

എന്താണ് മത സംഘടനകളുടെ പ്രശ്‌നം? വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമാകുന്നതിനെ വിമര്‍ശിച്ച് കേരളത്തിലെ മിക്കവാറും മത സംഘടനകള്‍ രംഗത്തു വന്നുകൊണ്ടിരിക്കുന്നു. എന്താണ് മുസ്ലിം സംഘടനകള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയോട് ഇത്ര എതിര്‍പ്പ്? സത്യത്തില്‍ മുസ്ലിം പശ്ചാത്തലത്തില്‍ നിന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടി ഉയര്‍ന്ന് വരുന്നതിനെ മുസ്ലിം ലീഗ് ആയിരുന്നില്ലേ ഭയക്കേണ്ടത്? ലീഗിനില്ലാത്ത ഭയം മത സംഘടനകള്‍ക്ക് എന്തു കൊണ്ടാണ്?
വെല്‍ഫെയര്‍പാര്‍ട്ടി, ജമാഅത്തെ ഇസ്ലാമി എന്ന മത സംഘടനയുടെ രാഷ്ട്രീയ രൂപമാണ് എന്നതുകൊണ്ടാണ് മറ്റ് മത സംഘടനകള്‍ അതിനെ എതിര്‍ക്കുന്നത്. ഇന്ത്യയിലെ ഏക പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് സംഘടനയായ ജമാഅത്തെ ഇസ്ലാമി ജനാധിപത്യ മുന്നണിയുടെ ഭാഗമാകുമ്പോള്‍, അത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും എന്നവര്‍ തിരിച്ചറിയുന്നുണ്ടാകണം. കേരളത്തില്‍ ഏതാനും വാര്‍ഡുകളില്‍ ഇസ്ലാമിസ്റ്റുകളുമായി സഖ്യമുണ്ടാക്കിയാല്‍ അതുകൊണ്ട് എന്തുണ്ടാകാനാണെന്ന് ചോദിക്കുന്നവരുണ്ടാകാം. ഒരു ഇസ്ലാമിസ്റ്റ് സംഘടന പോലുമല്ലാത്ത മുസ്ലിം ലീഗ് കോണ്‍ഗ്രസ് ഘടക കക്ഷിയായതിന്റെ പേരില്‍, കോണ്‍ഗ്രസ് കൊടിയ്‌ക്കൊപ്പം ലീഗിന്റെ കൊടി ചേര്‍ത്തു കെട്ടിയത് ചൂണ്ടിക്കാട്ടി ഉത്തരേന്ത്യയില്‍ ബിജെപി ഹിന്ദു ഏകീകരണത്തിന്നായി അതുപയോഗിക്കുന്നത് നമുക്കറിയാം.
നാല് വാര്‍ഡിലെ ഏതാനും വോട്ടിന്ന് മതേതര മുന്നണി വലിയ വിലയാകും നല്‍കേണ്ടി വരിക എന്ന് സമകാലിക ഇന്ത്യയെ കുറിച്ച് സാമാന്യ ധാരണയുള്ള എല്ലാവര്‍ക്കുമറിയാം
എങ്കില്‍ ഇസ്ലാമിക രാഷ്ട്രത്തിന്ന് വേണ്ടി നിലകൊള്ളുന്ന ജമാഅത്തുമായി സഖ്യം ചേര്‍ന്നാല്‍ അത് ബിജെപി ദേശ വ്യാപകമായി പ്രചാരണോപാധിയാക്കും എന്ന കാര്യത്തില്‍ സംശയമില്ല. നാല് വാര്‍ഡിലെ ഏതാനും വോട്ടിന്ന് മതേതര മുന്നണി വലിയ വിലയാകും നല്‍കേണ്ടി വരിക എന്ന് സമകാലിക ഇന്ത്യയെ കുറിച്ച് സാമാന്യ ധാരണയുള്ള എല്ലാവര്‍ക്കുമറിയാം.
ജമാഅത്തെ ഇസ്ലാമിയുമായി അല്ലല്ലോ, വെല്‍ഫയര്‍ പാര്‍ട്ടിയുമായല്ലേ സഖ്യം എന്ന് ചോദിക്കാം. വെല്‍ഫയര്‍ പാര്‍ട്ടിയില്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ അല്ലാത്തവരും ഇല്ലേ എന്ന് വാദിക്കാം. പേരിന് അല്‍പം ആളുകള്‍ അങ്ങനെ ഉണ്ടായെന്നും വരാം. എന്നാല്‍, ജമാഅത്തെ ഇസ്ലാമിക്കാര്‍ വേറെ ഒരു രാഷ്ട്രീയ പാര്‍ട്ടികളിലും ഇല്ല എന്ന വാസ്തവം മറച്ചു വെക്കാനാകില്ല. എന്ന് പറഞ്ഞാല്‍, നാട്ടിലെ ഒരു മതേതര പാര്‍ട്ടിയും അവര്‍ക്ക് സ്വീകാര്യമല്ല. ജമാഅത്ത് അതിന്ന് അനുവദിക്കില്ല.
