പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റർ സിറ്റിയുടെ താണ്ഡവം; വോള്‍വ്‌സിനെ ഗോള്‍മഴയില്‍ മുക്കി, ഹാലണ്ടിന് ഡബിള്‍

ടീമിന്റെ പുതിയ സൈനിങ്ങുകളായ ടിജ്ജാനി റെയ്ൻഡിയേഴ്സും റയാൻ ചെർക്കിയും ഗോളുകൾ നേടി

dot image

2025-26 പ്രീമിയർ ലീഗ് സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ​ഗംഭീര തുടക്കം. വോൾവ്സിനെ എതിരില്ലാത്ത നാല് ​ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സിറ്റി വരവറിയിച്ചത്. സിറ്റിക്ക് വേണ്ടി സൂപ്പർ സ്ട്രൈക്കർ എർലിംഗ് ഹാലണ്ട് ഇരട്ട​ഗോളുകളുമായി തിളങ്ങി. ടീമിന്റെ പുതിയ സൈനിങ്ങുകളായ ടിജ്ജാനി റെയ്ൻഡിയേഴ്സും റയാൻ ചെർക്കിയും ഗോളുകൾ നേടി.

മോളീന്യൂക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ആദ്യ ഗോൾ പിറന്നു. 34-ാം മിനിറ്റിൽ ഹാലണ്ടാണ് സിറ്റിയുടെ ​ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. പ്രതിരോധതാരം റിക്കോ ലൂയിസ് നൽകിയ മികച്ച ക്രോസിൽ നിന്ന് ഹാളണ്ട് അനായാസം പന്ത് വലയിലെത്തിച്ചു. മൂന്ന് മിനിറ്റിനകം സിറ്റി ലീഡ് ഇരട്ടിയാക്കി. തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ വലകുലുക്കി റെയ്ൻഡിയേഴ്സാണ് സിറ്റിയുടെ രണ്ടാം ​ഗോൾ‌ കണ്ടെത്തിയത്.

രണ്ടാം പകുതിയിൽ ഹാലണ്ട് തന്റെ രണ്ടാം ഗോൾ നേടി. റെയ്ൻഡിയേഴ്സ് നൽകിയ പാസിൽ നിന്നും താരമെടുത്ത ബുള്ളറ്റ് ഷോട്ട് വോൾവ്‌സ് വല തുളച്ചു. ഇതോടെ സ്കോർ മൂന്നായി. പകരക്കാരനായി ഇറങ്ങിയ ചെർക്കി കൂടി അക്കൗണ്ട് തുറന്നതോടെ സിറ്റി വിജയം പൂർത്തിയാക്കി.

Content Highlights: Premier League 2025-26: Manchester City sweep Wolves aside with Haaland double and debut goals

dot image
To advertise here,contact us
dot image