

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വിളനാശത്തില്‍ ഡിഎംകെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴക വെട്രി കഴകം നേതാവ് വിജയ്. മഴയില്‍ വിളനാശമുണ്ടായ കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വിജയ് പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ എതിര്‍പ്പ് വളര്‍ന്നുവരികയാണെന്നും ജനങ്ങള്‍ ഡിഎംകെയെ വീട്ടിലേക്ക് അയക്കുമെന്നും വിജയ് പറഞ്ഞു. കര്‍ഷകരുടെ വിളകള്‍ സംരക്ഷിക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന ഭരണകൂടം പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
'മാസങ്ങളുടെ കഠിനാധ്വാനത്തിലൂടെ വിളവെടുത്ത നെല്ല് സംഭരണം വൈകിപ്പിച്ചുകൊണ്ട് കര്‍ഷകരുടെ ഉപജീവനമാര്‍ഗം നശിപ്പിച്ചത് എന്തിനാണ്? ഡിഎംകെ സര്‍ക്കാരിന്റെ അനാസ്ഥ കാരണമാണ് കര്‍ഷകരുടെ കൃഷിഭൂമികള്‍ വെളളത്തിനടിയിലായതും അവരുടെ കഠിനാധ്വാനം പാഴായിപ്പോയതും. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ എതിര്‍പ്പ് വളര്‍ന്നുവരികയാണ്. തീര്‍ച്ചയായും അവര്‍ ഡിഎംകെയെ വീട്ടിലേക്ക് തിരികെ അയക്കും':വിജയ് പറഞ്ഞു. പ്രചാരണങ്ങള്‍ നടത്തുന്നതിന് പകരം മഴക്കാലത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. എസി മുറിയില്‍ ഇരുന്ന് പ്രസ്താവനകളിറക്കി രാഷ്ട്രീയം കളിക്കാന്‍ എളുപ്പമാണ് എന്നാണ് ഇതിന് ഡിഎംകെ വക്താവ് ശരവണന്‍ മറുപടി നല്‍കിയത്.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലുണ്ടായ കനത്ത മഴയില്‍ സംസ്ഥാനത്തെ 16,000 ഹെക്ടര്‍ കൃഷിഭൂമി വെളളത്തിനടിയിലായതായി കൃഷിമന്ത്രി എംആര്‍കെ പനീര്‍സെല്‍വം പറഞ്ഞിരുന്നു. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ എഐഎഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് നെല്ല് ചാക്കുകള്‍ തുറസായ സ്ഥലത്ത് ഉപേക്ഷിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: Dmk failed to protect farmers, Tamilans will send DMK home says Vijay