
മോസ്കോ: അലാസ്കയിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ച സമയോചിതവും അങ്ങേയറ്റം ഫലപ്രദവുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. യുക്രെയ്ൻ സംഘർഷത്തിൽ അമേരിക്കയുടെ നിലപാട് റഷ്യ അംഗീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ പുടിൻ സമാധാനപരമായ പരിഹാരം കാണാനുള്ള റഷ്യയുടെ ഉദ്ദേശ്യം ട്രംപിനോട് ആവർത്തിച്ചുവെന്നും ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. വളരെക്കാലമായി ഈ തലത്തിൽ ഇത്തരത്തിലുള്ള നേരിട്ടുള്ള ചർച്ചകൾ ഞങ്ങൾ നടത്തിയിട്ടില്ല. റഷ്യയ്ക്ക് ശാന്തമായും വിശദമായും നിലപാട് ആവർത്തിക്കാൻ അവസരം ലഭിച്ചുവെന്നും പുടിൻ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തിനിടെ കൂട്ടിച്ചേർത്തു.
'യുദ്ധം എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടിനെ ഞങ്ങൾ ബഹുമാനിക്കുന്നു. അതും ഞങ്ങളുടെ ലക്ഷ്യമാണ്. സമാധാനപരമായ മാർഗങ്ങളിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിലേക്ക് നീങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'വെന്നും പുടിൻ വ്യക്തമാക്കി. ട്രംപുമായി നടത്തിയ സംഭാഷണം വളരെ വ്യക്തവും, അർത്ഥവത്തായതുമായിരുന്നുവെന്നും പുടിൻ പറഞ്ഞു. 'എന്റെ അഭിപ്രായത്തിൽ, ആവശ്യമായ തീരുമാനങ്ങളിലേക്ക് അത് നമ്മെ അടുപ്പിക്കുന്നു'വെന്നും പുടിൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.
2022 ഫെബ്രുവരിയിൽ യുക്രെയ്നെതിരെ റഷ്യ തുറന്ന യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടായിരുന്നു അമേരിക്ക-റഷ്യ ഉച്ചകോടി ചേരുന്നത്. ഉച്ചകോടിയുടെ ഭാഗമായി വെള്ളിയാഴ്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും മൂന്ന് മണിക്കൂറോളം ആശയവിനിമയം നടത്തി.
ഇതിനിടെ സമാധാന നീക്കങ്ങൾക്ക് അമേരിക്ക സമ്മർദ്ദം ശക്തമാക്കിയിരിക്കെ യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്‌കി തിങ്കളാഴ്ച വാഷിംഗ്ടൺ സന്ദർശിക്കും. പുടിൻ-ട്രംപ് കൂട്ടിക്കാഴ്ചയ്ക്ക് പിന്നാലെ നടക്കുന്ന സെലൻസ്കിയുടെ അമേരിക്കൻ സന്ദർശനത്തെ ആകാംക്ഷയോടെയാണ് ലോകം വീക്ഷിക്കുന്നത്.
നേരത്തെ ട്രംപും പുടിനും അലാസ്കയിൽ നടത്തിയ ചർച്ചകൾ വെടിനിർത്തൽ ധാരണകളില്ലാതെയാണ് അവസാനിച്ചത്. എന്നാൽ ഡൊണെറ്റ്‌സ്കിൽ നിന്നും ലുഹാൻസ്കിൽ നിന്നും യുക്രെയ്ൻ പിന്മാറാൻ സമ്മതിച്ചാൽ മറ്റിടങ്ങളിലെ ആക്രമണം അവസാനിപ്പിക്കാമെന്ന് പുടിൻ ട്രംപിനെ അറിയിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വിവരം സെലൻസ്കിയെ ട്രംപ് അറിയിച്ചുവെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട യുക്രെനിയൻ പ്രദേശം ഉപേക്ഷിക്കാൻ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി സെലെൻസ്‌കി ഈ വാഗ്ദാനം നിരസിച്ചുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ പുടിനുമായി കൂടിക്കാഴ്ച നടത്താൻ സെലെൻസ്‌കി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Content Highlights: Talks with Donald Trump in Alaska sincere, bring us closer to necessary decisions Vladimir Putin