സ്വാതന്ത്ര്യദിനത്തിൽ ഇറച്ചി നിരോധനം; 'ബിരിയാണി പാർട്ടി' പ്രതിഷേധം നടത്തി എഐഎംഐഎം നേതാവ്

ഇറച്ചി നിരോധനത്തെ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയും വിമർശിച്ചു. ഇത് അംഗീകരിക്കാനാവുന്നതല്ലെന്നും ഭരണഘടനാ വിരുദ്ധമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

dot image

മുംബൈ: മഹാരാഷ്ട്രയിൽ സ്വാതന്ത്ര്യദിനം, ജന്മാഷ്ടമി എന്നിവയോടനുബന്ധിച്ച് ഇറച്ചി നിരോധനം ഏർപ്പെടുത്തിയതിൽ 'ബിരിയാണി' പ്രതിഷേധവുമായി ആൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവ് ഇംത്യാസ് ജലീൽ. ഛത്രപതി സംഭാജിനഗറിലെ അദ്ദേഹത്തിന്റെ വീട്ടിൽ ബിരിയാണി പാർട്ടി നടത്തിയാണ് നേതാവ് പ്രതിഷേധിച്ചത്.

ഛത്രപതി സംഭാജിനഗർ മുനിസിപ്പൽ കോർപ്പറേഷനാണ് പ്രദേശത്തെ ഇറച്ചി വില്‍പന കേന്ദ്രങ്ങള്‍ ആഗസ്റ്റ് 15 മുതൽ 20 വരെ തുറക്കരുതെന്ന് ഉത്തരവിട്ടത്. 79ാം സ്വാതന്ത്ര്യ ദിനത്തിന്റേയും ജന്മാഷ്ടമിയുടേയും ഭാഗമായാണ് ഈ നിയന്ത്രണമെന്നാണ് വിശദീകരണം.

ഇതോടെ വീട്ടിൽ സ്വയം ബിരിയാണി പാകം ചെയ്ത ജലീൽ പ്രദേശവാസികളെ വിളിച്ചുചേർക്കുകയും ഇവർക്ക് ബിരിയാണി വിളമ്പുകയും ചെയ്തു. 'വെജിറ്റേറിയൻ ഭക്ഷണത്തിനൊപ്പം ഞാൻ ചിക്കൻ ബിരിയാണിയാണ് പാകം ചെയ്തത്. മുനിസിപ്പൽ കമ്മീഷണർ വന്നിരുന്നെങ്കിൽ അദ്ദേഹത്തിന് ഞാൻ വെജിറ്റബിൾ ഭക്ഷണം നൽകുമായിരുന്നു'വെന്നും ജലീൽ പരിഹാസരൂപേണ പറഞ്ഞു. നമ്മൾ എന്ത് കഴിക്കണമെന്നും എന്ത് കഴിക്കേണ്ടെന്നും സർക്കാർ തീരുമാനിക്കുന്നതിനെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ജലീൽ പറഞ്ഞു. സ്വാതന്ത്ര്യ ദിനവും ഈ നിരോധനവും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

മുനിസിപ്പൽ കോർപ്പറേഷനിലെ എല്ലാ ഉദ്യോഗസ്ഥരേയും ജലീൽ പാര്‍ട്ടിക്ക് ക്ഷണിച്ചിരുന്നു. ആഗസ്റ്റ് 15ന് നടക്കുന്ന ചിക്കൻ ബിരിയാണി, മട്ടൻ കുറുമ പാർട്ടിയിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നുവെന്നായിരുന്നു ജലീലിന്റെ ക്ഷണം. അതേസമയം ഇറച്ചി നിരോധനത്തെ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയും വിമർശിച്ചു. ഇത് അംഗീകരിക്കാനാവുന്നതല്ലെന്നും ഭരണഘടനാ വിരുദ്ധമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെയും ജലീൽ വിമർശിക്കുകയുണ്ടായി. വിവാദ ഉത്തരവുകൾ പിൻവലിക്കണമെന്നും ഇത്തരം ഉത്തരവുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് എന്താണെന്നും അദ്ദേഹം ചോദിച്ചു. അതേസമയം ആളുകളുടെ ഭക്ഷണത്തെ നിയന്ത്രിക്കുന്നതിൽ സർക്കാരിന് താല്പര്യമില്ല. ഇത് അനാവശ്യ വിവാദമാണെന്നുമാണ് ഫട്‌നാവിസ് പ്രതികരിച്ചത്. നാഗ്പൂർ, നാഷിക്ക്, മലേഗോൺ എന്നിവിടങ്ങളിലും മുനിസിപ്പൽ അധികൃതർ സമാന ഉത്തരവ് ഇറക്കിയിട്ടുണ്ട്.

Content Highlights: AIMIM leader Imtiaz Jaleel throws biriyani party to protest meat ban on independence day in Maharashtra

dot image
To advertise here,contact us
dot image