
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളെ കുറിച്ചുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിലെ പിശകുകൾ ചൂണ്ടിക്കാണിക്കാനും അവകാശവാദങ്ങൾ ഉന്നയിക്കാനും നിശ്ചിതമായ സമയപരിധി നൽകാറുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാർട്ടികളെ ഉൾപ്പെടുത്തിയുള്ള സുതാര്യവും ബഹുതലവുമായ പ്രക്രിയയാണ് വോട്ടർപട്ടിക തയ്യാറാക്കൽ എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഉന്നയിക്കപ്പെട്ടിരിക്കുന്ന പ്രശ്നങ്ങൾ നിശ്ചിത സമയത്ത് ചൂണ്ടിക്കാണിച്ചിരുന്നെങ്കിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് (ഇആർഒ) അവ പരിശോധിച്ച് തിരുത്താമായിരുന്നുവെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
വോട്ടർ പട്ടിക തയ്യാറാക്കുന്ന ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. നിരവധി രാഷ്ട്രീയ പാർട്ടികളും അവരുടെ ബൂത്ത് ലെവൽ ഏജന്റുമാരും ഉചിതമായ സമയത്ത് കരട് റോളുകൾ അവലോകനം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്നും എതിർപ്പുകൾ ഉന്നയിച്ചില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കരട് വോട്ടർ പട്ടിക, ഡിജിറ്റൽ, അച്ചടി ഫോർമാറ്റുകളിൽ പ്രസിദ്ധീകരിക്കുകയും എല്ലാ രാഷ്ട്രീയ പാർട്ടികളുമായും പങ്കിടുകയും ചെയ്യുന്നുവെന്നും പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിനായി ഇസിഐ വെബ്‌സൈറ്റിലും കരട് പട്ടിക പ്രസിദ്ധീകരിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു.
സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് തല ഉദ്യോഗസ്ഥരായ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് (ഇആർഒ) ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബിഎൽഒ) സഹായത്തോടെ വോട്ടർ പട്ടിക തയ്യാറാക്കുന്നതിനും അന്തിമമാക്കുന്നതിനും ചുമതലയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. പട്ടികകളുടെ കൃത്യതയുടെ ഉത്തരവാദിത്തം ഇആർഒമാർക്കും ബിഎൽഒമാർക്കുമാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആരോപണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മറുപടി പറയുന്നതിനായി നാളെ വാർത്താ സമ്മേളനം നടത്താനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ വോട്ടർ പട്ടികയിൽ വൻതോതിലുള്ള കൃത്രിമത്വം നടത്തിയെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച അരോപണം. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാരെ ചേർത്തതായും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ബിജെപി 32,707 വോട്ടുകൾക്ക് വിജയിച്ച കർണാടകയിലെ ബെംഗളൂരു സെൻട്രൽ ലോക്‌സഭാ സീറ്റിന്റെ ഭാഗമായ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം കള്ളവോട്ടുകൾ രേഖപ്പെടുത്തിയതായും രാഹുൽ ഗാന്ധി വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെ മറ്റ് പല മണ്ഡലങ്ങളിലും സമാനമായ ക്രമക്കേടുകൾ നടന്നെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. വോട്ടർ തട്ടിപ്പ് 70 മണ്ഡലങ്ങളിലെ വരെ ഫലങ്ങളെ സ്വാധീനിച്ചിരിക്കാമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചിരുന്നു. ഈ മണ്ഡലങ്ങളിലെല്ലാം കോൺഗ്രസ് 50,000ൽ താഴെ വോട്ടുകൾക്ക് പരാജയപ്പട്ടതും രാഹുൽ എടുത്ത്
പറഞ്ഞിരുന്നു.
Content Highlights: Election Commission of India slams political parties for late electoral roll error claims