ജമാഅത്തെ ഇസ്ലാമിയുടെ സിദ്ധാന്ത പ്രകാരം മതവും രാഷ്ട്രീയവും വേര്‍തിരിക്കാനാകില്ല. അവരുടെ കാഴ്ചപ്പാടില്‍ ഒരു മാര്‍ക്‌സിസ്റ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്ന് തുല്യമാണ് ഒരു ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകന്‍ കോണ്‍ഗ്രസിലോ ഇടത് പാര്‍ട്ടികളിലോ ലീഗില്‍ പോലുമോ ചേരുന്നത്. മതേതര- ജനാധിപത്യ അടിത്തറയിലുള്ള ആ സംഘടനകള്‍ ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചയില്‍ വേറെ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല വേറെ 'മത'ങ്ങളുമാണ്. ഒരു മുസ്ലിമിന്ന് ഹിന്ദുവോ കൃസ്ത്യാനിയോ ആകാന്‍ പാടില്ലാത്ത പോലെ ഒരു മുസ്ലിമിന്ന് ഇസ്ലാമല്ലാത്ത രാഷ്ട്രീയ പങ്കാളിത്തവും പാടില്ല എന്നാണ് താത്വികമായി ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നത്. അല്ലെങ്കില്‍ മുക്കാല്‍ നൂറ്റാണ്ടിലേറെയുള്ള ജമാഅത്തിന്റെ ചരിത്രത്തില്‍ ആ സംഘടനയിലെ ഒരു അംഗമെങ്കിലും കോണ്‍ഗ്രസോ ലീഗോ മാര്‍ക്‌സിസ്റ്റോ ആകുമായിരുന്നല്ലോ.

അപ്പോൾ അതാണ് മുസ്ലിം സംഘടനകള്‍ ഉന്നയിക്കുന്ന പ്രശ്‌നം. ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിനുള്ള ഉറപ്പ് മതേതര ജനാധിപത്യം എന്ന രാഷ്ട്രീയ ക്രമം മാത്രമാണ്. മതേതര ജനാധിപത്യത്തെ താത്വികവും പ്രായോഗികമായും അംഗീകരിക്കുന്നവരാണ് കേരളത്തിലെ ജമാഅത്ത് ഒഴികെയുള്ള എല്ലാ മത സംഘടനകളും. എന്നിരിക്കെ ജമാഅത്തിന്ന് മതേതര രാഷ്ട്രീയത്തില്‍ ഇടം നല്‍കുന്നതോടെ അവരുടെ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ സിദ്ധാന്തം കൂടി ലെജിറ്റിമൈസ് ചെയ്യപ്പെടുകയാണ്.
വെല്‍ഫയര്‍ പാര്‍ട്ടിയോ ജമാഅത്തോ യുഡിഎഫിന്റെ കൂടെ കൂടുമ്പോള്‍ മാത്രം പ്രശ്‌നമാക്കുന്നത് എന്തിനാണ് എന്നതാണു അടുത്ത ചോദ്യം. ശരിയാണ്, ഇടതു മുന്നണിയും സിപിഎമ്മും മുമ്പ് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയിട്ടുണ്ട്. ഒളിഞ്ഞും തെളിഞ്ഞും അടവ് നയങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലിം സംഘടനകള്‍ അന്നും അതിനെതിരെ നില കൊണ്ടിട്ടുണ്ട് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുമായുള്ള മുസ്ലിം സംഘടനകളുടെ ആശയ സമരം വെല്‍ഫയര്‍ പാര്‍ട്ടി ഉണ്ടാകുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുന്നേ തുടങ്ങിയതാണ്. അത് തന്നെയാണിപ്പോഴും തുടരുന്നത്.
കേരളത്തിലെ ഒരു ജാതി സംഘടനയോ ഹിന്ദു സമുദായ സംഘടനയോ സംഘപരിവാറിനെതിരെ സമാനമായ ഒരു ആശയ സമരം നടത്തിയിട്ടുണ്ടാകുമോ? ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. ഈ ചോദ്യവും ഈ ഘട്ടത്തില്‍ പ്രസക്തമാണ്.
Content Highlights: The danger posed by UDF accepting Jamaat for votes in four wards