
പട്ന: ബിഹാറിലെ പുതിയ വോട്ടർ പട്ടികയിൽ തന്റെ പേരില്ലെന്ന പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ ആരോപണം കയ്യോടെ പൊളിച്ചുകൊടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണം ഉയർത്തി നിമിഷങ്ങൾക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ തേജസ്വിയുടെ വോട്ടർ പട്ടിക വിവരങ്ങൾ പുറത്തുവിട്ടു. ബൂത്ത് നമ്പർ അടക്കമുള്ള വോട്ടർ പട്ടികയിലെ ചിത്രമാണ് കമ്മീഷൻ പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസമാണ് ബിഹാറിലെ പുതുക്കിയ വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകരുടെ വലിയ ഒരു പടയ്ക്ക് മുൻപാകെയായിരുന്നു തേജസ്വി ആരോപണം ഉന്നയിച്ചത്. വെബ്‌സൈറ്റിൽ തന്റെ ഐഡി കാർഡ് നമ്പർ നൽകിയപ്പോൾ വിവരങ്ങൾ ലഭ്യമല്ല എന്നാണ് കാണിച്ചത്. ഇവയെല്ലാം തേജസ്വി ഒരു വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നുമുണ്ടായിരുന്നു. ശേഷം ഇനി താൻ എങ്ങനെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന് ചോദിക്കുകയും ചെയ്തു.
തേജ്വസിയുടെ ആരോപണങ്ങളുടെ ചൂടാറും മുൻപേ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടിയുമായി രംഗത്തെത്തി. തേജസ്വിയുടേത് മോശവും തെറ്റായതുമായ ആരോപണമെന്ന് പറഞ്ഞ കമ്മീഷൻ അദ്ദേഹത്തിന്റെ വോട്ടർ പട്ടിക വിവരങ്ങൾ പുറത്തുവിടുകയും ചെയ്തു.
ഏറെ വിവാദമായ ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിന് പിന്നാലെ 65 ലക്ഷം വോട്ടർമാരെയാണ് കമ്മീഷൻ ഒഴിവാക്കിയത്. മരിച്ചവർ, സംസ്ഥാനം വിട്ടുപോയവർ, കണ്ടെത്താൻ കഴിയാത്തവർ, ഒന്നിലേ തവണ രജിസ്റ്റർ ചെയ്തവർ എന്നിവരെയാണ് ഒഴിവാക്കിയത് എന്നാണ് വിവരം. തലസ്ഥാനമായ പട്നയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ പുറത്തായത്. 3.95 ലക്ഷം പേരാണ് പട്നയിൽ നിന്ന് പുറത്തായത്. മറ്റ് പലയിടങ്ങളിൽ നിന്നും ലക്ഷകണക്കിന് പേർ പുറത്തായിരുന്നു. ഇതോടെ ആകെ വോട്ടർമാരുടെ എണ്ണം 7.9 കോടിയിൽ നിന്നും 7.24 കൂടിയായി കുറഞ്ഞു.
Content Highlights: Tejaswi says his name not in voters list, EC responds