
മുംബൈ: സ്വാതന്ത്ര്യ ദിനത്തിൽ ആശംസ നേർന്നതിനെ വിമർശിച്ച യുവാവിന് രൂക്ഷമറുപടി നൽകി ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ജാവേദ് അക്തർ സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. എല്ലാ സഹോദരി സഹോദരന്മാർക്കും സ്വാതന്ത്ര്യദിനാശംസകൾ, സ്വാതന്ത്ര്യം ആരും നമുക്ക് പാത്രത്തിൽ വച്ചുനീട്ടിയതല്ലെന്ന് നാം ഓർക്കണം. സ്വാതന്ത്ര്യത്തിനായി പോരാടിയവരേയും ജയിലിൽ കിടന്നവരേയും കഴുമരത്തിലേറേണ്ടിവന്നവരേയും നാം ഓർക്കണം. ഈ അമൂല്യമായ സമ്മാനത്തെ നാം ഒരിക്കലും കൈവിടരുതെന്നുമാണ് ജാവേദ് അക്തർ എക്‌സിൽ കുറിച്ചത്.
എന്നാൽ താങ്കളുടെ സ്വാതന്ത്ര്യദിനം ആഗസ്റ്റ് 14നാണോ എന്നായിരുന്നു കമന്റ്. ഇതിനാണ് ജാവേദ് അക്തർ മറുപടി നൽകിയത്. 'മോനേ.. നിന്റെ അച്ഛനും മുത്തച്ഛനും ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോൾ, എന്റെ പൂര്‍വികര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി കാലാപാനിയിൽ കിടന്ന് മരിക്കുകയായിരുന്നു' എന്നാണ് അദ്ദേഹത്തിന്‍റെ മറുപടി .
ജാവേദ് അക്തറിന്റെ മുതുമുത്തച്ഛൻ ഫസൽ ഇ ഹഖ് ഖൈറാബാദി സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ അദ്ദേഹത്തെ ആൻഡമാനിലെ ജയിലിൽ അടച്ചിരുന്നു.
Content Highlights : Javed Akhtar reaction on hate comment of his post about independence day