

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള സിദ്ധരാമയ്യ-ഡി കെ ശിവകുമാർ തർക്കം മുറുകുന്നതിനിടെ ഇരുനേതാക്കളും തമ്മിലുള്ള പരോക്ഷ വാക്പോരാട്ടങ്ങളും നേതൃത്വത്തിന് തലവേദനയാകുന്നു. ഏറ്റവും ഒടുവിൽ സോണിയ ഗാന്ധി അധികാരത്യാഗം നടത്തിയെന്ന ഡി കെ ശിവകുമാറിൻ്റെ പ്രതികരണമാണ് ചർച്ചയായിരിക്കുന്നത്. കോൺഗ്രസ് പാർട്ടി നയിച്ച യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം 2004ൽ പ്രധാനമന്ത്രിയാകാനുള്ള അവസരം മുൻ കോൺഗ്രസ് അധ്യക്ഷ ഉപേക്ഷിച്ചത് ചൂണ്ടിക്കാണിച്ചായിരുന്നു ശിവകുമാറിൻ്റെ പ്രതികരണം. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡി കെ ശിവകുമാർ. പ്രധാനമന്ത്രി പദം ത്യജിച്ച് സോണിയ ഗാന്ധി പകരം റിസർവ് ബാങ്ക് ഗവർണറായും പിന്നീട് ധനമന്ത്രിയായും സേവനമനുഷ്ഠിച്ച മികച്ച സാമ്പത്തിക വിദഗ്ദ്ധനായ മൻമോഹൻ സിങ്ങിനെ ഉയർത്തിക്കാണിച്ചതും ഡി കെ ശിവകുമാർ അനുസ്മരിച്ചു.
പ്രസംഗത്തിനിടെ സിദ്ധരാമയ്യ നയിക്കുന്ന കോൺഗ്രസ് സർക്കാരിനൊപ്പം എപ്പോഴും തുടരണമെന്നും ഡി കെ ശിവകുമാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. 2028ലെ തെരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി ഞങ്ങളെ അനുഗ്രഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ 'വാക്കിൻ്റെ' പേരിൽ സിദ്ധരാമ്മയ്യയും ഡി കെ ശിവകുമാറും ഏറ്റുമുട്ടിയിരുന്നു. 'ഒരു വാക്ക് ജനങ്ങൾക്ക് വേണ്ടിയുള്ള ലോകം മെച്ചപ്പെടുത്തുന്നില്ലെങ്കിൽ അതിന് ശക്തിയില്ലെന്ന' സിദ്ധരാമയ്യയുടെ പ്രതികരണം ഡി കെ ശിവകുമാറിനുള്ള മറുപടിയാണെന്നാണ് വിലയിരുത്തൽ. നേരത്തെ വാക്കിൻ്റെ ശക്തി ലോകശക്തിയാണെന്ന് ഡി കെ ശിവകുമാർ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ വ്യാജം എന്ന് ഈ പോസ്റ്റിനെ പിന്നീട് ഡി കെ ശിവകുമാർ വിശേഷിപ്പിച്ചിരുന്നു. ഈ പോസ്റ്റിന് പുറമെ ബെംഗളൂരുവിൽ നടന്ന പരിപാടിയിലും ഡി കെ ശിവകുമാർ സമാനമായ പരാമർശം നടത്തിയിരുന്നു. 'വാക്കിൻ്റെ ശക്തി ലോകശക്തിയാണ്. ലോകത്തിലെ ഏറ്റവും വലിയ ശക്തി ഒരാളുടെ വാക്ക് പാലിക്കുക എന്നതാണ്. അത് ജഡ്ജിയായാലും പ്രസിഡൻ്റായാലും മാറ്റാരായാലും ഞാനായാലും പറഞ്ഞത് ചെയ്യണം' എന്നായിരുന്നു ഡി കെ ശിവകുമാർ പ്രതികരിച്ചത്.
