമ, നാവിക പട്രോളിംഗുകൾ തായ്‌വാനെ ചുറ്റി സഞ്ചരിക്കുന്നത് വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, ചൈനയുടെ അടുത്ത നീക്കം എന്താകും , ചൈനയും തായ്‌വാനും തമ്മിലുള്ള പ്രശ്നം ജപ്പാനെ വലക്കുന്നത് എന്തിനാണ് ? ഇതിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പങ്ക് എന്താണ് എന്നെല്ലാം അറിയേണ്ടിയിരിക്കുന്നു…..
ഒക്ടോബറിൽ അധികാരത്തിലേറിയ ജപ്പാൻ്റെ പുതിയ പ്രധാനമന്ത്രി നവംബറിൽ ആണ് തായ്‌വാനെതിരെ ചൈന ആക്രമണം നടത്തിയാൽ ജപ്പാൻ എങ്ങനെ പ്രതികരിക്കുമെന്ന് ആദ്യ പ്രസ്താവന നടത്തിയത്. ആ പരാമർശങ്ങൾ ബീജിംഗിനെ ചൊടിപ്പിച്ചു, അവർ നിലപാട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു, എന്നാൽ ജാപ്പനീസ് പ്രധാനമന്ത്രി ഒരിഞ്ച് പോലും പിന്നോട്ട് പോയില്ല. അന്ന് തുടങ്ങിയ തർക്കത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കച്ചവടവും ഉൾപ്പെടുന്ന ഒരു വ്യാപാര യുദ്ധമായി അതിവേഗം വളർന്നു എന്ന് വേണം പറയാൻ. കൂടാതെ ഇരു രാജ്യങ്ങൾക്കും വളരെക്കാലമായി ഒരു പ്രധാന വിഷയമായിരുന്ന ഒരു തർക്ക പ്രദേശത്തെച്ചൊല്ലിയുള്ള സുരക്ഷാ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാക്കിയിരിക്കുന്നു എന്നതും എടുത്തു പറയണം.

ചൈനീസ് നാവിക ഉപരോധമോ തായ്‌വാനെതിരെയുള്ള മറ്റ് നടപടികളോ ജാപ്പനീസ് സൈനിക പ്രതികരണത്തിന് കാരണമാകും എന്നാണ് ജപ്പാൻ പ്രധാന മന്ത്രി എടുത്തു പറഞ്ഞത്. മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അധികാരത്തിലിരിക്കെ നാല് തവണ സമാനമായ പരാമർശങ്ങൾ ചൈനക്കെതിരെ നടത്തിയിരുന്നെങ്കിലും, തായ്‌വാനെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ എടുക്കുമെന്ന് ഒരു ജാപ്പനീസ് നേതാവ് നടത്തിയ ഏറ്റവും ശക്തമായ പരാമർശങ്ങളിൽ ഒന്നായിരുന്നു സനേ തകായിച്ചിയുടേത്. ജപ്പാനെതിരെ സാമ്പത്തിക, സൈനിക, നയതന്ത്ര നടപടികളുടെ ഒരു പരമ്പരയിലൂടെയാണ് ചൈന പ്രതികരിച്ചത്. എന്നാൽ ജപ്പാൻ ആ നീക്കത്തിൽ പേടിച്ചില്ല. മാത്രമല്ല തായ്‌വാനിൽ നിന്ന് ഏകദേശം 70 മൈൽ കിഴക്കായി സ്ഥിതി ചെയ്യുന്ന തെക്കൻ ജാപ്പനീസ് ദ്വീപായ യോനാഗുനിയിലെ ഒരു സൈനിക താവളത്തിൽ വിമാനവിരുദ്ധ മിസൈലുകൾ വിന്യസിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ജപ്പാൻ പിന്തിരിയില്ലെന്ന് മനസിലാക്കിയ ചൈനീസ് പ്രസിഡന്റ് ഷി ജിങ്‌പിങ് ഈ സാഹചര്യത്തെ കുറിച്ച് സംസാരിക്കാനായി ട്രംപിനെ ഫോൺ വിളിച്ചിരുന്നതാണ്. ചൈനയുടെ സിൻഹുവ വാർത്താ ഏജൻസിയുടെ അഭിപ്രായത്തിൽ, തായ്‌വാൻ ചൈനയിലേക്ക് തിരിച്ച് ചേരണമെന്നും അത് ചൈനയെ സംബന്ധിച്ചിടത്തോളം പ്രാധാന്യം ഉള്ളതാണ് എന്നും ഷി ട്രംപിനോട് പറഞ്ഞിരുന്നു. അതിനു ശേഷം തകായിച്ചിയുമായി ഫോണിൽ ചർച്ച നടത്തിയ ട്രംപ് എന്ത് നിലപാടാണ് എടുത്തതെന്ന് വ്യക്തമല്ല. ഷി ജിൻപിങ്ങുമായുള്ള രാത്രിയിലെ ഫോൺ സംഭാഷണത്തെക്കുറിച്ചും യുഎസ്-ചൈന ബന്ധത്തിന്റെ അവസ്ഥയെക്കുറിച്ചും ട്രംപ് തന്നോട് പറഞ്ഞതായി തകായിച്ചി പറഞ്ഞു. ജപ്പാൻ-യുഎസ് സഖ്യത്തെക്കുറിച്ചും ഇന്തോ-പസഫിക് മേഖലയിലെ വികസനങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തു എന്നുമാണ് റിപ്പോർട്ട്. നിലവിൽ തായ്‌വാന്റെ പരമാധികാരത്തെക്കുറിച്ച് അമേരിക്ക ഔദ്യോഗികമായി ഒരു നിലപാടും സ്വീകരിക്കുന്നില്ല. പക്ഷേ ഒരു സംഘർഷാവസ്ഥ ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാകരുതെന്ന് ആണ് അമേരിക്കയുടെ നിലപാട്. അഥവാ സംഘർഷം ഉണ്ടായാൽ യുഎസ് സൈന്യം ഇടപെടുമോ എന്ന കാര്യത്തിൽ ട്രംപ് തന്ത്രപരമായ അവ്യക്തത ഇപ്പോഴും നിലനിർത്തുകയാണ്.
Content Highlights : China- Japan tensions over Taiwan; What's Trump's stand on the ongoing issue ?