

അബുദബി: സുരക്ഷിതവും വിശ്വസ്തവും അല്ലാത്ത ചാർജിങ് പോർട്ടുകളെ കുറിച്ച് യാത്രികർക്ക് മുന്നറിയിപ്പ് നൽകി UAE സൈബർ സെക്യൂരിറ്റി കൗൺസിൽ. 79 ശതമാനം യാത്രികരും അജ്ഞത മൂലം സുരക്ഷിതമല്ലാത്ത പബ്ലിക്ക് സ്റ്റേഷനുകളിൽ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നത് വ്യക്തിപരമായ വിവരങ്ങൾ ചോരുന്നതിന് ഇടയാക്കുന്നുണ്ടെന്ന് കൗൺസിലിനെ ഉദ്ധരിച്ച് ANI റിപ്പോർട്ട് ചെയ്യുന്നു.
ജ്യൂസ് ജാക്കിങ് അറ്റാക്ക് എന്നാണ് ഈ രീതിയെ വിളിക്കുന്നത്. സൈബർ ആക്രമണങ്ങളിലൊന്നായ ഈ രീതി വഴി യുഎസ്ബി പോർട്ട്‌സ് അല്ലെങ്കിൽ ചാർജിങ് സ്റ്റേഷനുകളിലെ പോർട്ടുകൾ ഉപയോഗിച്ച് ഹാക്കർമാർ വിവരങ്ങൾ മോഷ്ടിക്കും അല്ലെങ്കിൽ മാൽവെയറുകൾ ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്യും. പിന്നാലെ പാസ്‌വേർഡ്, ഇമെയിൽ എന്നിവ കൈക്കലാക്കും. സുരക്ഷിതമല്ലാത്ത ചാർജിങ് പോർട്ടുകളാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അതിനുള്ളില്‍ സജ്ജീകരിച്ചിരിക്കുന്ന അനധികൃത സോഫ്റ്റ്‌വെയര്‍ അല്ലെങ്കിൽ മറഞ്ഞിരിക്കുന്ന ചില സജ്ജീകരണങ്ങൾ ഉപയോഗിച്ച് വ്യക്തിപരമായ വിവരങ്ങൾ ചോർത്തും. ഉപകരണം കണക്ട് ചെയ്യുമ്പോൾ തന്ന ഇത് പ്രവർത്തനക്ഷമമാവുകയും ചെയ്യുമെന്ന് കൗൺസിൽ വിശദീകരിക്കുന്നു.
സുരക്ഷാ ക്രമീകരണങ്ങൾ ഒഴിവാക്കി ഇത്തരം ചാർജിങ് പോർട്ടുകൾ ഉപയോഗിച്ചാൽ ഉപയോക്താവിന്റെ അനുമതിയില്ലാതെ പല സോഫ്റ്റ്‌വെയറുകളും മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടാമെന്നും സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. 68 ശതമാനത്തോളം കമ്പനികൾ ഇത്തരം ആക്രമണങ്ങൾക്ക് വിധേയരായിട്ടുണ്ടെന്നും കൗൺസിൽ വ്യക്തമാക്കുന്നു.
നിങ്ങളുടെ ഉപകരണങ്ങള്‍ ഇത്തരം സൈബർ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കില്‍ അത് മനസിലാക്കാൻ ചില ലക്ഷണങ്ങളിലൂടെ കഴിയും. പെട്ടെന്ന് ബാറ്ററി ചാർജ് കുറയുക, ആപ്പുകളുടെ പ്രകടനം മന്ദഗതിയിലാകുക, സിസ്റ്റം ക്രാഷ് ആവർത്തിക്കുക, അജ്ഞാതമായ ചിഹ്നങ്ങളും മെസേജുകളും ഉപകരണങ്ങളിൽ പ്രത്യക്ഷപ്പെടുക എന്നിവയാണ് അതിൽ ചിലത്.
യാത്ര ചെയ്യുമ്പോൾ കൈയിൽ ചാർജർ കരുതുക, പൊതു ചാർജിങ് സ്റ്റേഷനുകളെ ആശ്രയിക്കുന്നത് ഒഴിവാക്കുക, ചാർജ് ചെയ്യുന്നതിനിടയിൽ അനാവശ്യമായ ഡാറ്റാ ട്രാൻസ്ഫർ റിക്വസ്റ്റുകൾ നിരാകരിക്കുക തുടങ്ങിയ ജാഗ്രതാ നിർദേശങ്ങളും കൗൺസിൽ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതിനൊപ്പം ടു - ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യുക, ബയോമെട്രിക്ക് ഫീച്ചേഴ്‌സായ ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേഷ്യൽ റികഗ്നിഷൻ എന്നിവ ലോഗിൻ ചെയ്യാൻ സജ്ജീകരിക്കുക, ഫോട്ടോസ്, മെസേജുകൾ, കോൺടാക്ടുകൾ എന്നിവയ്ക്ക് അനാവശ്യമായ അക്‌സസ് നൽകാതിരിക്കുക എന്നിവയും ശ്രദ്ധിക്കണം.
ഇവയ്ക്ക് പുറമേ നിങ്ങൾ സ്വന്തം ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകള്‍ സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്തണം. ചില ആപ്ലിക്കേഷനുകളിലെ അനാവശ്യമായ സോഫ്റ്റ്‌വെയറുകൾ ഹാക്കർമാർക്ക് വ്യക്തിപരമായ വിവരങ്ങൾ ചോർത്താൻ സഹായകരമാകും, അല്ലെങ്കിൽ നിങ്ങളെ അവരുടെ ചാരക്കണ്ണുകൾ പിന്തുടരുന്നുണ്ടാവും. ഇതിലൂടെ നിങ്ങളുടെ ബാങ്ക് കാർഡുകൾ, ഓൺലൈൻ അക്കൗണ്ട് വിവരങ്ങൾ എന്നിവ കൈക്കലാക്കി സാമ്പത്തിക തട്ടിപ്പിലേക്ക് വരെ നയിച്ചോക്കാമെന്നും UAE സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. സൈബർ ഭീഷണിയെ നേരിടാൻ നിലവിൽ സൈബർ സെക്യൂരിറ്റി കൗൺസിൽ ആഴ്ചകളിൽ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
Content Highlights: UAE cyber security council warns about unsafe charging ports