പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; പ്രൊഫ. എ വി താമരാക്ഷനെ ജെഎസ്എസ് പുറത്താക്കി

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടി ഭരണഘടന പ്രകാരം സസ്‌പെന്‍ഷനിലായ നാല് ഭാരവാഹികള്‍ക്ക് ജനറല്‍ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു

dot image

കൊച്ചി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ വി താമരാക്ഷനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ ബാബു അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയാണ് അച്ചടക്ക നടപടിക്ക് വിധേയമായി സസ്‌പെന്‍ഷനിലായിരുന്ന പാര്‍ട്ടി സെന്റര്‍ അംഗങ്ങളായ വിനോദ് വയനാട്, കെ പി സുരേന്ദ്രന്‍ കുട്ടനാട്, സംസ്ഥാന സെക്രട്ടറിമാരായ ബാലരാമപുരം സുരേന്ദ്രന്‍, മലയന്‍കീഴ് നന്ദകുമാര്‍ എന്നിവര്‍ക്കൊപ്പം എ വി താമരാക്ഷനെയും പുറത്താക്കിയത്. തിരുവനന്തപുരം, കോഴിക്കോട്, വയനാട് ജില്ലാ കമ്മിറ്റികളെ പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ എന്‍ രാജന്‍ ബാബു അറിയിച്ചു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടി ഭരണഘടന പ്രകാരം സസ്‌പെന്‍ഷനിലായ നാല് ഭാരവാഹികള്‍ക്ക് ജനറല്‍ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നടപടിയെ താമരാക്ഷന്റെ അധ്യക്ഷതയില്‍ കൂടിയ പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പാര്‍ട്ടി സെന്റര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാജൻ ബാബുവിനെ പുറത്താക്കിയതായി കാണിച്ച് പ്രൊഫ. താമരാക്ഷന്‍ പത്രക്കുറിപ്പിറക്കി. ഇതോടെയാണ് താമരാക്ഷന്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സംസ്ഥാന കമ്മിറ്റി ഐക്യകണ്‌ഠേന പുറത്താക്കിയത്. 93 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ 68 പേർ യോഗത്തിൽ പങ്കെടുത്തെന്നും 9 പേർ അവധിയെടുത്തെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.

Content Highlights: JSS state president Prof. A V Thamarakshan expelled from party

dot image
To advertise here,contact us
dot image