

ബെംഗളൂരു: കര്‍ണാടകയില്‍ അധികാരത്തര്‍ക്കം മുറുകുന്നതിനിടെ സിദ്ധരാമയ്യ-ഡി കെ ശിവകുമാര്‍ കൂടിക്കാഴ്ച്ച നാളെ. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് ചര്‍ച്ച നടക്കുന്നത്. നാളെ രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തും. ഡി കെ ശിവകുമാര്‍ ഇന്ന് രാത്രി നടത്താനിരുന്ന ഡല്‍ഹി യാത്ര മാറ്റി. സംസ്ഥാനത്ത് സമവായം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
സമവായത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു എന്നതിന്റെ സൂചനയാണ് കൂടിക്കാഴ്ച്ച എന്നാണ് കരുതുന്നത്. ഇരു നേതാക്കളും ഡല്‍ഹിയിലേക്ക് പോകാനിരിക്കെ സംസ്ഥാനത്ത് വെച്ച് തന്നെ സമവായത്തിനുള്ള നീക്കം നടത്തുവെന്ന മല്ലികാര്‍ജുന്‍ ഗാര്‍ഖെയുടെയും സോണിയാ ഗാന്ധിയുടെയും വാക്കുകള്‍ക്ക് പിന്നാലെയാണ് കൂടിക്കാഴ്ച്ച.
അതിനിടെ, സമവായത്തിനുള്ള ചര്‍ച്ചകള്‍ നടക്കാനിരിക്കെ ഡി കെ ശിവകുമാര്‍ പൊതു വേദിയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സോണിയ ഗാന്ധി അധികാരത്യാഗം നടത്തിയെന്ന ഡി കെ ശിവകുമാറിന്റെ പ്രതികരണമാണ് ചര്‍ച്ചയായിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി നയിച്ച യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം 2004ല്‍ പ്രധാനമന്ത്രിയാകാനുള്ള അവസരം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ ഉപേക്ഷിച്ചത് ചൂണ്ടിക്കാണിച്ചായിരുന്നു ശിവകുമാറിന്റെ പ്രതികരണം. ബെംഗളൂരുവില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡി കെ ശിവകുമാര്‍. പ്രധാനമന്ത്രി പദം ത്യജിച്ച് സോണിയ ഗാന്ധി പകരം റിസര്‍വ് ബാങ്ക് ഗവര്‍ണറായും പിന്നീട് ധനമന്ത്രിയായും സേവനമനുഷ്ഠിച്ച മികച്ച സാമ്പത്തിക വിദഗ്ദ്ധനായ മന്‍മോഹന്‍ സിങ്ങിനെ ഉയര്‍ത്തിക്കാണിച്ചതും ഡി കെ ശിവകുമാര്‍ അനുസ്മരിച്ചു. പ്രസംഗത്തിനിടെ സിദ്ധരാമയ്യ നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനൊപ്പം എപ്പോഴും തുടരണമെന്നും ഡി കെ ശിവകുമാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 2028ലെ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി ഞങ്ങളെ അനുഗ്രഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ 'വാക്കിന്റെ' പേരില്‍ സിദ്ധരാമ്മയ്യയും ഡി കെ ശിവകുമാറും ഏറ്റുമുട്ടിയിരുന്നു. 'ഒരു വാക്ക് ജനങ്ങള്‍ക്ക് വേണ്ടിയുള്ള ലോകം മെച്ചപ്പെടുത്തുന്നില്ലെങ്കില്‍ അതിന് ശക്തിയില്ലെന്ന' സിദ്ധരാമയ്യയുടെ പ്രതികരണം ഡി കെ ശിവകുമാറിനുള്ള മറുപടിയാണെന്നാണ് വിലയിരുത്തല്‍. നേരത്തെ വാക്കിന്റെ ശക്തി ലോകശക്തിയാണെന്ന് ഡി കെ ശിവകുമാര്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വ്യാജം എന്ന് ഈ പോസ്റ്റിനെ പിന്നീട് ഡി കെ ശിവകുമാര്‍ വിശേഷിപ്പിച്ചിരുന്നു. ഈ പോസ്റ്റിന് പുറമെ ബെംഗളൂരുവില്‍ നടന്ന പരിപാടിയിലും ഡി കെ ശിവകുമാര്‍ സമാനമായ പരാമര്‍ശം നടത്തിയിരുന്നു. 'വാക്കിന്റെ ശക്തി ലോകശക്തിയാണ്. ലോകത്തിലെ ഏറ്റവും വലിയ ശക്തി ഒരാളുടെ വാക്ക് പാലിക്കുക എന്നതാണ്. അത് ജഡ്ജിയായാലും പ്രസിഡന്റായാലും മാറ്റാരായാലും ഞാനായാലും പറഞ്ഞത് ചെയ്യണം' എന്നായിരുന്നു ഡി കെ ശിവകുമാര്‍ പ്രതികരിച്ചത്.
