

ബെൽചി മൊമൻ്റ്. സ്റ്റീരിയോടൈപ്പുകളെ ഉടച്ചുവാർത്തുകൊണ്ട്, ഇന്ത്യൻ രാഷ്ട്രീയത്തിൽ അരങ്ങേറുന്ന പല സംഭവവികാസങ്ങളെയും നമ്മൾ ഇങ്ങനെ വിളിച്ചുപോരാറുണ്ട്. അവ യാത്രകളോ, പ്രധാനപ്പെട്ട സന്ദർശനങ്ങളോ അങ്ങനെ എന്തുമാകട്ടെ. വോട്ടുചോരി വെളിപ്പെടുത്തലുകൾക്ക് പിന്നാലെ വോട്ട് അധികാർ യാത്രയുമായി രാഹുൽഗാന്ധി ബിഹാറിൽ കളം നിറഞ്ഞപ്പോൾ മാധ്യമങ്ങൾ അവയെ വിശേഷിപ്പിച്ചത് രാഹുലിന്റെ ബെൽചി മൊമെന്റ് എന്നായിരുന്നു. യാദൃശ്ചികമോ സാന്ദർഭികമോ ആകട്ടെ, ബെൽചി മൊമൻ്റ് എന്ന വാക്ക് ഉടലെടുക്കാൻ ഇടയായ സംഭവം നടന്നതും ബിഹാറിലാണ്. അതിന് കാരണക്കാരിയായത് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധിയും.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവ വികാസങ്ങളുടെ പട്ടിക പരിശോധിച്ചാൽ ബെൽചി മൊമൻ്റ് ഇന്ദിരാ ഗാന്ധിക്കും കോൺഗ്രസിനും എത്രമാത്രം പ്രധാനമായിരുന്നു എന്ന് കാണാൻ കഴിയും. രാഷ്ട്രീയ വിസ്മൃതിയിലേയ്ക്ക് പോകുന്നുവെന്ന് വിലയിരുത്തപ്പെട്ട ഘട്ടത്തിൽ ഇന്ദിരയെന്ന ഉരുക്ക് വനിതയുടെ ഉയിർത്തെഴുന്നേൽപ്പിന് ബെൽചി ഒരു നിയോഗമാകുകയായിരുന്നു. അതിനാൽ തന്നെ ഇന്ദിര നടത്തിയ ബെൽചി യാത്ര ബിഹാർ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഒരു പാഠപുസ്തകം പോലെ മറിച്ച് നോക്കാവുന്നതാണ്.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാടകീയമായ തിരിച്ചുവരവുകളിൽ ഒന്നിൻ്റെ കഥയാണ് ബെൽചി ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതി ചേർക്കപ്പെട്ടിരിക്കുന്നത്. ബിഹാറിലെ ബെൽചി ഗ്രാമത്തിൽ നിന്നുള്ള ഇന്ദിര ഗാന്ധിയുടെ ഉയിർത്തെഴുന്നേൽപ്പിൻ്റെ കഥ ഇങ്ങനെയാണ്.
1977 മെയ് 27നാണ് ബിഹാറിലെ ബെൽചിയിൽ രാജ്യത്തെയാകെ ഞെട്ടിച്ച ആ കൂട്ടക്കൊല നടന്നത്. ജാതിയും മതവും അതിന്റെ ഏറ്റവും ആഴത്തിൽ വേരൂന്നിയിരുന്ന ഇന്ത്യൻ സമൂഹത്തിൽ, ബെൽചി ഉണ്ടാക്കിയ മുറിപ്പാട് അത്ര ചെറുതായിരുന്നില്ല. ദളിതരുൾപ്പെടെയുള്ള 11 പേരെയാണ് മേൽജാതിക്കാർ കൈകൾ കെട്ടിയിട്ട് വെടിവെച്ചുകൊന്നത്. അതിന് ശേഷം അവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ കത്തിക്കുകയും ചെയ്തു.
