

വീണ്ടും ആ ചോദ്യം ഉയര്‍ന്നിരിക്കുകയാണ്, ബംഗ്ലാദേശ് മുഖ്യഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് ഇതെന്തിനുള്ള പുറപ്പാടാണ്? അസം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ബംഗ്ലാദേശിന്റെ ഭാഗമായി അടയാളപ്പെടുത്തിയിരിക്കുന്ന ഭൂപടത്തിന്റെ കവര്‍ ചിത്രമുള്ള 'ആര്‍ട്ട് ഓഫ് ട്രൈംഫ്' യൂനുസ് കൈമാറിയത് പാകിസ്താന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയ്ക്കാണ്, പാകിസ്താനിലെ ഉന്നത സൈനിക ജനറലിന്! തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന്റെ ഗ്രേറ്റര്‍ ബംഗ്ലാദേശ് എന്ന വാദങ്ങളെ ശരിവയ്ക്കുന്ന ഭൂപടമാണത്. സ്വാഭാവികമായും അത്ര നിഷ്‌കളങ്കമായ ഒരു നയതന്ത്ര സമ്മാനമായി ഇന്ത്യക്ക് അതിനെ കണക്കാക്കാനാകില്ല.
ഉയര്‍ന്ന വാദങ്ങളെല്ലാം തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് സംഗതി വിവാദമായതോടെ ബംഗ്ലാദേശിന്റെ വിശദീകരണം. ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രസ്താവനകളൊന്നും നടത്തിയിട്ടിങ്കിലും ബംഗ്ലാദേശിന്റെ ആദ്യകാല നടപടികള്‍ വിലയിരുത്തുമ്പോള്‍ ഇത് ഇന്ത്യക്കെതിരായുള്ള നീക്കമായി മാത്രമേ വായിച്ചെടുക്കാനാവൂ. അസം, ത്രിപുര, പശ്ചിമബംഗാള്‍ എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുത്തി ഗ്രേറ്റര്‍ ബംഗ്ലാദേശ് എന്ന ആശയം ഭൂപടത്തിന്റെ രൂപത്തില്‍ യൂനുസിന്റെ അടുത്ത അനുയായി നഹിദുല്‍ ഇസ്ലാം എക്‌സിലൂടെ നേരത്തേയും മുന്നോട്ടുവച്ചിട്ടുള്ളതാണ്. അന്നും അത് വിവാദമായി, വൈകാതെ പോസ്റ്റ് നീക്കം ചെയ്തു.

ഷെയ്ഖ് ഹസീന അധികാരത്തില്‍ നിന്ന് താഴെയിറങ്ങിയ സമയത്ത് നാഗലന്‍ഡ് മുഖ്യമന്ത്രി നെയ്ഫു റിയോ ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞ കാര്യമുണ്ട്. ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങള്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയായിരിക്കും കൂടുതലായി ബാധിക്കുകയെന്ന്. ആ മുന്നറിയിപ്പ് വെറുതെയല്ലെന്ന് സൂചിപ്പിക്കുന്നതാണ് ബംഗ്ലാദേശിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടര്‍ച്ചയായ ഈ നീക്കങ്ങള്‍. യുവജന പ്രക്ഷോഭത്തെത്തുടര്‍ന്ന് ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് വീണതോടെ അധികാരം കയ്യാളിയ യൂനുസ് തുടക്കം മുതല്‍തന്നെ ഇന്ത്യാവിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. യൂനുസ് പാക്-ചൈന ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിന് മുന്‍കൈ എടുത്തിരുന്നു.