എന്നാൽ ഡി കെ ശിവകുമാറിൻ്റെ പ്രതികരണം തനിക്കെതിരാണെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന നിലയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്ത് വന്നിരുന്നു. 'കർണാടകയിലെ ജനങ്ങൾ നൽകിയ ജനവിധി ഒരു നിമിഷത്തേയ്ക്കല്ല, മറിച്ച് അഞ്ച് വർഷം നീണ്ടുനിൽക്കുന്ന ഒരു ഉത്തരവാദിത്തമാണ്. ഞാൻ ഉൾപ്പെടെയുള്ള കോൺഗ്രസ് പാർട്ടി നമ്മുടെ ജനങ്ങൾക്കുവേണ്ടി അനുകമ്പയോടും സ്ഥിരതയോടും ധൈര്യത്തോടും കൂടി പ്രവർത്തിക്കുന്നു' എന്ന് പറഞ്ഞു കൊണ്ടാണ് ഇത്തവണയും മുൻകാലങ്ങളിലും മുഖ്യമന്ത്രി പദവിയിലിരിക്കുമ്പോൾ ഉണ്ടാക്കിയ നേട്ടങ്ങൾ വിശദമാക്കുന്ന പോസ്റ്റ് സിദ്ധരാമയ്യ പങ്കുവെച്ചിരിക്കുന്നത്. കർണാടകയോടുള്ള ഞങ്ങളുടെ വാക്ക് വെറുമൊരു മുദ്രാവാക്യമല്ല, അത് ഞങ്ങളെ സംബന്ധിച്ച് ലോകം എന്നാണ് അർത്ഥമാക്കുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ഡിസംബർ 8 ന് കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിക്കുമ്പോഴേക്കും സിദ്ധരാമയ്യ-ഡികെഎസ് തർക്കം എന്നെന്നേക്കുമായി പരിഹരിക്കണമെന്ന് ഖാർഗെ രാഹുൽ ഗാന്ധിയോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. പ്രധാനപ്പെട്ട രണ്ട് നേതാക്കൾ ഭിന്നിച്ച് നിൽക്കുന്ന സാഹചര്യം നിയമസഭാ സമ്മേളനത്തിൽ ഗുണം ചെയ്യില്ലെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ വിലയിരുത്തൽ. നേരത്തെ ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുകയാണെങ്കിൽ പുറമെ നിന്ന് പിന്തുണയ്ക്കാമെന്ന മുതിർന്ന ബിജെപി നേതാവ് സദാനന്ദ ഗൗഡയുടെ പ്രഖ്യാപിച്ചതും അപകട സൂചനയായാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്.
നേരത്തെ സിദ്ധരാമയ്യയ്ക്കും ഡി കെ ശിവകുമാറിനും ഇടയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെടുമെന്ന സൂചനകളുണ്ടായിരുന്നു. ഇരു നേതാക്കളെയും ഹൈക്കമാൻഡ് ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 2023ൽ കോൺഗ്രസ് അധികാരത്തിൽ വന്നതിന് പിന്നാലെ ആദ്യ രണ്ടര വർഷം സിദ്ധരാമയ്യയുടെ പിന്നീട് ഡി കെ ശിവകുമാറും മുഖ്യമന്ത്രിമാരാകുമെന്ന് കരാറുണ്ടായിരുന്നു എന്നാണ് ഡി കെ ശിവകുമാറിൻ്റെ നിലപാട്. എന്നാൽ അങ്ങനെയൊരു കരാറില്ല, അഞ്ച് വർഷവും ഭരിക്കുമെന്ന നിലപാടിലാണ് സിദ്ധരാമയ്യ. ഇതിനിടെ മുഖ്യമന്ത്രി പദവിയിൽ മൂന്ന് വർഷം പൂർത്തിയാക്കാൻ അനുവദിക്കണമെന്ന നിലപാടിലാണ് നിലവിൽ സിദ്ധരാമയ്യ എന്നാണ് ഏറ്റവും ഒടുവിലെ റിപ്പോർട്ട്.
Content Highlight: Sonia Gandhi relinquishes power DK Shivakumar responds amid row over Karnataka Chief Minister post