സൗദിയിൽ കൊല നടത്തിയ ശേഷം യുപി സ്വദേശി ഒളിവിലിരുന്നത് 26 വർഷം! ഒടുവിൽ സിബിഐയുടെ വലയിൽ

വ്യാജമായി പുതിയ പേരും പാസ്‌പോർട്ടും സംഘടിപ്പിച്ച ഇയാൾ സൗദിയിൽ നിന്നും അന്ന് ഇന്ത്യയിലേക്ക് കടന്നു

dot image

പുതിയ ഐഡന്റിറ്റിയും പാസ്‌പോർട്ടുമായി മദീനയിൽ നിന്നും ജിദ്ദ വഴി ഡൽഹിയിലെത്തിയതാണ് 52കാരനായ മുഹമ്മദ് ദിൽഷാദ്. ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശിയായ ഇയാൾ സൗദിയിൽ ഒരു കൊലപാതകം നടത്തി മുങ്ങി നടന്നത് ഇരുപത്തിയാറ് വർഷമാണ്. പക്ഷേ ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് ഇയാൾ ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് സിബിഐ വിരിച്ച വലയിൽ കുടുങ്ങി.

രണ്ടുവർഷം മുമ്പ് ഒരു ഏപ്രിൽ മാസത്തിലാണ് സൗദി അറേബ്യയുടെ അപേക്ഷയിൽ സിബിഐ ഇയാൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തത്.1999ൽ സുരക്ഷാ ഉദ്യോഗസ്ഥനായും ഹെവി മോട്ടോർ മെക്കാനിക്കായും ജോലി ചെയ്യുന്നതിനിടയിലാണ് ഇയാൾ റിയാദിൽ ഒരാളെ കൊലപ്പെടുത്തിയത്. വ്യാജമായി പുതിയ പേരും പാസ്‌പോർട്ടും സംഘടിപ്പിച്ച ഇയാൾ സൗദിയിൽ നിന്നും അന്ന് ഇന്ത്യയിലേക്ക് കടന്നു. പിന്നീട് ഇതേ രേഖകൾ ഉപയോഗിച്ച് ഖത്തർ, കുവൈറ്റ്, സൗദി എന്നിവിടങ്ങളിലായി വീണ്ടും യാത്ര വരെ നടത്തി.

പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് വരെ പുറത്തുവിട്ടിട്ടും ഒരു രക്ഷയുമുണ്ടായില്ല. ഇതോടെ പല സാങ്കേതിക പരിശോധനകളിലൂടെയും ഹ്യൂമൻ ഇന്റലിജൻസും ഉപയോഗിച്ച് ഒടുവിൽ ഇയാളുടെ വ്യാജ പാസ്‌പോർട്ട് സിബിഐ കണ്ടെത്തി. ഇതോടെ പുതിയ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടു. ഈ കാര്യങ്ങളൊന്നും അറിയാതെയാണ് പ്രതി ഡൽഹി എയർപോർട്ടിലെത്തുന്നത്. ഇയാളെത്തിയ ഉടൻ ഇമ്മിഗ്രേഷൻ വിഭാഗം സിബിഐയെ വിവരം അറിയിച്ചു. പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഓഗസ്റ്റ് പതിനാല് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇയാൾക്കെതിരെയുള്ള കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിബിഐ പ്രതികരിച്ചു.

Content Highlights: Man on run for 26 years, after committing murder in Saudi Arabia arrested

dot image
To advertise here,contact us
dot image