ഒരൊറ്റ കെട്ടിടത്തില്‍ 315 വോട്ടുകള്‍; ബെംഗളൂരു നോര്‍ത്തിലും ക്രമക്കേട്; അന്വേഷണം തുടര്‍ന്ന് റിപ്പോര്‍ട്ടര്‍

കെട്ടിടത്തിന്റെ ഉടമ ബിജെപിക്കാരനാണെന്ന് റിപ്പോര്‍ട്ടറിന്റെ അന്വേഷണത്തില്‍ കണ്ടെത്തി

dot image

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടുമോഷണ ആരോപണത്തില്‍ അന്വേഷണം തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ സംഘം. ബെംഗളൂരു സെന്‍ട്രലിലെ മഹാദേവപുര മണ്ഡലത്തിലെ ക്രമക്കേടുകളായിരുന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ പുറത്തുകൊണ്ടുവന്നതെങ്കില്‍ ഇത്തവണ സംഘം എത്തിയത് ബെംഗളൂരു നോര്‍ത്തിലെ കെ ആര്‍ പുര മണ്ഡലത്തിലാണ്. ഈ മണ്ഡലത്തിലെ ഇസ്ലാംപൂരിലുള്ള ഒരു കെട്ടിടത്തില്‍ 315 വോട്ടുകളാണ് വോട്ടര്‍ പട്ടികയിലുള്ളത്. ഈ കെട്ടിടത്തിന്റെ ഉടമ ബിജെപിക്കാരനാണെന്ന് റിപ്പോര്‍ട്ടറിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

മഹാദേവപുരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മണ്ഡലമാണ് കെ ആര്‍ പുര. ഇവിടെ അന്വേഷിച്ചപ്പോഴാണ് ഒരു കെട്ടിടത്തിന്റെ മേല്‍വിലാസത്തില്‍ മാത്രം 315 വോട്ടുകള്‍ ഉണ്ടെന്ന് വ്യക്തമായത്. ആ കെട്ടിടത്തില്‍ എത്തി പരിശോധിച്ചപ്പോള്‍ അതില്‍ ഒരു മുറിയില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് താമസിക്കാന്‍ കഴിയുന്നതെന്ന് മനസിലായി. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഒരാളെ പോലും റിപ്പോര്‍ട്ടര്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കേസിന്റെ വിവരങ്ങള്‍ തേടി. അതില്‍ നിന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ഒരു വര്‍ഷമായെന്ന് വ്യക്തമായി. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ലെന്നും റിപ്പോര്‍ട്ടര്‍ സംഘം കണ്ടെത്തി.

വോട്ടര്‍ പട്ടികയിലെ തട്ടിപ്പിനെതിരെ നേരത്തെ പരാതി ഉയര്‍ന്നിരുന്നുവെന്ന് കെ ആര്‍ പുര മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കെ മോഹന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ക്രമക്കേടിന് പിന്നില്‍ ബിജെപിയാണ്. അതിന് തെളിവ് തങ്ങള്‍ക്ക് ലഭിച്ചിരുന്നു. ബിജെപി നേതാവിന്റെ കാറില്‍ 365 ഓളം വോട്ടര്‍ ഐഡികള്‍ കണ്ടെത്തി. ഉടന്‍ തന്നെ തങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥര്‍ എത്തി കാറും വോട്ടര്‍ ഐഡികളും പിടിച്ചെടുത്തു. വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മിച്ച ആള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും ഡി കെ മോഹന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മഹാദേവപുരയിലായിരുന്നു റിപ്പോര്‍ട്ടര്‍ സംഘം എത്തിയത്. ഇവിടെ ഒരു മുറിയില്‍ നിന്ന് മാത്രം 80 വോട്ടര്‍മാര്‍ എന്നായിരുന്നു രാഹുല്‍ ഉയര്‍ത്തിയ ആരോപണം. 35-ാം നമ്പര്‍ മുറിയായിരുന്നു രാഹുല്‍ ഉയര്‍ത്തിയത്. റിപ്പോര്‍ട്ടര്‍ സംഘം ഇവിടെ എത്തുമ്പോള്‍ ഈ മുറിയില്‍ രണ്ടെത്തിയത് രണ്ട് പേരെ മാത്രമാണ്. നിരവധിയാളുകള്‍ ഇടയ്ക്കിടെ മുറികളില്‍ മാറിത്താമസിക്കാറുണ്ട് എന്നാണ് കെട്ടിട ഉടമ പറയുന്നത്. നേരത്തെ താമസിച്ചിരുന്നവരുടെ പേരുകളായിരിക്കാം ഈ കെട്ടിട നമ്പറില്‍ ഉണ്ടായിരുന്നിരിക്കുക എന്നും ഇയാള്‍ പറഞ്ഞിരുന്നു.

മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വലിയ ക്രമക്കേട് നടന്നുവെന്നാണ് രാഹുല്‍ ആരോപിച്ചത്. ഒരേ വിലാസത്തില്‍ എണ്‍പത് വോട്ടര്‍മാര്‍ ഇവിടെയുണ്ട് എന്നതായിരുന്നു രാഹുലിന്റെ ആരോപണം. നാല് ബൂത്തുകളില്‍ വരെ വോട്ടുള്ള വോട്ടര്‍മാര്‍, പല സംസ്ഥാനങ്ങളില്‍ വോട്ടുള്ളവര്‍, വ്യാജ വിലാസമുള്ള നിരവധി പേര്‍, ഫോട്ടോകളില്ലാത്ത വോട്ടര്‍മാര്‍, പുതിയ വോട്ടര്‍മാര്‍ക്കുള്ള ഫോം ആറ് ദുരുപയോഗം ചെയ്തവര്‍ എന്നിങ്ങനെ നിരവധി ആരോപണങ്ങളും രാഹുല്‍ ഉയര്‍ത്തിയിരുന്നു.

Content Highlights- Reporter team arrived in Bengaluru north after rahul gandhi vote theft allegation

dot image
To advertise here,contact us
dot image