
തിരുവനന്തപുരം: ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ കുടുക്കി തട്ടിക്കൊണ്ടു പോയി മൂന്ന് പവന്‍ സ്വര്‍ണാഭരണം കവര്‍ന്നതായി പരാതി. ഇതിനെ തുടര്‍ന്ന് സംഭവത്തില്‍ പങ്കാളികളായ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലപ്പുഴയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അഞ്ചംഗ സംഘം കാറില്‍ കടത്തിക്കൊണ്ടുപോയെന്നും കാറില്‍ വച്ച് നഗ്നനാക്കി ഫോട്ടോയെടുത്തെന്നും വെഞ്ഞാറമൂട് സ്വദേശിയായ യുവാവാണ് പൊലീസില്‍ പരാതി നല്‍കിയത്. 3 പവന്റെ മാല തട്ടിയെടുത്ത ശേഷം പാലോടിനടുത്തുള്ള സുമതി വളവില്‍ സംഘം ഉപേക്ഷിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
ഡേറ്റിങ് ആപ്പിലൂടെ യുവതിയായി നടിച്ചാണ് സംഘത്തിലുള്ളവര്‍ യുവാവിനെ പരിചയപ്പെട്ടത്. ആപ്പില്‍ നല്‍കിയിട്ടുള്ള 'യുവതി'യുടെ ഫോട്ടോ കണ്ട് ആകൃഷ്ടനായ യുവാവ് അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് 'യുവതി' പറഞ്ഞതനുസരിച്ച് യുവാവ് വെഞ്ഞാറമൂട്ടിലെത്തി. ഇവിടെ നിന്ന് സംഘത്തിന്റെ കാറില്‍ കയറി. അതിന് ശേഷം തന്നെ മര്‍ദ്ദിച്ച് സ്വര്‍ണാഭരണം കവര്‍ന്ന് നഗ്നനാക്കി ചിത്രം എടുത്തതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നു.
പാലോട് നിന്ന് നാല് കിലോമീറ്റര്‍ അകലെ മൈലമൂട് പാലത്തിന് അടുത്താണ് സുമതി വളവ്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് വരുമ്പോള്‍ പാലോട് ജംഗ്ഷനില്‍ നിന്ന് കല്ലറ-പാങ്ങോട്ടേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം. സുമതിയെന്ന യുവതി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സുമതി വളവെന്ന് പേരുവന്നത്.
Content Highlights: A complaint was filed that a young man was trapped, kidnapped and robbed