

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള സിദ്ധരാമയ്യ-ഡി കെ ശിവകുമാർ തർക്കം മുറുകുന്നതിനിടെ തീരുമാനമെടുക്കാതെ കുഴങ്ങുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം. തർക്കം പരിഹരിക്കുന്നതിനായി രണ്ട് നേതാക്കളോടും കൂടിക്കാഴ്ച നടത്താൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പദത്തിനായുള്ള ഇരുനേതാക്കളുടെയും തർത്തിനിടെ ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഒരു വിഭാഗം ഉയർത്തുന്നുണ്ട്. ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് തുംകൂറിൽ പ്രകടനം നടന്നു. ദളിത് വിഭാഗത്തിൽ നിന്നുള്ള ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മുഖ്യമന്ത്രിയാകണമെന്ന ആവശ്യം ഡി കെ ശിവകുമാർ കടുപ്പിച്ചാൽ സിദ്ധരാമയ്യ വിഭാഗം പരമേശ്വരയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
മുഖ്യമന്ത്രിയെ മാറ്റുന്നത് കോൺഗ്രസിൻ്റെ വോട്ട് ബാങ്കിനെ ദോഷകരമായി ബാധിക്കരുതെന്ന നിർദ്ദേശം രാഹുൽ ഗാന്ധി മുന്നോട്ട് വെച്ചിട്ടുണ്ട്. പാർട്ടിയിലും സർക്കാരിലും വിവിധ ജാതി വിഭാഗങ്ങൾക്ക് തൃപ്തികരമായ പ്രാധിനിത്യം നൽകാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മാറ്റം ഉണ്ടായാൽ അതിന് തിരിച്ചടി ഉണ്ടാകരുതെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. നിലവിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ജി പരമേശ്വരയുടെ പേര് കൂടി ഉയർന്ന് വരുമ്പോൾ ഹൈക്കമാൻഡും പ്രത്യേകിച്ച് മല്ലികാർജ്ജുൻ ഖർഗെയും എന്ത് നിലപാട് സ്വീകരിക്കുമെന്നതും പ്രധാനമാണ്.
സംസ്ഥാനത്തെ ഏറ്റവും നിർണായക വോട്ട് ബാങ്കായ 'അഹിന്ദ' വിഭാഗത്തിന്റെ ശക്തനായ നേതാവാണ് സിദ്ധരാമയ്യ. കർണാടകയിൽ കോൺഗ്രസിൻ്റെ സാമൂഹ്യനീതിയുടെ കൂടി മുഖമാണ് പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള സിദ്ധരാമയ്യ. അതിനാൽ സിദ്ധരാമയ്യയെ മാറ്റി പ്രബലവിഭാഗമായ വൊക്കലിഗ വിഭാഗത്തെ തൃപ്തിപ്പെടുത്താൻ കോൺഗ്രസിന് പരിമിതികളുണ്ട്. ന്യൂനപക്ഷങ്ങൾ,പിന്നാക്ക വിഭാഗങ്ങൾ, ദളിതർ എന്നിവരടങ്ങുന്ന അഹിന്ദ വോട്ട് ബാങ്കിൻ്റെ കരുത്ത് നന്നായി അറിയുന്ന ആളാണ് കോൺഗ്രസിൻ്റെ അഖിലേന്ത്യ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ.
ഇതിനിടെ വൊക്കലിഗ വിഭാഗത്തിൽ നിന്നുള്ള മതനേതാക്കൾ ഡി കെ ശിവകുമാറിനെ കണ്ട് നേതൃമാറ്റം ആവശ്യപ്പെടണമെന്ന് നിർദ്ദേശിച്ചിരുന്നു. രണ്ടര വർഷം മുമ്പ് കോൺഗ്രസിൻ്റെ ഉന്നത നേതാക്കൾ അധികാരം പങ്കിടുന്നതിനായി മുന്നോട്ട് വെച്ച ഉപാധികളെക്കുറിച്ചും വൊക്കലിഗ നേതാക്കൾ ഡി കെ ശിവകുമാറിനോട് ഓർമ്മിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് വിജയത്തിനായി ഡി കെ ശിവകുമാർ അത്യധ്വാനം ചെയ്തത് ചൂണ്ടിക്കാണിച്ച മതനേതാക്കൾ ഉന്നതി പദവിക്ക് ശിവകുമാർ അർഹനാണെന്നും വ്യക്തമാക്കി.
ഇതിനിടെ കർണാടകയിൽ അധികാരത്തർക്കം മുറുകുന്നതിനിടെ സിദ്ധരാമയ്യ-ഡി കെ ശിവകുമാർ കൂടിക്കാഴ്ച നാളെ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഹൈക്കമാൻഡ് നിർദേശപ്രകാരമാണ് ചർച്ച നടക്കുന്നത്. നാളെ രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച് കൂടിക്കാഴ്ച്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഡി കെ ശിവകുമാർ ഇന്ന് രാത്രി നടത്താനിരുന്ന ഡൽഹി യാത്ര മാറ്റിയിട്ടുണ്ട്. സംസ്ഥാനത്ത് സമവായം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
നേരത്തെ ഡിസംബർ 8 ന് കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിക്കുമ്പോഴേക്കും സിദ്ധരാമയ്യ-ഡികെഎസ് തർക്കം എന്നെന്നേക്കുമായി പരിഹരിക്കണമെന്ന് ഖാർഗെ രാഹുൽ ഗാന്ധിയോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രധാനപ്പെട്ട രണ്ട് നേതാക്കൾ ഭിന്നിച്ച് നിൽക്കുന്ന സാഹചര്യം നിയമസഭാ സമ്മേളനത്തിൽ ഗുണം ചെയ്യില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. നേരത്തെ ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുകയാണെങ്കിൽ പുറമെ നിന്ന് പിന്തുണയ്ക്കാമെന്ന മുതിർന്ന ബിജെപി നേതാവ് സദാനന്ദ ഗൗഡയുടെ പ്രഖ്യാപിച്ചതും അപകട സൂചനയായാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്.
Content Highlights: Demand for Dalit Chief Minister amid Siddaramaiah-D K Shivakumar dispute Demonstration for G Parameshwara