'സു ഫ്രം സോ' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം രാജ് ബി ഷെട്ടി വീണ്ടും! 'കരാവലി' ഫസ്റ്റ് ലുക്ക് പുറത്ത്

ചിത്രത്തിൽ മാവീര എന്ന നിർണായക വേഷത്തിലാണ് രാജ് ബി ഷെട്ടി അഭിനയിക്കുന്നത്.

dot image

കന്നഡയിൽ നിന്നെത്തിയ 'സു ഫ്രം സോ' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം രാജ് ബി ഷെട്ടി, സംവിധായകൻ ഗുരുദത്ത് ഗാനിഗയുമായി ഒന്നിച്ചെത്തുന്ന 'കരാവലി' വരുന്നു. കർണാടകയുടെ തീരദേശ കാൻവാസിലൊരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മൃഗം vs മനുഷ്യൻ" എന്ന ടാഗ് ലൈനുമായി എത്തിയിരിക്കുന്ന പോസ്റ്ററിൽ രണ്ട് എരുമകൾക്ക് നടുവിൽ തീക്ഷ്ണമായ കണ്ണുകളും കൈയ്യിൽ തീപ്പന്തവുമേന്തി നിൽക്കുന്ന രാജ് ബി ഷെട്ടിയെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.

പ്രജ്വാൾ ദേവരാജ് ആണ് നായകനായി എത്തുന്ന ചിത്രത്തിൽ മാവീര എന്ന നിർണായക വേഷത്തിലാണ് രാജ് ബി ഷെട്ടി അഭിനയിക്കുന്നത്. മണ്ണിൽ നിന്ന് ജനിച്ച ഒരു ആത്മാവായിട്ടാണ് മാവീര എന്ന കഥാപാത്രത്തെ സംവിധായകൻ ഗുരുദത്ത ഗാനിഗ വിശേഷിപ്പിക്കുന്നത്. "സിനിമയുടെ എഴുത്ത് തുടങ്ങിയപ്പോൾ, മാവീരയുടെ വേഷം ആര് അവതരിപ്പിക്കുമെന്ന് ഞങ്ങൾക്ക് ഒരു ഊഹവുമില്ലായിരുന്നു. ആദ്യ ടീസർ പുറത്തിറങ്ങിയതിനുശേഷമുള്ള പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു, പ്രത്യേകിച്ച് കമ്പളയുടെ സത്തയും ഈ പത്ത് സെക്കൻഡ് കായിക വിനോദത്തിന് പിന്നിലെ ചൈതന്യവും മനസ്സിലാക്കുന്ന ജനങ്ങളിൽ നിന്നുള്ള പ്രതികരണം വിസ്മയിപ്പിച്ചു'', സംവിധായകന്‍റെ വാക്കുകള്‍.

"ഞങ്ങൾ നിരവധി അഭിനേതാക്കളുമായി സംസാരിച്ചിരുന്നു, അവർക്ക് കഥാപാത്രം ഇഷ്ടപ്പെട്ടു, പക്ഷേ എന്തോ ഒന്ന് ചേർന്നിരുന്നില്ല. തീരദേശ ആചാരങ്ങളിൽ വേരൂന്നിയുള്ള കഥയായതിനാൽ, കഥാപാത്രത്തെ ആത്മാവിൽ ചേർക്കുന്ന അത്രയും മനസ്സിലാക്കുന്ന ഒരാളെ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അങ്ങനെ രാജിനെ കണ്ടു കഥ പറഞ്ഞു. പക്ഷേ, സു ഫ്രം സോയിലെ ഉൾപ്പെടെ നിരവധി സിനിമകളുടെ തിരക്കിലായിരുന്നു അദ്ദേഹം. ഞാൻ തളർന്നില്ല. അഞ്ച് മീറ്റിംഗുകൾക്ക് ശേഷം, അദ്ദേഹം ചോദിച്ചു, 'നിങ്ങൾക്ക് വിരോധമില്ലെങ്കിൽ, നിങ്ങൾ ചിത്രീകരിച്ച ചില ഭാഗങ്ങൾ ഞാൻ കാണട്ടെ?' ഞാൻ സമ്മതിച്ചു, ഫൂട്ടേജ് കണ്ടപ്പോൾ അദ്ദേഹം സമ്മതം അറിയിച്ചു. രാജ് മാവീരയെ അവതരിപ്പിക്കുക മാത്രമല്ല, മാവീരയായി ജീവിക്കുകയായിരുന്നു", ഗുരുദത്ത ഗാനിഗ പറയുന്നു.

"മാവീരയുടെ വരവ്" എന്ന തലവാചകവുമായെത്തിയിരിക്കുന്ന പോസ്റ്ററിൽ രാജ് ബി ഷെട്ടിയുടെ ലുക്ക് ആകാംക്ഷ ഉയർത്തുന്നതാണ് . തീരദേശ കർണാടകയിൽ വ്യാപകമായി ചിത്രീകരിച്ച കരാവലി അതിജീവനം, വിശ്വസ്തത, മനുഷ്യനും മൃഗവും തമ്മിലുള്ള പ്രാഥമിക സംഘർഷാവസ്ഥകള്‍ എന്നീ വിഷയങ്ങളിലൂന്നിയുള്ളതാണ്.

പ്രജ്വാൾ ദേവരാജ്, രാജ് ബി ഷെട്ടി എന്നിവരെ കൂടാതെ മിത്രയും ഒരു നിർണായക വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നു, രമേശ് ഇന്ദിരയും ശ്രദ്ധേയ കഥാപാത്രമായുണ്ട്. സമ്പാതയാണ് നായിക. വികെ ഫിലിം അസോസിയേഷനും ഗാനിഗ ഫിലിംസും ചേർന്നാണ് ഈ പ്രോജക്റ്റ് നിർമ്മിച്ചിരിക്കുന്നത്, സച്ചിൻ ബസ്രൂർ സംഗീതവും അഭിമന്യു സദാനന്ദൻ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നു. കരാവലി ഈ വർഷം അവസാനം റിലീസിനായി ഒരുങ്ങുകയാണ്.

content highlights : After the blockbuster Su From so, Raj B shetty's upcomimg movie 'Karavali' first look released

dot image
To advertise here,contact us
dot image