ആ അക്ഷര വെളിച്ചം അണഞ്ഞു; മലയാളത്തിന്റെ പ്രിയ സാനു മാഷ് ഇനി ഓര്‍മകളില്‍

മറ്റൊരു അക്ഷര വെളിച്ചം കൂടി കാലയവനികയില്‍ മറഞ്ഞത് മലയാള സാഹിത്യ ലോകത്തിന് തീരാനഷ്ടമാണ്

dot image

പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ. എം കെ സാനുവിന്റെ വിടവാങ്ങലിലൂടെ മലയാള സാഹിത്യരംഗത്തിനുണ്ടായിരിക്കുന്നത് നികത്താനാവാത്ത വിടവാണ്. അധ്യാപകന്‍, എഴുത്തുകാരന്‍, ചിന്തകന്‍ എന്നീ നിലകളില്‍ അദ്ദേഹം സമൂഹത്തിൽ നിറഞ്ഞുനിന്നു. സാനു മാഷ് എന്ന് ഏറെ സ്‌നേഹത്തോടെ മലയാളികള്‍ വിളിച്ചിരുന്ന എം കെ സാനു മലയാളത്തിന്റെ സാഹിത്യവേദികളില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്ന വ്യക്തിത്വമായി തന്നെ തുടരും. മലയാളത്തിന്റെ മറ്റൊരു അക്ഷര വെളിച്ചം കൂടി കാലയവനികയില്‍ മറയുമ്പോള്‍ അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പില്‍ നിന്നടരേണ്ടിയിരുന്ന കൃതികള്‍ മലയാള സാഹിത്യ ലോകത്തിന് തീരാനഷ്ടമാണ്.

എം കെ സാനു

1928 ഒക്ടോബര്‍ 27ന് ആലപ്പുഴ ജില്ലയിലെ തുമ്പോളിയിലായിരുന്നു എം കെ സാനുവിന്റെ ജനനം. ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ അതീവ സമ്പന്നതയില്‍ ജീവിച്ചുപോന്നിരുന്ന സാനു, അച്ഛന്റെ മരണത്തിന് ശേഷം ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും പടുകുഴിയിലേക്ക് തള്ളപ്പെട്ടു. അപ്രതീക്ഷിതമായി എത്തപ്പെട്ട നിസ്സാഹയതയില്‍ തളരാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അതിനെ ചവിട്ടുപടിയാക്കി അദ്ദേഹം സാഹിത്യലോകത്തും സാംസ്‌കാരിക മണ്ഡലത്തിലും നിറസാന്നിധ്യമായി മാറി. പിന്നീടങ്ങോട്ടുള്ള ജീവിതം സാഹിത്യലോകത്തിന് വേണ്ടി സാനു മാഷ് അര്‍പ്പിക്കുകയായിരുന്നു എന്നതിന് തെളിവാണ് വാര്‍ധക്യത്തിന്റെ അവശതകളില്‍ പോലും പുസ്തകങ്ങളെഴുതാന്‍ അദ്ദേഹം കാണിച്ച ആര്‍ജവം. സ്‌കൂള്‍ അധ്യാപകനായാണ് എം കെ സാനു തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് വിവിധ കോളേജുകളിലും അധ്യാപകനായി പ്രവര്‍ത്തിച്ചു. ദീര്‍ഘകാലത്തേക്ക് എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്ന സാനു, 1983ലാണ് അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ച് മുഴുവന്‍ സമയം സാഹിത്യകാരനായത്.

