കന്യാസ്ത്രീകൾക്കൊപ്പം അറസ്റ്റിലായ 19കാരനും ജയിൽ മോചിതൻ

ജയില്‍ മോചിതനായ യുവാവ് നാട്ടിലേക്ക് പോയെന്ന് റായ്പൂര്‍ അതിരൂപത വക്താവ് ഫാദര്‍ സെബാസ്റ്റ്യന്‍ പൂമറ്റം പറഞ്ഞു

dot image

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം അറസ്റ്റിലായ നാരായണ്‍പൂരിലെ 19കാരനും ജയില്‍ മോചിതനായി. നാരായണ്‍പുര്‍ ജില്ലയിലെ മര്‍കബട ഹജമിമേറ്റ സ്വദേശി സുഖ്മാന്‍ മാണ്ഡവിക്ക് ആണ് ജാമ്യം ലഭിച്ചത്. കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ച ബിലാസ്പുര്‍ എന്‍ഐഎ കോടതിയാണ് യുവാവിനും ജാമ്യം നല്‍കിയത്. റായ്പൂര്‍ അതിരൂപത യുവാവിന് ഉള്‍പ്പെടെ ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു എന്‍ഐഎ കോടതിയെ സമീപിച്ചത്. ജയില്‍ മോചിതനായ യുവാവ് നാട്ടിലേക്ക് പോയെന്ന് റായ്പൂര്‍ അതിരൂപത വക്താവ് ഫാദര്‍ സെബാസ്റ്റ്യന്‍ പൂമറ്റം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഇന്ന് രാവിലെയായിരുന്നു കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് ബിലാസ്പുര്‍ എന്‍ഐഎ കോടതി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത്. എന്‍ഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് പ്രധാന വ്യവസ്ഥ. പാസ്‌പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ നല്‍കണമെന്നും ജാമ്യകാലയളവിലെ വാസസ്ഥലം എന്‍ഐഎയെ അറിയിക്കണമെന്നും വ്യവസ്ഥയിലുണ്ട്.

രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, അന്വേഷണ ഏജന്‍സി ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, കേസിനെപ്പറ്റി പൊതുമധ്യത്തില്‍ പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും എന്‍ഐഎ കോടതി മുന്നോട്ടുവെച്ചു. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും കോടതി നിര്‍ദേശിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ വൈകിട്ടോടെ കന്യാസ്ത്രീകള്‍ പുറത്തിറങ്ങി.

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യകടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായിരുന്ന സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍.

Content Highlights: Youth who also jailed with Malayali Nuns get bail

dot image
To advertise here,contact us
dot image