'കേരളത്തിലെ നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോയേ തീരൂ': കര്‍ശന നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കെപിസിസി അധ്യക്ഷനെതിരെയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ വി ഡി സതീശനെതിരെയും എഐസിസി യോഗത്തില്‍ പരാതി ഉന്നയിച്ചതായാണ് വിവരം

'കേരളത്തിലെ നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോയേ തീരൂ': കര്‍ശന നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി
dot image

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി. കേരളത്തിലെ നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോയേ തീരു എന്ന് രാഹുല്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കെപിസിസി അധ്യക്ഷനെതിരെയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ വി ഡി സതീശനെതിരെയും എഐസിസി യോഗത്തില്‍ പരാതി ഉന്നയിച്ചതായാണ് വിവരം. കെപിസിസി അധ്യക്ഷന്‍ കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നാണ് വി ഡി സതീശന്‍ പരാതി പറഞ്ഞത്. നിസഹകരണം പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് ശ്രമിച്ചിട്ടും വഴങ്ങിയില്ലെന്നാണ് ആരോപണം.

ശനിയാഴ്ച്ച സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് ഔദ്യോഗികമായി തുടക്കമിടാനിരിക്കുകയാണ്. രണ്ട് നിര്‍ണായക തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എഐസിസിസി അടിയന്തര യോഗം വിളിച്ചത്. ഭാരവാഹി പട്ടികയില്‍ അതൃപ്തി പരസ്യമാക്കിയ നേതാക്കളെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രത്യേകം കണ്ടു.

കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരനും ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചിരുന്നു. അതൃപ്തി മുഖത്തുനോക്കി പറഞ്ഞെന്നും നേതാക്കന്മാരാണ് പാർട്ടിയിൽ അനൈക്യമുണ്ടാക്കുന്നവർ എന്നുമാണ് കെ സുധാകരൻ പറഞ്ഞത്. 'അനൈക്യം ഉണ്ടാക്കുന്നത് നിർത്തിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ വിജയിച്ചുവരാം. അല്ലെങ്കിൽ വെളളത്തിലാകും. അനുകൂല നടപടികൾ പ്രതീക്ഷിക്കുന്നു': എന്നാണ് കെ സുധാകരൻ പറഞ്ഞത്.

തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ഏകോപിപ്പിച്ച് മുന്നോട്ടു പോകണം എന്നാണ് ഇന്നത്തെ ചര്‍ച്ചകളില്‍ ഉണ്ടായ നിർദേശമെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു മുരളീധരന്റെ പ്രതികരണം. രാഹുല്‍ ഗാന്ധി, ഖര്‍ഗെ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച ദീര്‍ഘനേരം നീണ്ടു നിന്നു. ഉണ്ടായത് പോസറ്റീവ് ചര്‍ച്ചകളാണ്. ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നു. നേതാക്കളുടെ അഭിപ്രായങ്ങള്‍ അറിയിച്ചു. പ്രശ്‌നപരിഹാരങ്ങള്‍ രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും അറിയിച്ചുവെന്നും കെ മുരളീധരന്‍ പറഞ്ഞു.

Content Highlights: 'Kerala's leaders must move forward together': Rahul Gandhi issues strict directive

dot image
To advertise here,contact us
dot image