എം കെ സാനു

1958ല്‍ 'അഞ്ചു ശാസ്ത്ര നായകന്മാര്‍' എന്ന ആദ്യ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തോടെ എഴുത്തുകാരന്‍ എന്ന നിലയിൽ അദ്ദേഹം സമൂഹത്തിൽ ഉയർത്തപ്പെട്ടു. സൗമ്യവും കരുത്തുറ്റതുമായ ഭാഷയില്‍ മലയാള നിരൂപണത്തിന് മറ്റൊരു മാനം കണ്ടെത്തിയ സാനു വിമര്‍ശനത്തിലും ഒട്ടും പിന്നോട്ടായിരുന്നില്ല. ഇടത് ചിന്തകള്‍ക്കൊപ്പം സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാടുകള്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളിലൂന്നിയായിരുന്നു. എഴുത്തുകളിലൂടെ, തന്റെ ചടുലമായ പ്രസംഗങ്ങളിലൂടെ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ മലയാളികളിലേക്കെത്തിക്കാന്‍ എന്നും സാനു ശ്രമിച്ചുകൊണ്ടിരുന്നു. കേരളത്തിലെ ഏറ്റവും മികച്ച പ്രാസംഗികര്‍ മുണ്ടശ്ശേരിയും, അഴീക്കോടും, എം കെ സാനുവുമാണെന്ന കെ ബാലകൃഷ്ണന്റെ വാക്കുകള്‍ മലയാളിക്ക് എം കെ സാനു ആരായിരുന്നു എന്നതിന് അടിവരയിടുന്നതായിരുന്നു.

എം കെ സാനു

'ചങ്ങമ്പുഴ കൃഷ്ണപിള്ള; നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം' എന്ന ചങ്ങമ്പുഴയെക്കുറിച്ചുള്ള മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ജീവചരിത്രവും എം കെ സാനു എഴുതിയിട്ടുണ്ട്. ബഷീറിനെപ്പറ്റി 'ഏകാന്തവീഥിയിലെ അവധൂതൻ', പി കെ ബാലകൃഷ്ണനെപ്പറ്റി 'ഉറങ്ങാത്ത മനീഷി', ആൽബർട്ട് ഷ്വറ്റ്സറെപ്പറ്റി 'അസ്‌തമിക്കാത്ത വെളിച്ചം', 'യുക്തിവാദി എം സി ജോസഫ്' തുടങ്ങിയ ജീവചരിത്ര രചനകളും പ്രശസ്തമാണ്. ആശാൻ കവിതയെപ്പറ്റി ആഴത്തിലുള്ള പഠനവും അദ്ദേഹം നടത്തിയിട്ടുണ്ട്.

നിരാലംബരായ വനിതകൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന തപസ്വിനി അമ്മയെക്കുറിച്ചുള്ള പുസ്തകമാണ് അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് അവസാനമായി പിറന്നത്. ഈ മെയ് മാസത്തിലാണ് തന്റെ പുതിയ പുസ്തകത്തിന്റെ രചന പ്രൊഫ എം കെ സാനു പൂര്‍ത്തിയാക്കിയത്. തപസ്വിനി അമ്മയുടെ ജീവിത്തെ മുന്‍നിര്‍ത്തി എഴുതിയ അദ്ദേഹത്തിന്റെ അവസാന പുസ്തകം ‘തപസ്വിനി അമ്മ: അബലകള്‍ക്ക് ശരണമായി പ്രവര്‍ത്തിച്ച പുണ്യവതി’ ജൂണ്‍ 22ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.

പുസ്തകത്തിന്റെ അവസാന അധ്യായം എഴുതി പൂർത്തീകരിക്കുന്ന പ്രൊഫ. എം കെ സാനു, തപസ്വിനി അമ്മ

ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം, അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക്: ആശാൻ പഠനത്തിന് ഒരു മുഖവുര, ഇവർ ലോകത്തെ സ്നേഹിച്ചവർ, എം. ഗോവിന്ദൻ, യുക്‌തിവാദി എം സി. ജോസഫ്, ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ, അസ്‌തമിക്കാത്ത വെളിച്ചം, ഉറങ്ങാത്ത മനീഷി, കർമഗതി, മൃത്യുഞ്ജയം കാവ്യജീവിതം, ഇരുളും വെളിച്ചവും, രാജവീഥി, ചുമരിലെ ചിത്രങ്ങൾ, പ്രഭാതദർശനം, അവധാരണം, താഴ്വരയിലെ സന്ധ്യ, സഹോദരൻ കെ അയ്യപ്പൻ എന്നിവയായിരുന്നു എം കെ സാനുവിന്റെ പ്രധാന കൃതികൾ. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും സാനു മാഷിനെ തേടി എത്തിയിട്ടുണ്ട്.

Content Highlight; Renowned Malayalam Writer M.K. Sanu Passes Away

dot image
To advertise here,contact us
dot image