

യുഎഇയില്‍ സ്വദേശിവത്ക്കരണത്തില്‍ വീഴ്ച വരുത്തുന്ന കമ്പനികളെ കണ്ടെത്തുന്നതിനായി പരിശോധന കൂടുതല്‍ ശക്തമാക്കുന്നു. നിയമ ലംഘകര്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ ഡിസംബര്‍ 31ഓടെ രണ്ട് ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കണമെന്നാണ് നിയമം. അന്‍പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികളാണ് രണ്ട് ശതമാനം സ്വദേശികളെ നിയമിക്കേണ്ടത്.
നിയമം പാലിക്കാത്ത കമ്പനികളെ കണ്ടെത്തുന്നതിയി പരിശോധന ശക്തമാക്കാനാണ് തീരുമാനം. സ്വദേശിവത്ക്കരണത്തില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് ജനുവരി ഒന്നുമുതല്‍ പിഴ ചുമത്തും. സ്വദേശിവത്ക്കരണത്തില്‍ കൃത്രിമം നടത്തുന്നവര്‍ക്ക് ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെയാണ് പിഴ. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ മൂന്ന് ലക്ഷവും മൂന്നാമതും നിയമം ലംഘിച്ചാല്‍ അഞ്ച് ലക്ഷം ദിര്‍ഹവുമായി പിഴ വര്‍ധിക്കും.
സ്വദേശിവത്ക്കരണം മറികടക്കാന്‍ കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം കുറച്ചു കാണിച്ചാലും സമാന ശിക്ഷ നേരിടേണ്ടിവരും. ആളൊന്നിന് മാസത്തില്‍ 8000 ദിര്‍ഹം എന്ന നിലയിലാണ് പിഴ ഈടാക്കുക. ഇതിന് പുറമെ ഇത്തരം കമ്പനികല്‍ തരം താഴ്ത്തല്‍ ഉള്‍പ്പെടെയുളള നടപടികളും നേരിടേണ്ടി വരും. 20 മുതല്‍ 49 ജീവനക്കാര്‍ വരെയുള്ള കമ്പനികള്‍ വര്‍ഷത്തില്‍ ഒരു സ്വദേശിയെ നിയമിക്കണമെന്ന നിയമവും നിവലിലുണ്ട്. ഇതിന്റെ സമയ പരിധിയും ഡിസംബര്‍ 31ന് അവസാനിക്കും.
ഐ.ടി, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിര്‍മാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉള്‍പ്പെടെ 14 മേഖലകളിലെ 68 പ്രഫഷനല്‍, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവത്ക്കരണം നടപ്പാക്കിയത്. സ്വദേശിവത്ക്കരണം കൃത്യമായി നടപ്പിലാക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ സേവന ഫീസില്‍ 80 ശതമാനം ഇളവ് ലഭിക്കും. ഇതിന് പുറമെ സര്‍ക്കാര്‍ സേവനങ്ങളില്‍ മുന്‍ഗണനയും നല്‍കും.
Content Highlights: UAE Intensifies Inspections for Indigenization Policy Violations