ബെൽചി കൂട്ടക്കൊല നടക്കുന്ന സമയം തന്റെ രാഷ്ട്രീയ ജീവിതത്തിലെത്തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൂടെ കടന്നുപോകുകയായിരുന്നു ഇന്ദിര ഗാന്ധി. അടിയന്തിരാവസ്ഥ ഇന്ദിരയുടെ എല്ലാ രാഷ്ട്രീയ-അധികാര പ്രിവിലേജുകളെയും തട്ടിയെടുത്ത് കഴിഞ്ഞിരുന്നു. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ നടന്ന പൊതുതിരഞ്ഞെടുപ്പിലെ കനത്ത തോൽവി ഇന്ദിരയുടെയും മകൻ സഞ്ജയ്‌യുടെയും മനസമാധാനം കെടുത്തിയിരുന്ന സമയം. എല്ലാം തത്കാലത്തേക്ക് മതിയാക്കി ഒരു ചെറിയ ഇടവേളയെടുക്കാമെന്ന് ഇന്ദിര മനസ്സിൽ കരുതിയപ്പോഴാണ് ബെൽചിയിൽ നിന്ന് ഏവരെയും ഞെട്ടിച്ച ഈ വാർത്ത പുറത്തുവരുന്നത്. ഇനിയൊരു രാഷ്ട്രീയ തിരിച്ച് വരവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ അടക്കം വിധിയെഴുതപ്പെട്ടിടത്ത് നിന്നും ഇന്ദിരയുടെ തിരിച്ചുവരവിന് അങ്ങനെ ബെൽചി ഒരു നിയോഗമായി.

ഓഗസ്റ്റ് 11നാണ് ബിഹാർ കോൺഗ്രസ് ആസ്ഥാനത്തേയ്ക്ക് ആ ഫോൺ കോൾ വരുന്നത്. ബിഹാർ കോൺഗ്രസ് അധ്യക്ഷനായ കേദാർ പാണ്ഡേയോട് താൻ ബിഹാറിലേക്ക് വരുന്നു എന്നും വേണ്ട തയ്യാറെടുപ്പുകൾ നടത്താനും ഇന്ദിര ആവശ്യപ്പെടുകയായിരുന്നു. ഇന്ദിര വരുന്നു എന്ന വാർത്ത കാട്ടുതീ പോലെ പരന്നു. മാസങ്ങൾക്ക് മുമ്പ് മാത്രം നടന്ന പൊതുതിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടിയെ അപ്പാടെ കൈവിട്ട ഒരു സംസ്ഥാനത്തേക്ക് ഇന്ദിര ഒരു പ്രധാനപ്പെട്ട ലക്ഷ്യവുമായി കടന്നുവരികയാണ്.
ഓഗസ്റ്റ് 13നാണ് ഇന്ദിര പട്നയിൽ വിമാനം ഇറങ്ങിയത്. തുടർന്ന് ബെൽചിയിലേക്ക്. വഴിയരികിലെല്ലാം ഇന്ദിരയെ കാണാൻ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. ചാംപാപുർ, ബിഹാർഷരിഫ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇന്ദിരയ്ക്ക് വേണ്ടി ജയ് വിളിച്ചുകൊണ്ട്, കയ്യിൽ പൂക്കളും മാലകളുമായി ജനങ്ങൾ കാത്തുനിന്നു. മേൽ ജാതിക്കാരുടെ പലതരം ആക്രമണങ്ങളിൽ വശംകെട്ട തങ്ങളെ ഇന്ദിരാജി രക്ഷിക്കുമെന്നായിരുന്നു അവരുടെയെല്ലാം വിശ്വാസം. ഓർക്കണം, അടിയന്തരാവസ്ഥക്കെതിരായി ഏറ്റവും ശക്തമായ രാഷ്ട്രീയ വികാരം രൂപപ്പെട്ട സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു ബിഹാർ. എന്നാൽ അതേ ബിഹാറിൽ അടിയന്തരാവസ്ഥയുടെ ഓർമ്മകൾ മായുന്നതിന് മുമ്പ് ഇന്ദിരയ്ക്ക് ലഭിച്ചത് വൻ വരവേൽപ്പ്. ഇന്ത്യ രാഷ്ട്രീയ വൈരുദ്ധ്യകളുടെ ഒരു നാട് കൂടിയാകുന്നത് ഇങ്ങനെയെന്ന് കൂടിയാണ് അന്ന് ബോധ്യപ്പെട്ടത്.

