
സ്വര്‍ണ്ണം പോലെതന്നെ വെളിച്ചെണ്ണ വിലയും ദിനംപ്രതി കൂടുകയാണ്. വീടുകളില്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതുകൊണ്ട് തന്നെ വെളിച്ചെണ്ണയുടെ വില വര്‍ധിച്ചതില്‍ മലയാളികള്‍ക്ക് ആശങ്കയാണ്. ഇത്തവണത്തെ ഓണം ആഘോഷിക്കാന്‍ പോക്കറ്റില്‍ നിന്ന് കുറച്ചധികം പണം പൊട്ടിക്കേണ്ടി വന്നേക്കാം. വിലക്കയറ്റം രൂക്ഷമാകുന്നതുകൊണ്ട് അതിന്റെ മറവില്‍ വ്യാജ വെളിച്ചെണ്ണയും മാര്‍ക്കറ്റുകളില്‍ സുലഭമായിക്കൊണ്ടിരിക്കുകയാണ്.
വെളിച്ചെണ്ണ വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയുന്നത് ബുദ്ധിമുട്ടുളള കാര്യമാണ്. വെളിച്ചെണ്ണ മായം കലര്‍ന്നതാണോ എന്ന് തിരിച്ചറിയാന്‍ അതിലെ ലേബലുകളും ചേരുവകളും പരിശോധിക്കേണ്ടതുണ്ട്. ശുദ്ധ വെളിച്ചെണ്ണയോടൊപ്പം വ്യാജനും കൂടി മിക്‌സ് ചെയ്യുമ്പോള്‍ ഇവ തിരിച്ചറിയാന്‍ പ്രയാസമാണ്.
വെളിച്ചെണ്ണയുടെ സുഗന്ധവും രുചിയും വ്യാജനില്‍ ഉണ്ട് എന്നതാണ് വാസ്തവം. വ്യാജ വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിച്ചാല്‍ മറവിരോഗം, തലവേദന, ഹൃദ്‌രോഗം, സ്‌ട്രോക് പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുളള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
വ്യാജ വെളിച്ചെണ്ണ എങ്ങനെ തിരിച്ചറിയാം
ഒരു ഗ്ലാസില്‍ വെളിച്ചെണ്ണ എടുത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. എണ്ണ ശുദ്ധമാണെങ്കില്‍ കട്ടയാകും. മായം കലര്‍ന്ന വെളിച്ചെണ്ണ ആണെങ്കില്‍ നിറവ്യത്യാസവും ഉണ്ടാവും.
വെളിച്ചെണ്ണയില്‍ അല്‍പ്പം വെണ്ണ ചേര്‍ത്ത് നോക്കൂ. എണ്ണയുടെ നിറം ചുവപ്പായാല്‍ പെട്രോളിയവും നേരിയ ചുവപ്പ് നിറമാണെങ്കില്‍ ആര്‍ജിമോണ്‍ ഓയിലും ചേര്‍ന്നിട്ടുണ്ടെന്ന് മനസിലാക്കാം.
ശുദ്ധമായ വെളിച്ചെണ്ണ ചൂടാക്കുമ്പോള്‍ നല്ല വാസന ഉണ്ടാവും.
ഒരു ഗ്ലാസില്‍ വെള്ളം എടുത്ത് അതില്‍ ഒരു തുളളി വെളിച്ചെണ്ണ ഒഴിക്കുക. ശുദ്ധമാണെങ്കില്‍ അത് വെള്ളത്തില്‍ പൊങ്ങികിടക്കുകയും മായം കലര്‍ന്നതാണെങ്കില്‍ അത് വെള്ളത്തില്‍ ലയിക്കുകയും ചെയ്യും.
വെളിച്ചെണ്ണയുടെ കവറിലോ കുപ്പിയിലോ പതിപ്പിച്ചിരിക്കുന്ന ലേബല്‍ പരിശോധിക്കണം. പ്രിസര്‍വേറ്റീവുകളും രാസവസ്തുക്കളും ചേര്‍ക്കാത്ത ശുദ്ധമായ വെളിച്ചെണ്ണ എന്ന് ലേബലില്‍ എഴുതിയിട്ടുണ്ടോ എന്ന് പരിശോധിക്കണം.
Content Highlights :Fake coconut oil is becoming more common in the market; how to identify a fake one