കൊമ്പന്മാരും തളച്ചു; സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്‌സിക്ക് തുടർച്ചയായ മൂന്നാം സമനില

തിരുവനന്തപുരം കൊമ്പൻസാണ് മലപ്പുറം എഫ്സിയെ ഓരോ ഗോളാടിച്ച് സമനിലയിൽ തളച്ചത്.

കൊമ്പന്മാരും തളച്ചു; സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്‌സിക്ക് തുടർച്ചയായ മൂന്നാം സമനില
dot image

സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സിക്ക് തുടർച്ചയായ മൂന്നാം സമനില. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസാണ് മലപ്പുറം എഫ്സിയെ ഓരോ ഗോളാടിച്ച് സമനിലയിൽ തളച്ചത്.

മലപ്പുറത്തിനായി ജോൺ കെന്നഡിയും കൊമ്പൻസിനായി പെനാൽറ്റിയിലൂടെ ഓട്ടിമർ ബിസ്‌പൊയും ഗോൾ നേടി. നാല് കളികളിൽ ആറ് പോയന്റുള്ള മലപ്പുറം രണ്ടാം സ്ഥാനത്തും നാല് പോയന്റുള്ള കൊമ്പൻസ് അഞ്ചാം സ്ഥാനത്തുമാണ്.

ജി സഞ്ജു, മുഹമ്മദ്‌ ഇർഷാദ് എന്നിവരെ ആദ്യ ഇലവനിൽ കൊണ്ടുവന്നാണ് മലപ്പുറം നാലാം ഹോം മത്സരത്തിനിറങ്ങിയത്. ഒൻപതാം മിനിറ്റിൽ കളിയിലെ ആദ്യ അവസരം ലഭിച്ചത് കൊമ്പൻസിന്. ക്യാപ്റ്റൻ പാട്രിക് മോട്ട നീട്ടിനൽകിയ പന്തുമായി മുന്നേറിയ അണ്ടർ 23 താരം ഷാഫി മലപ്പുറം ക്യാപ്റ്റൻ ഐറ്റർ ആൽഡലറിനെ മറികടന്ന് നടത്തിയ ശ്രമം ഗോളി അസ്ഹർ രക്ഷപ്പെടുത്തി.

പതിനാറാം മിനിറ്റിൽ റോയ് കൃഷ്ണ, ഐറ്റർ ആൽഡലർ എന്നിവർ തുടരെ തുടരെ നടത്തിയ ഗോളുറച്ച ഷോട്ടുകൾ കൊമ്പൻസ് ഗോളി ആര്യന്റെ ഗംഭീര പ്രകടനത്തിൽ നിഷ്ഫലമായി. അതിനിടെ കൊമ്പൻസിന്റെ ഷാനിദ് വാളൻ മഞ്ഞക്കാർഡ് വാങ്ങി. ആദ്യപകുതിയിൽ ഇരു ടീമുകളും നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗ്രൗണ്ടിൽ പലഭാഗത്തും കെട്ടിക്കിടന്ന മഴവെള്ളം വഴിമുടക്കി. 0-0 എന്ന സ്കോറിൽ ഒന്നാം പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മലപ്പുറം മൂന്ന് മാറ്റങ്ങൾ വരുത്തി. ജോൺ കെന്നഡി, റിഷാദ് ഗഫൂർ, ടോണി എന്നിവരാണ് വന്നത്. വന്നയുടനെ കെന്നഡി മഞ്ഞക്കാർഡ് വാങ്ങി. ഒഫീഷ്യൽസുമായി തർക്കിച്ചതിന് മലപ്പുറം പരിശീലകൻ മിഗ്വൽ ടൊറേറക്കും മഞ്ഞ ശിക്ഷ ലഭിച്ചു. കൊമ്പൻസ് ശാഫിക്ക് പകരം ജാസിമിന് അവസരം നൽകി.

അറുപത്തിരണ്ടാം മിനിറ്റിൽ ജോൺ കെന്നഡി ഇടതുവിങിലൂടെ മുന്നേറി പായിച്ച കരുത്തുറ്റ ഷോട്ട് കൊമ്പൻസ് ഗോളി വീണുതടുത്തു. അറുപത്തിയൊൻപതാം മിനിറ്റിൽ മലപ്പുറം ഗോളടിച്ചു. മൊറൊക്കോ ഇന്റർനാഷണൽ ബദർ എടുത്ത ഫ്രീകിക്കിന് ബ്രസീലുകാരൻ ജോൺ കെന്നഡി തലവെച്ചപ്പോൾ പന്ത് കൊമ്പൻസിന്റെ വലയിൽ കയറി 1-0. എഴുപത്തിയാറാം മിനിറ്റിൽ കൊമ്പൻസിന്റെ സമനില ഗോൾ.

റൊണാൾഡിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത് ബ്രസീലുകാരൻ ഓട്ടിമർ ബിസ്‌പൊ 1-1. ഇഞ്ചുറി സമയത്ത് മലപ്പുറം നിരവധി കോർണറുകൾ നേടിയെടുത്തെങ്കിലും ഗോളടിക്കാൻ കഴിഞ്ഞില്ല.

Content Highlights:Malappuram FC drew for the third consecutive time in the Kerala Super League

dot image
To advertise here,contact us
dot image