എന്നാല്‍ ഡി കെ ശിവകുമാറിന്റെ പ്രതികരണം തനിക്കെതിരാണെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന നിലയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്ത് വന്നിരുന്നു. 'കര്‍ണാടകയിലെ ജനങ്ങള്‍ നല്‍കിയ ജനവിധി ഒരു നിമിഷത്തേയ്ക്കല്ല, മറിച്ച് അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു ഉത്തരവാദിത്തമാണ്. ഞാന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പാര്‍ട്ടി നമ്മുടെ ജനങ്ങള്‍ക്കുവേണ്ടി അനുകമ്പയോടും സ്ഥിരതയോടും ധൈര്യത്തോടും കൂടി പ്രവര്‍ത്തിക്കുന്നു' എന്ന് പറഞ്ഞു കൊണ്ടാണ് ഇത്തവണയും മുന്‍കാലങ്ങളിലും മുഖ്യമന്ത്രി പദവിയിലിരിക്കുമ്പോള്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ വിശദമാക്കുന്ന പോസ്റ്റ് സിദ്ധരാമയ്യ പങ്കുവെച്ചിരിക്കുന്നത്. കര്‍ണാടകയോടുള്ള ഞങ്ങളുടെ വാക്ക് വെറുമൊരു മുദ്രാവാക്യമല്ല, അത് ഞങ്ങളെ സംബന്ധിച്ച് ലോകം എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ഡിസംബര്‍ 8 ന് കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിക്കുമ്പോഴേക്കും സിദ്ധരാമയ്യ-ഡികെഎസ് തര്‍ക്കം എന്നെന്നേക്കുമായി പരിഹരിക്കണമെന്ന് ഖാര്‍ഗെ രാഹുല്‍ ഗാന്ധിയോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനപ്പെട്ട രണ്ട് നേതാക്കള്‍ ഭിന്നിച്ച് നില്‍ക്കുന്ന സാഹചര്യം നിയമസഭാ സമ്മേളനത്തില്‍ ഗുണം ചെയ്യില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. നേരത്തെ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുകയാണെങ്കില്‍ പുറമെ നിന്ന് പിന്തുണയ്ക്കാമെന്ന മുതിര്‍ന്ന ബിജെപി നേതാവ് സദാനന്ദ ഗൗഡയുടെ പ്രഖ്യാപിച്ചതും അപകട സൂചനയായാണ് കോണ്‍?ഗ്രസ് നേതൃത്വം കാണുന്നത്.
നേരത്തെ സിദ്ധരാമയ്യയ്ക്കും ഡി കെ ശിവകുമാറിനും ഇടയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുമെന്ന സൂചനകളുണ്ടായിരുന്നു. ഇരു നേതാക്കളെയും ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2023ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് പിന്നാലെ ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യയുടെ പിന്നീട് ഡി കെ ശിവകുമാറും മുഖ്യമന്ത്രിമാരാകുമെന്ന് കരാറുണ്ടായിരുന്നു എന്നാണ് ഡി കെ ശിവകുമാറിന്റെ നിലപാട്. എന്നാല്‍ അങ്ങനെയൊരു കരാറില്ല, അഞ്ച് വര്‍ഷവും ഭരിക്കുമെന്ന നിലപാടിലാണ് സിദ്ധരാമയ്യ. ഇതിനിടെ മുഖ്യമന്ത്രി പദവിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന നിലപാടിലാണ് നിലവില്‍ സിദ്ധരാമയ്യ എന്നാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട്.
Content Highlight; Siddaramaiah-DK Shivakumar meeting tomorrow as power struggle intensifies in Karnataka