ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പ്രതിസന്ധി; യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി

ഇന്ത്യക്കുമേലുള്ള യുഎസിന്‍റെ അധിക തീരുവ വർധനയ്ക്ക് പിന്നാലെ നിലനിൽക്കുന്ന സാമ്പത്തിക സംഘർഷ സാഹചര്യത്തിലാണ് വ്യാപാര ചർച്ചയുമായിബന്ധപ്പെട്ട സന്ദർശനം റദ്ദാക്കിയതെന്നാണ് സൂചന

dot image

ന്യൂഡൽഹി: ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ പ്രതിസന്ധി. യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ആഗസ്റ്റ് 25 മുതൽ 29 വരെയാണ് യുഎസ് സംഘത്തിന്റെ ഇന്ത്യൻ സന്ദർശനമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ യാത്ര റദ്ദാക്കിയതായാണ് വിവരം. ഇന്ത്യക്കുമേലുള്ള യുഎസിന്‍റെ അധിക തീരുവ വർധനയ്ക്ക് പിന്നാലെ നിലനിൽക്കുന്ന സാമ്പത്തിക സംഘർഷ സാഹചര്യത്തിലാണ് വ്യാപാര ചർച്ചയുമായിബന്ധപ്പെട്ട സന്ദർശനം റദ്ദാക്കിയതെന്നാണ് സൂചന. എന്നാൽ കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കുമേലുള്ള അധികതീരുവ ഒഴിവാക്കുമെന്ന സൂചന നൽകിയിരുന്നു.

റഷ്യയിൽനിന്നും എണ്ണ ഇറക്കുമതിചെയ്യുന്നു എന്ന കാരണത്തിന് പിന്നാലെയാണ് ഇന്ത്യക്ക്‌മേൽ യുഎസ് 50 ശതമാനം അധിക തീരുവ ചുമത്തിയത്. ഉഭയകക്ഷി വ്യാപാര കരാർ സംബന്ധിച്ച് യുഎസും ഇന്ത്യയും തമ്മിലുള്ള ആറാം റൗണ്ട് ചർച്ചയ്ക്ക് വേണ്ടിയായിരുന്നു യുഎസ് സംഘത്തിന്റെ ഇന്ത്യൻ സന്ദർശനം. സെപ്തംബർ- ഒക്ടോബർ മാസത്തിനുള്ളിൽ വ്യാപാരകരാറിൽ ധാരണയിലെത്തുമെന്നാണ്‌ നേരത്തെ പറഞ്ഞിരുന്നത്. ഇത് അനുസരിച്ചാണെങ്കിൽ അടുത്ത മാസത്തിൽ ആദ്യം യുഎസ് സംഘത്തിന്റെ സന്ദർശനം ഉണ്ടായേക്കും.

അതേസമയം കാർഷിക, ക്ഷീര വിപണിയിൽ കൂടുതൽ ഇടം വേണമെന്ന യുഎസിന്റെ നിർബന്ധമാണ് കരാറിലെ പ്രധാന തടസം. ചെറുകിട കർഷകരുടെ ഉപജീവനമാർഗത്തെയടക്കം ബാധിക്കുമെന്നതിനാൽ ഈ മേഖലകളിൽ കൂടുതൽ പങ്കാളിത്തം ആവശ്യപ്പെടുന്ന യുഎസ് നിലപാടിനെ ഇന്ത്യക്ക് അംഗീകരിക്കാനാവില്ല.

Content Highlights: Crisis in India-US trade deal, US delegation's visit to India cancelled

dot image
To advertise here,contact us
dot image