ബംഗ്ലാദേശില്‍ അധികാരത്തിലെത്തുന്നവര്‍ ആദ്യം നടത്തുന്ന വിദേശപര്യടനം ഇന്ത്യയിലേക്കാണ്. യൂനുസ് ആകട്ടെ ആദ്യം വച്ചുപിടിച്ചത് ചൈനയിലേക്കാണ്. ചൈനയില്‍ സന്ദര്‍ശനം നടത്തുക മാത്രമല്ല, അവിടെച്ചെന്നൊരു ഇന്ത്യാവിരുദ്ധ പ്രസംഗവും നടത്തി. ഇന്ത്യയുടെ സപ്തസഹോദരിമാര്‍ എന്നറിയപ്പെടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കടല്‍ത്തീരമില്ലെന്നും ബംഗാള്‍ ഉള്‍ക്കടലിന്റെ സംരക്ഷകര്‍ തങ്ങളാണെന്നുമായിരുന്നു യൂനുസിന്റെ പ്രസ്താവന. അതുകൊണ്ട് ചൈനയുടെ സമ്പദ് വ്യവസ്ഥ ബംഗ്ലാദേശിലേക്ക് വ്യാപിപ്പിക്കണമെന്നൊരു ക്ഷണവും ചൈനയ്ക്ക് മുന്നില്‍ അന്ന് യൂനുസ് വച്ചു. ബംഗ്ലാദേശിന്റെ വ്യാപാരപങ്കാളിയാണ് ചൈന, ചൈനയ്ക്ക് അത്ര ചെറുതല്ലാത്ത ഒരു കടം കൊടുത്തുതീര്‍ക്കാനുമുണ്ട്. അതുകൊണ്ട് സാമ്പത്തികമായി തകര്‍ന്നുതരിപ്പണമായ ബംഗ്ലാദേശിനോട് കടംവീട്ടാന്‍ പെട്ടെന്നൊന്നും പറയരുത് എന്ന ഉദ്ദേശ്യമായിരുന്നു ആ പ്രീണനത്തിന് പിറകില്‍. ചൈനയാണെങ്കില്‍ ഇന്ത്യയുടെ അരുണാചലിന് മേല്‍ ഇടയ്ക്കിടെ അവകാശവാദമുന്നയിക്കുന്നവരുമാണ്.

തന്നെയുമല്ല ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ ഇന്ത്യ തുടര്‍ച്ചയായി അപലപിച്ചുകൊണ്ടിരുന്നു. യൂനുസുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മോദി തയ്യാറായതുമില്ല. സ്വാഭാവികമായും ഇന്ത്യയുടെ ഈ നടപടി ബംഗ്ലാദേശിനെ ചൊടിപ്പിച്ചു. സാമ്പത്തികമായി തകര്‍ന്നടിഞ്ഞ ബംഗ്ലാദേശിന് വിദേശസഹായം കൂടിയേ തീരൂ. അതിന് ഇന്ത്യ തയ്യാറല്ലെങ്കില്‍ ഇന്ത്യയുമായി ഇടഞ്ഞുനില്‍ക്കുന്നവരെ പ്രീണിപ്പിച്ച് ആ സഹായം നേടിയെടുക്കുക. അതല്ലെങ്കില്‍ ഇന്ത്യയെ ആശങ്കയിലാഴ്ത്തി വരുതിയിലാക്കുക. പക്ഷെ അവിടെയും യൂനുസിന് കണക്കുകൂട്ടലുകള്‍ തെറ്റി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ബംഗ്ലാദേശ് കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. നേപ്പാളിലേക്കും ഭൂട്ടാനിലേക്കും മ്യാന്‍മറിലേക്കും ബംഗ്ലാദേശിലെ ചരക്കുകള്‍ ഇന്ത്യവഴി കയറ്റി അയയ്ക്കാനുള്ള ട്രാന്‍സ്ഷിപ്പ്‌മെന്റ് കരാറും ഇന്ത്യ റദ്ദാക്കി. പ്രകോപനങ്ങള്‍ക്കുള്ള മറുപടി വാക്ശരങ്ങളിലൂടെയായിരുന്നില്ല നടപടികളിലൂടെയായിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് പഹല്‍ഗാം ആക്രമണം ഉണ്ടാകുന്നതും ഇന്ത്യ-പാക് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതും. അന്ന് ഇന്ത്യക്ക് പിന്തുണയുമായി അഫ്ഗാനിസ്ഥാന്‍ എത്തിയപ്പോള്‍, ഇന്ത്യ പാകിസ്താനെ ആക്രമിക്കുകയാണെങ്കില്‍ ബംഗ്ലാദേശ് ചൈനയ്‌ക്കൊപ്പം ചേര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കീഴ്‌പ്പെടുത്തണമെന്നാണ് യൂനുസിന്റെ അടുത്ത അനുയായി ഫസ്‌ലുര്‍ റഹ്‌മാന്‍ പറഞ്ഞത്.
