

പാറ്റ്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചരണത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ ഏഴ് വരെ 12 റാലികള്‍ രാഹുല്‍ ഗാന്ധി നയിക്കും. ഇതില്‍ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവിനോടൊപ്പമുള്ള റാലികളും ഉണ്ടാവും.
ഒക്ടോബര്‍ 29ന് മുസാഫര്‍പൂരിലെ സക്രയില്‍ തേജസ്വി യാദവിനോടൊപ്പമുള്ള റാലിയോടെയാണ് രാഹുലിന്റെ പ്രചരണം ആരംഭിക്കുക. അന്നേ ദിവസം തന്നെ ദര്‍ഭംഗയില്‍ നടക്കുന്ന റാലിയില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി രാഹുല്‍ വോട്ട് ചോദിക്കും.
ഒരു ദിവസം രണ്ട് റാലികളില്‍ വീതം പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. ബേനിപൂര്‍, ബര്‍ബിഗ, നളന്ദ, കഹാരിയ, പൂര്‍ണിയ, ബഹദൂര്‍ഗഞ്ച്, ഔറംഗബാദ്, വസീര്‍ഗഞ്ച്, ഫോര്‍ബ്‌സ്ഗഞ്ച്, ബരാരി എന്നിവിടങ്ങളിലാണ് രാഹുലിന്റെ റാലികള്‍ നടക്കുക. എല്ലാ സഖ്യകക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് നവംബര്‍ ഒമ്പതിന് മറ്റൊരു റാലിയും ആലോചിക്കുന്നുണ്ട്.
ബെഗുസരായിയിലെ ബച്‌വയില്‍ മത്സരിക്കുന്ന സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഗരീബ് ദാസിന് വേണ്ടി നടത്തുന്ന പ്രചരണത്തോടെയാണ് പ്രിയങ്ക ഗാന്ധി ബിഹാറില്‍ സജീവമാകുക. എട്ട് റാലികളില്‍ പ്രിയങ്ക പങ്കെടുക്കും. നവംബര്‍ ഒന്നുമുതല്‍ എട്ട് വരെയായിരിക്കും ഈ റാലികള്‍ നടക്കുക. സഖ്യ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും പ്രിയങ്ക വോട്ട് അഭ്യര്‍ത്ഥിക്കും.
ഒക്ടോബര്‍ 31 മുതല്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തന്റെ റാലികളാരംഭിക്കും. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും, ഖര്‍ഗെയെ അണിനിരത്തി നടത്തുന്ന പ്രചരണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വലിയ തോതില്‍ വളര്‍ത്തുമെന്നാണ് നേതൃത്വം കരുതുന്നത്. ദളിത് വിഭാഗങ്ങളെയും വലിയ തോതില്‍ സ്വാധീനിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
സാമൂഹ്യ നീതി പ്രധാന വിഷയമായി ഉയര്‍ത്തുന്ന രാഹുല്‍ ഗാന്ധിയ്ക്കും സ്ത്രീകളുടെ വിഷയങ്ങള്‍ ഉയര്‍ത്തുന്ന പ്രിയങ്ക ഗാന്ധിയ്ക്കും ദളിത് വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഖര്‍ഗെയ്ക്കും ബിഹാറിലെ വിവിധ ജനവിഭാഗങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. പ്രധാനപ്പെട്ട മൂന്ന് നേതാക്കളും ദിവസങ്ങളോളം സംസ്ഥാനത്ത് തങ്ങി പ്രചരണം നടത്തുന്നത് സംസ്ഥാന ഘടകത്തിന് വലിയ ആത്മവിശ്വാസം നല്‍കുമെന്നും സംഘടന നേതൃത്വം കരുതുന്നു.
Content Highlights: Rahul, Priyanka, Kharge to lead BIHAR Congress's campaign