ഇൻസ്റ്റയിൽ 1.2 മില്ല്യൺ ഫോളോവേഴ്‌സ്, 40 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു കൊടുത്തു; സന്ദീപ ഇ ഡി പിടിയില്‍

വെബ്‌സൈറ്റിൽ ഇവർ വില്പനയ്ക്കായി നൽകിയ വസ്തുക്കൾ നിലവിലില്ലെന്നും ഉപഭോക്താക്കളെ കുറിച്ച് വിവരങ്ങളില്ലെന്നും ഇഡി കണ്ടെത്തി

dot image

ന്യൂഡൽഹി: കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇൻസ്റ്റഗ്രാം ഇുൻഫ്‌ളുവൻസറും നടിയുമായ സന്ദീപ വിർക്ക് ഇഡിയുടെ പിടിയിൽ. ഇൻസ്റ്റഗ്രാമിൽ 1.2 മില്ല്യൺ ഫോളോവേഴ്‌സ് ഉള്ള സന്ദീപ വിർക്കിനെ 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഇഡി അറസ്റ്റ് ചെയ്തതത്. ഇവരുടെ ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ വീടുകളിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 406 വിശ്വാസ വഞ്ചന, സെക്ഷൻ 420 വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി സന്ദീപ വിർക്കിനെതിരെ മൊഹാലി പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇഡി കേസെടുത്തതും അറസ്റ്റ് ചെയ്തതും. വ്യാജ വാഗ്ദാനം നൽകി തെറ്റായ വിവരങ്ങൾ അവതരിപ്പിച്ച് ആളുകളിൽനിന്ന് പണം തട്ടി എന്നായിരുന്നു ഇവർക്കെതിരായ പരാതി. തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡി അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് സന്ദീപയുടെ ഉടമസ്ഥതയിലുള്ള ഹൈബൂകെയർ എന്ന വെബ്‌സൈറ്റ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിലെത്തുന്നത്.

അംഗീകൃത സൗന്ദര്യ വർധക വസ്തുക്കളെന്ന പേരിൽ സാധനങ്ങൾ വിൽക്കുന്ന വെബ്‌സൈറ്റിന്റെ ഉടമകൂടിയാണ് താനെന്ന് വിർക്കതന്നെയാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാൽ ഇതിന്റെ പ്രവർത്തനത്തിലും ഗുരുതര തിരിമറി നടന്നതായി ഇഡി ചൂണ്ടിക്കാട്ടി. വെബ്‌സൈറ്റിൽ ഇവർ വില്പനയ്ക്കായി നൽകിയ വസ്തുക്കൾ നിലവിലില്ലെന്നും ഉപഭോക്താക്കളെ കുറിച്ച് വിവരങ്ങളില്ലെന്നും ഇഡി കണ്ടെത്തി. കമ്പനിയുടെ വിവരങ്ങൾ സുതാര്യമല്ല. കമ്പനിയുടേതെന്ന് പറയുന്ന വാട്‌സ് ആപ്പ് നമ്പർ പ്രവർത്തന രഹിതമാണ്. പേമെന്റ് സംവിധാനം തകരാറിലാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കാനായി ഇവർ ബിസിനസിനെ ഉപയോഗിച്ചെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡ് മുൻഡയറക്ടർ അംഗാരായി നടരാജൻ സേതുരാമനുമായി ഇവർക്ക് ബന്ധമുണ്ടെന്നും ഇഡി കണ്ടെത്തി. അദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഫണ്ട് വഴിതിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഇടപാടുകളുടെ രേഖകൾ ലഭിച്ചതായാണ് വിവരം. എന്നാൽ സേതുരാമൻ ആരോപണം നിഷേധിച്ചു. സന്ദീപയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. ആഗസ്റ്റ് 12ന് അറസ്റ്റിലായ് വിർക്ക് വെള്ളിയാഴ്ച വരെ ഇഡിയുടെ കസ്റ്റഡിയിൽ തുടരും.

Content Highlights: Sandeepa Virk Influencer with 1.2 million instagram followers Arrested in rs 40 crore Laundering case

dot image
To advertise here,contact us
dot image