
ന്യൂഡല്‍ഹി: അമേരിക്കയെയും പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെയും രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് മുഖമാസികയായ ഓര്‍ഗനൈസര്‍. അമേരിക്ക ഭീകരവാദത്തെയും സ്വേച്ഛാധിപത്യത്തെയും പ്രോത്സാഹിപ്പിക്കുകയാണെന്ന് ഓര്‍ഗനൈസര്‍ വിമര്‍ശിച്ചു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധികതാരിഫ് ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി ചൂണ്ടിക്കാട്ടി 'വ്യാപാര യുദ്ധവും താരിഫും പരമാധികാരത്തെ ദുര്‍ബലപ്പെടുത്താനുള്ള പുതിയ ആയുധങ്ങള്‍' ആണെന്ന് ഓര്‍ഗനൈസര്‍ ചൂണ്ടിക്കാട്ടി.
ലോകം അനിശ്ചിതത്വത്തിലാണ്. സ്വതന്ത്രവും ജനാധിപത്യവുമായ ലിബറല്‍ ലോകത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങളെല്ലാം അവ്യക്തമാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. സൈനിക ശക്തിയിലും സാമ്പത്തിക ചൂഷണത്തിലും അധിഷ്ഠിതമായ അമേരിക്ക കുത്തകയാക്കി വച്ചിരുന്ന അനിയന്ത്രിതമായ ലോകക്രമം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും എഡിറ്റോറിയല്‍ വിമര്‍ശിച്ചു.
ലോക മഹായുദ്ധത്തിന് ശേഷം ലോകമെമ്പാടും ജനാധിപത്യം, സ്ഥിരത, സമാധാനം എന്നിവ വ്യാപിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ നമ്മള്‍ കരുതിയതില്‍ നിന്നും തികച്ചും വിഭിന്നമായ സാഹചര്യമാണിതെന്നും അമേരിക്കന്‍ ഏക ധ്രുവ ലോകം അധഃപതനത്തിലേക്ക് നീങ്ങുകയാണെന്നും ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ അപ്രസക്തവും കാര്യക്ഷമമല്ലാത്തതുമാണെന്നും തെളിയിക്കപ്പെടുകയാണെന്നും ഓര്‍ഗനൈസര്‍ വിമര്‍ശിച്ചു.
ലോക യുദ്ധങ്ങള്‍, അനാവശ്യമായ താരിഫ് അടക്കമുള്ള കാര്യങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കുകയാണെന്നും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെ മിശ്ശിഹയെന്ന് സ്വയം അവകാശപ്പെടുന്ന അമേരിക്ക തീവ്രവാദത്തെയും സ്വേച്ഛാധിപത്യത്തേയും പ്രേത്സാഹിപ്പിക്കുകയാണെന്നും ഓര്‍ഗനൈസര്‍ വിമര്‍ശിച്ചു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങല്‍ തുടരുന്നതിന് മറുപടിയായാണ് ഇന്ത്യയ്ക്ക് പകരം തീരുവ അമേരിക്ക കുത്തനെ ഉയര്‍ത്തിയത്. ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിടുകയായിരുന്നു. ഇതോടെയാണ് 50 ശതമാനം തീരുവയിലേക്കെത്തിയത്. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു.
Content Highlights: US promoting terrorism & dictatorship in the world RSS Mouth piece organizer