വൈകാതെ പാക്-അഫ്ഗാന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. അതിര്‍ത്തികളില്‍ നിന്നെല്ലാം കണക്കിന് പ്രഹരം വാങ്ങിക്കൊണ്ടിരിക്കുന്ന പാകിസ്താന്‍ പിന്തുണയ്ക്കായി കൈനീട്ടേണ്ട സാഹചര്യം വന്നു. ബംഗ്ലാദേശുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പാകിസ്താന്‍ മുന്‍കൈയെടുക്കുന്നതിന് പിന്നിലെ കാരണങ്ങളിലൊന്ന് അതാണ്. വ്യാപാര-പ്രതിരോധ മേഖലകളിലെ പങ്കാളിത്തം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജനറല്‍ മിര്‍സ ബംഗ്ലാദേശിലെത്തിയിരിക്കുന്നതെന്നാണ് പറയുന്നത്. എന്നാല്‍ ബംഗ്ലാദേശ്-ഇന്ത്യ അതിര്‍ത്തികളും മിര്‍സ സന്ദര്‍ശിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നേരത്തേ ഇന്ത്യയെ പ്രതിരോധിക്കാന്‍ ഐഎസ്‌ഐയുമായുള്ള ബന്ധം ദൃഢമാക്കുന്നതിനായി ബംഗ്ലാദേശ് മിലിറ്ററി ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോര്‍സസ് ഇന്റലിജന്‍സ് പാകിസ്താനില്‍ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അടച്ചിട്ട മുറിയില്‍ ഇന്ത്യക്കെതിരായ പ്രതിരോധതന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തതായി കരുതുന്ന ആ സന്ദര്‍ശനം ഔദ്യോഗികമായിട്ടായിരുന്നില്ല.
ഹസീനയുടെ പതനത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ സ്വാധീനം വീണ്ടെടുക്കാന്‍ ഐഎസ്‌ഐ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ബംഗ്ലാദേശിലെ യുഖിയ, തെക്‌നഫ്, മൗലിബസാര്‍,ഹാബിഗഞ്ച്, ഷെര്‍പുര്‍ എന്നീ പ്രദേശങ്ങളാണ് ഐഎസ്‌ഐ കണ്ണുവച്ചിരുന്നത്. ബംഗ്ലാദേശ് സൈന്യത്തിലെ ഇസ്ലാമിസ്റ്റ്, ജമാഅത്ത് അനുകൂല വിഭാഗങ്ങളുമായി ചേര്‍ന്നാണ് ഐഎസ്‌ഐ നീക്കമെന്ന് ആരോപണമുയര്‍ന്നിട്ടുള്ളതാണ്. ഇന്ത്യന്‍ അതിര്‍ത്തികള്‍ അസ്ഥിരമാക്കാനുള്ള പാക് തന്ത്രത്തിന് ബംഗ്ലാദേശ് കുടപിടിക്കുന്നതാണ് ഈ നടപടികളെല്ലാം.
തന്നെയുമല്ല ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ജിഎ സെഷനില്‍ പങ്കെടുക്കാന്‍ യൂനുസിനൊപ്പം എത്തിയ ജമാഅത്തെ ഇസ്ലാമി നേതാവ് നയീബ് ഇ അമീര്‍ സയ്യിദ് അബ്ദുല്ല മുഹമ്മദ് താഹെര്‍ വിഷം തുപ്പിയത് അത്ര പെട്ടെന്നൊന്നും മറക്കാനും ഇന്ത്യക്കാവില്ല. വോട്ടുനേടി അധികാരത്തിലേറിയാല്‍ ജമാഅത്തെ ഇന്ത്യയെ ആക്രമിക്കുമെന്നായിരുന്നു ഭീഷണി. അനുഭാവികള്‍ വഴി യൂനുസിന്റെ ഭരണത്തില്‍ സ്വാധീനം ചെലുത്താന്‍ ഹിസ്ബുത് തഹ്‌രീര്‍, ഹര്‍കത് ഉല്‍ ജിഹാദ്, അന്‍സാര്‍ അല്‍ ബംഗ്ല, ഹിഫാസത് ഇ ഇസ്ലാം എന്നീ ഇസ്ലാമിക ഗ്രൂപ്പുകള്‍ക്ക് ഐഎസ്‌ഐ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ നടത്തുന്ന ശ്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
സിലിഗുരി ഇടനാഴിയെന്ന ദൗര്‍ബല്യം

