
ലാ ലിഗയില്‍ വെടിക്കെട്ട് വിജയത്തോടെ ബാഴ്‌സലോണ പോരാട്ടം ആരംഭിച്ചു. മയ്യോര്‍ക്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ചാംപ്യന്മാരുടെ വിജയം. യുവതാരം ലമീന്‍ യമാല്‍ ഒരു ഗോളും അസിസ്റ്റും നേടി ബാഴ്‌സലോണയ്ക്ക് വേണ്ടി തിളങ്ങി. ബ്രസീലിയന്‍ സൂപ്പര്‍ താരം റാഫീഞ്ഞയും ഫെറാന്‍ ടോറസുമാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്.
മയ്യോര്‍ക്കയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബാഴ്‌സ ലീഡെടുത്തു. ഏഴാം മിനിറ്റില്‍ യമാലിന്റെ അസിസ്റ്റില്‍ റാഫീഞ്ഞയാണ് ബാഴ്‌സയുടെ ആദ്യഗോള്‍ നേടിയത്. 23-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് ബാഴ്‌സയുടെ ലീഡ് ഇരട്ടിയാക്കി. മയ്യോര്‍ക്ക പ്രതിരോധതാരം റായില്ലോ പരിക്കേറ്റ് നിലത്തുവീണിട്ടും കളി തുടരുകയായിരുന്നു. ഈ അവസരം മുതലെടുത്താണ് ടോറസ് വലകുലുക്കിയത്. എന്നിട്ടും ഗോള്‍ അനുവദിച്ചതില്‍ മയ്യോര്‍ക്ക താരങ്ങള്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
33-ാം മിനിറ്റില്‍ മനു മോര്‍ലാനസിനും 39-ാം മിനിറ്റില്‍ മുരിക്കിക്കും ചുവപ്പ് കാര്‍ഡ് ലഭിച്ചു. ഇതോടെ മയ്യോര്‍ക്ക ഒന്‍പത് പേരായി ചുരുങ്ങി. രണ്ടാം പകുതിയുടെ അവസാനം ഇഞ്ചുറി ടൈമില്‍ ലാമിന്‍ യമാല്‍ കൂടി ഗോളടിച്ചതോടെ ബാഴ്‌സ വിജയം പൂര്‍ത്തിയാക്കി. ഗാവി നല്‍കിയ അസിസ്റ്റില്‍ നിന്ന് ഒരു മികച്ച ഗോളോടെയാണ് യമാല്‍ വലകുലുക്കിയത്.
Content Highlights: Raphinha and Yamal Score as Barcelona Starts La Liga Title Defense Beating 9-man Mallorca