ഇതിനിടയ്ക്ക് ഏതോ കോണിൽ നിന്ന് ഒരു വാർത്ത പരന്നു. ഇന്ദിര ബെൽചിയിലേക്ക് പോയേക്കില്ല. കനത്ത മഴയും ദുർഘടമായ കാലാവസ്ഥയും മൂലം ബെൽചി എന്ന ഗ്രാമം ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു. പക്ഷേ ഒരു ദുർഘടാവസ്ഥയും ഇന്ദിരയെ തളർത്തിയില്ല. മുന്നോട്ടുവെച്ച കാൽ ഒരടി പോലും പിന്നോട്ട് വയ്ക്കാൻ ഇന്ദിര തയ്യാറായതുമില്ല. ബിഹാർഷരീഫിനും ബെൽചിക്കും ഇടയിലെ ഹർനൗത്ത് എന്ന കൊച്ചു ഗ്രാമം സന്ദർശിച്ച ശേഷം ഇന്ദിര ബെൽചിയിലേക്ക് യാത്ര തുടർന്നു.
15 കിലോമീറ്ററോളം യാത്ര ചെയ്തു വേണം ബെൽചിയിലെത്താൻ. പക്ഷേ കനത്ത മഴയിൽ പുഴകളെല്ലാം കരകവിയുകയും ആകെയുള്ള മൺപാതകൾ ചെളി നിറയുകയും ചെയ്തത് ഇന്ദിരയുടെ യാത്രയ്ക്ക് തിരിച്ചടിയായി. വഴിനീളെ കുഴികൾ രൂപപ്പെട്ട് യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യം വന്നതോടെ ഇന്ദിരയ്ക്കും സംഘത്തിനും മറ്റ് വഴികൾ തേടേണ്ടിവന്നു. ഒടുവിൽ ഒരു ട്രാക്ടറിൽ കെട്ടിവലിക്കപ്പെട്ട ഒരു ജീപ്പിൽ ഇന്ദിര ബെൽചിയിലേക്ക് യാത്ര തുടർന്നു. എന്നാൽ അവിടെയും പ്രതിസന്ധി. കുറച്ച് ദൂരം പിന്നിട്ടതോടെ അവ ചെളിയിൽ താഴ്ന്നു.
ഇന്ദിര അപ്പോഴും പിൻവാങ്ങിയില്ല. അവർ നടക്കാൻ തീരുമാനിച്ചു. ഇന്ദിരയുടെ ഒപ്പമുണ്ടായിരുന്നവർ അത്ഭുതത്തോടെയും ആശ്ചര്യത്തോടെയുമാണ് ഇതിനെയെല്ലാം വീക്ഷിച്ചത്. തടസ്സങ്ങളെയൊന്നും വകവയ്ക്കാതെ കിലോമീറ്ററുകളോളം ഇന്ദിര അങ്ങനെ നടന്നു. അപ്പോഴാണ് ഒരു പ്രദേശവാസി ഇനി നടക്കുന്നത് അപകടമെന്നും ആനപ്പുറത്ത് പോകാമെന്നും ഇന്ദിരയോട് പറഞ്ഞത്.
ഇന്ദിരയുടെ ഒപ്പമുണ്ടായിരുന്നവർ ആശ്ചര്യപ്പെട്ടു. ' ഇന്ദിരാ ദീ, നിങ്ങൾ എങ്ങനെയാണ് ആനപ്പുറത്ത് കയറുക' എന്ന് അവരെല്ലാം ചോദിച്ചപ്പോൾ ഇന്ദിരയുടെ മറുപടി ഇങ്ങനെയായിരുന്നു. 'അതിനെന്താ കയറാമല്ലോ. അല്ലെങ്കിലും കുറച്ചധികം നാളുകളായി ഞാൻ ആനപ്പുറത്ത് കയറിയിട്ട്' . വളരെ സരസമായാണ് ഇന്ദിര ഇങ്ങനെ പറഞ്ഞത്. 60 വയസ്സുകാരിയുടെ ഒരു പരിഭ്രമമോ ആശങ്കയോ ഇല്ലാതെ, ചിരിച്ചുകൊണ്ട്…
മോത്തി എന്ന് പേരുള്ള ഒരാനയുടെ പുറത്തായിരുന്നു ഇന്ദിരയുടെ പിന്നീടുള്ള യാത്ര. ആനപ്പുറത്ത് കയറിയതും ഇന്ദിരയോടൊപ്പം ഉണ്ടായിരുന്ന ഒരു സംഘംഗം തൊണ്ടപൊട്ടുമാറ് അലറിവിളിച്ചു, Long Live Indira ! ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇനി ഇന്ദിര ഇല്ല എന്ന് ആവർത്തിച്ചവർക്ക്, ഇന്ദിരയെ പൂർണ്ണമായും വെട്ടിമാറ്റിയവർക്ക്, തിരിച്ചുവരവിൻ്റെ ഒരു ഇടിമുഴക്കം സമ്മാനിക്കുന്നതായിരുന്നു ആ മുദ്രാവാക്യം.

