ഓരോ കുടുംബത്തിലും ഒരു സർക്കാർ ജോലി, സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ: പ്രകടന പത്രിക പുറത്തിറക്കി മഹാഗഡ്ബന്ധൻ

അടുത്ത ദിവസങ്ങളില്‍ തന്നെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും സംയുക്തമായി ബിഹാറിലുടനീളം റാലികളും സംഘടിപ്പിക്കും

ഓരോ കുടുംബത്തിലും ഒരു സർക്കാർ ജോലി, സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ: പ്രകടന പത്രിക പുറത്തിറക്കി മഹാഗഡ്ബന്ധൻ
dot image

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുളള പ്രകടന പത്രിക പുറത്തിറക്കി മഹാഗഡ്ബന്ധന്‍. ഓരോ വീട്ടിലും ഒരു സര്‍ക്കാര്‍ ജോലി എന്നതാണ് മഹാഗഡ്ബന്ധന്റെ പ്രധാന വാഗ്ദാനം. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നേരത്തെ നടത്തിയ പ്രഖ്യാപനമാണ് പ്രകടന പത്രികയിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെയും വിഐപിയുടെയും സിപിഐഎമ്മിന്റെയും സിപിഐഎംഎല്ലിന്റെയും നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. അടുത്ത ദിവസങ്ങളില്‍ തന്നെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും സംയുക്തമായി റാലികള്‍ നടത്തും.

മഹാഗഡ്ബന്ധന്‍ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍

1: അധികാരത്തിലെത്തി 20 ദിവസത്തിനുളളില്‍ ഓരോ കുടുംബത്തിലും ഒരു സര്‍ക്കാര്‍ ജോലി ലഭ്യമാക്കുന്ന തരത്തില്‍ നിയമം പാസാക്കും

2: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുളള പഴയ പെന്‍ഷന്‍ സ്‌കീം പുനസ്ഥാപിക്കും

3: മായി-ബഹന്‍ മാന്‍ യോജന പ്രകാരം ഡിസംബര്‍ 1 മുതല്‍ അടുത്ത 5 വര്‍ഷത്തേക്ക് സംസ്ഥാനത്തെ വനിതകള്‍ക്ക് 2500 രൂപ വീതം പ്രതിമാസ വേതനം നല്‍കും.

4: എല്ലാ വീടുകളിലും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കും.

5: ഇന്‍ഡ്യാ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ച് 20 മാസത്തിനുളളില്‍ ബിഹാറിലുടനീളം തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കും.

6: ബിഹാറിലെ മദ്യനിരോധന നിയമം പൂര്‍ണമായും പരാജയപ്പെട്ടു, അതിനാല്‍ ഇന്‍ഡ്യാ സഖ്യം അധികാരത്തിലെത്തിയാല്‍ മദ്യനിരോധനം പിന്‍വലിക്കും.

ബിഹാറിൽ മഹാസഖ്യം അധികാരത്തിൽ വരുമെന്ന് ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ് ഇന്ന് റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.  ബിഹാർ ഭരണ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും കഴിഞ്ഞ 20 വർഷമായി ബിഹാർ ജനത ഒരുപാട് അനുഭവിച്ചു. ഇത്തവണ മഹാസഖ്യം അധികാരത്തിലെത്തുമെന്നും തേജസ്വി പറഞ്ഞു.

 തൊഴിലില്ലായ്മക്കെതിരെയാണ് തന്റെ പോരാട്ടം. എല്ലാ കുടുംബത്തിലും സർക്കാർ ജോലി നൽകും. തന്റേത് വ്യാജ വാഗ്ദാനങ്ങളാണെന്ന ബിജെപി വിമർശനം കാര്യമാക്കുന്നില്ലെന്നും തേജസ്വി യാദവ് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ജെഡിയു നേതാവ് നിതീഷ് കുമാറിനെ ബിജെപി പുറത്താക്കുമെന്നും എംഎൽഎമാർ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും എന്നാണ് അമിത് ഷാ പറയുന്നത്. ഉറപ്പായും നിതീഷ് കുമാറിനെ ബിജെപി അവഗണിക്കും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്നും തേജസ്വി യാദവ് പറഞ്ഞു.

Content Highlights: Mahagadbandhan alliance release election manifesto in bihar

dot image
To advertise here,contact us
dot image