'ഭയപ്പെട്ട് ഓടിപ്പോകില്ല'; അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ് സന്യാസി സമൂഹത്തിന്റെ മദര്‍ ജനറല്‍

മിഷന്‍ പ്രവര്‍ത്തനം ചെയ്തിട്ട് ഇത്രയും നാള്‍ ഭയം ഇല്ലായിരുന്നുവെന്നും മദര്‍ ജനറല്‍

dot image

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം പേടിയുടെ അന്തരീക്ഷമുണ്ടാക്കിയിട്ടുണ്ടെന്ന് അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ് സന്യാസി സമൂഹത്തിന്റെ മദര്‍ ജനറല്‍. എന്നാല്‍ തങ്ങള്‍ പേടിച്ച് പോകില്ലെന്നും മദര്‍ ജനറല്‍ പറഞ്ഞു. മത പ്രവര്‍ത്തനത്തിന് പേടിയുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു മദര്‍ ജനറലിന്റെ മറുപടി.

കേസ് ഇല്ലാതായിക്കിട്ടണം എന്നാണ് ആഗ്രഹമെന്നും മദര്‍ ജനറല്‍ പറഞ്ഞു.

'ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. കേസ് ഒഴിവാക്കിത്തരണം എന്നാണ് ആഗ്രഹം. മിഷന്‍ പ്രവര്‍ത്തനം ചെയ്തിട്ട് ഇത്രയും നാള്‍ ഭയം ഇല്ലായിരുന്നു. ഇനിയും ഭയപ്പെട്ട് ഓടിപ്പോകില്ല. രണ്ട് കന്യാസ്ത്രീകളും ഇവിടെ തന്നെ ഉണ്ടാകും. ഭയപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ ഭയപ്പെടാനില്ല', മദര്‍ ജനറല്‍ പറഞ്ഞു.

രാജ്യത്ത് മൊത്തത്തില്‍ ഒരു ഭയപ്പാടിന്റെ അന്തരീക്ഷം ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്‍ഐഎ അന്വേഷണവും കേസും ഒഴിവാക്കി തരണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം ബാലോദ് ജില്ലയിലെ ദില്ലിരാജാറായിലേക്കാണ് കന്യാസ്ത്രീകളെ മാറ്റുന്നത്.

ഇന്ന് രാവിലെയാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് ബിലാസ്പുര്‍ എന്‍ഐഎ കോടതി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത്. എന്‍ഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് പ്രധാന വ്യവസ്ഥ. പാസ്‌പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ നല്‍കണമെന്നും ജാമ്യകാലയളവിലെ വാസസ്ഥലം എന്‍ഐഎയെ അറിയിക്കണമെന്നും വ്യവസ്ഥയിലുണ്ട്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, അന്വേഷണ ഏജന്‍സി ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, കേസിനെപ്പറ്റി പൊതുമധ്യത്തില്‍ പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും എന്‍ഐഎ കോടതി മുന്നോട്ടുവെച്ചു. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും കോടതി നിര്‍ദേശിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ വൈകിട്ടോടെ കന്യാസ്ത്രീകള്‍ പുറത്തിറങ്ങി.

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യകടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍.

Content Highlights: Mother General reaction on Malayali Nun bail

dot image
To advertise here,contact us
dot image