മൂന്നര മണിക്കൂറോളം മോത്തിയുടെ പുറത്ത് യാത്ര ചെയ്താണ് ഇന്ദിര ബെൽചിയിലേക്കെത്തുന്നത്. അപ്പോഴേക്കും സന്ധ്യമയങ്ങാറായിരുന്നു. പക്ഷേ അതൊന്നും ബെൽചിയിലെ ജനങ്ങൾക്ക് ഒരു പ്രശ്നമേയായിരുന്നില്ല. ഇന്ദിരയെ കണ്ടതും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു വലിയ ജനക്കൂട്ടം കരഞ്ഞു നിലവിളിച്ച് കെട്ടിപ്പിടിച്ചു. തങ്ങളെ ഈ അനീതിയിൽ നിന്ന് രക്ഷിക്കണം എന്ന ആവശ്യം ഉന്നയിച്ച് ഇവർ അലമുറയിട്ടു. നേരം ഇരുട്ടിയ ശേഷവും അവിടെ തുടർന്ന ഇന്ദിര ഗ്രാമവാസികൾ ഓരോരുത്തരേയും കേട്ട ശേഷമാണ് മടങ്ങിയത്.
വ്യക്തിപരമായി ഇന്ദിരയെ ഏറെ ഉലച്ച ഒരു സംഭവമായിരുന്നു ആ സന്ദർശനം എന്ന് പിന്നീട് പലരും എഴുതിയിട്ടുണ്ട്. പക്ഷേ രാഷ്ട്രീയമായി ഇന്ദിര അങ്ങനെയൊന്നും കെട്ടുപോകുന്ന ഒരു കനലല്ല എന്ന് തെളിയിച്ച ഒരു സന്ദർശനമായിരുന്നു ബെൽചിയിലേത്. രാഷ്ട്രീയ പ്രവർത്തനം തൽക്കാലത്തേക്കെങ്കിലും മതിയാക്കി, അവയിൽനിന്ന് ഒരു ഇടവേളയെടുക്കാൻ ഇന്ദിര നിനച്ചിരുന്ന സമയത്താണ് ബെൽചിയിലെ കൂട്ടക്കൊല സംഭവിക്കുന്നത്. അടിയന്തരാവസ്ഥയിലൂടെ തകർന്ന പ്രതിച്ഛായ ഇന്ദിര അവിടെനിന്ന് വീണ്ടെടുക്കുകയായിരുന്നു. ആ പ്രതിച്ഛായയുടെ അടിത്തറയിൽ, മൂന്നു വർഷങ്ങൾക്കിപ്പുറം, 1980ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഇന്ദിര വൻഭൂരിപക്ഷത്തിൽ ജയിച്ചുകയറി. രാജ്യം കണ്ട എക്കാലത്തെയും മികച്ച പൊളിറ്റിക്കൽ കംബാക്ക്.

ഇന്നത്തെ രാഷ്ടീയാവസ്ഥയിൽ നിന്നുകൊണ്ട് ഇന്ദിരയുടെ ആ ബെൽചി യാത്രയെ ഓർത്തെടുക്കുമ്പോൾ, അവശേഷിക്കുന്നത് ഒരേയൊരു ചോദ്യം മാത്രമാണ്. കോൺഗ്രസ്സിനും രാഹുലിനും വീണ്ടും ബിഹാറിൽ ഒരു ബെൽചി മോമൻ്റ് ഉണ്ടാക്കാൻ സാധിക്കുമോ?
Content Hghlights: indira gandhis belchi travel and how it changed her fate?