ചിക്കന്‍ നെക്ക് ഇടനാഴി, പതിവായി ഇന്ത്യക്കെതിരെ ബംഗ്ലാദേശ് ഉയര്‍ത്തുന്ന ഭീഷണിയാണ്. ഭൗമശാസ്ത്രപരമായ പ്രത്യേകതകളാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന്യ മേഖലയാണ് ഇത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 45 ദശലക്ഷം മനുഷ്യരുടെ ജീവനാഡിയാണ് സിലിഗുരി.പ്രകൃതിദുരന്തം, ആഭ്യന്തരപ്രശ്നങ്ങള്‍, അല്ലെങ്കില്‍ സൈനിക സംഘര്‍ഷം തുടങ്ങി എന്ത് പ്രതിസന്ധിയുണ്ടായാലും ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ രാജ്യത്തുനിന്ന് വേര്‍പ്പെടുത്താനായി ഈ ഇടനാഴിക്ക് സാധിക്കും. അതുകൊണ്ടാണ് കരയാല്‍ ചുറ്റപ്പെട്ട സപ്തസഹോദരികളെക്കുറിച്ചുള്ള യുനൂസിന്റെ പ്രകോപനം ഇന്ത്യയെ ചൊടിപ്പിച്ചത്. തന്നെയുമല്ല നേപ്പാള്‍,ഭൂട്ടാന്‍ ബംഗ്ലാദേശ് എന്നിവയുമായി ബന്ധിപ്പിക്കുന്ന മാര്‍ഗം കൂടിയാണിത്. സിലിഗുരിക്ക് സമീപമുള്ള ലാല്‍മോനിര്‍ഹത് വ്യോമതാവളം പുനരുജ്ജീവിപ്പിക്കാനുള്ള ബംഗ്ലാദേശ് ശ്രമങ്ങള്‍, ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴി തുടങ്ങിയ വെല്ലുവിളികള്‍ വേറെ. നിലവില്‍ ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടുവരുന്നുണ്ടെങ്കിലും ആ ബന്ധത്തില്‍ വിള്ളല്‍ വീണാല്‍ ചൈനയ്ക്ക് ബംഗ്ലാദേശിന്റെ സഹായത്തോടെ ഇന്ത്യന്‍ അതിര്‍ത്തികളില്‍ അസ്വസ്ഥത പടര്‍ത്താനാകും. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയുടെ അതിര്‍ത്തികളില്‍ അവസരം കാത്തുള്ള തയ്യാറെടുപ്പുകളിലാണ് ചൈനയും പാകിസ്താനും.
പക്ഷെ അവിടെ ബംഗ്ലാദേശ് മറക്കുന്ന ഒരു കാര്യമുണ്ട്. അക്കാര്യമാണ് മാസങ്ങള്‍ക്ക് മുന്‍പ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഓര്‍മിപ്പിച്ചതും. സിലിഗുരി ഇടനാഴിയെച്ചൊല്ലി ഭീഷണി ഉയര്‍ത്തുമ്പോള്‍ ബംഗ്ലാദേശിന്റെ സാമ്പത്തിക തലസ്ഥാനത്തെയും രാഷ്ട്രീയ തലസ്ഥാനത്തെയും ബന്ധിപ്പിക്കുന്ന ചിറ്റഗോങ്ങ് ഇടനാഴിയും വടക്കന്‍ ബംഗ്ലാദേശ് ഇടനാഴിയും മറക്കരുതെന്നായിരുന്നു അത്. ഭൂപ്രകൃതി വ്യക്തമാക്കുന്ന ഭൂപടം പങ്കുവച്ചുകൊണ്ടായിരുന്നു ആ മുന്നറിയിപ്പ്. അതായത് ഇന്ത്യയ്ക്ക് മുന്നിലും അടിച്ചാല്‍ തിരിച്ചടിക്കാന്‍ കൃത്യമായ ഒപ്ഷനുകളുണ്ടെന്ന് സാരം. സാമ്പത്തികമായി തകര്‍ന്നടിഞ്ഞ ബംഗ്ലാദേശിന് എന്തായാലും ഇന്ത്യക്കെതിരായൊരു പടയോട്ടത്തിനുള്ള ത്രാണിയില്ല. ശത്രുവിന്റെ ശത്രു മിത്രമെന്ന വായ്ത്താരിയുടെ ബലത്തില്‍ പാകിസ്താന്റെയും ചൈനയുടെയും നിഴല്‍പറ്റി ഒപ്പം നിന്നിരുന്ന ഇന്ത്യക്കെതിരെ വിഫലമായൊരു പ്രതിരോധ നീക്കത്തിനാണ് ബംഗ്ലാദേശ് തുനിയുന്നത്.
Content Highlights: Muhammad Yunus Stirs Controversy Again: Bangladesh's Diplomatic Gambit Tests India Ties