
നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലിലാണ് സിനിമാ ലോകം. ഈ അടുത്ത കാലത്ത് ഗംഭീര വേഷങ്ങളാണ് നവാസിന് ലഭിച്ചിരുന്നതെന്നും അതിന്റെ സന്തോഷം അവസാനം കണ്ടപ്പോൾ പങ്കുവെച്ചിരുന്നതായും സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കിൽ കുറിച്ചു. ഒരു നിശ്വാസത്തിനിടയിൽ പുരുഷന്റെയും സ്ത്രീയുടെയും ശബ്ദം മാറി മാറി എടുക്കാൻ കഴിയുന്ന അപൂർവമായ കഴിവിന് അപ്പുറം ഇക്ക ഒരു അസ്സൽ ഗായകൻ കൂടിയാണെന്നും സുരാജ് കുറിച്ചു.
'സിനിമയിലൂടെ എന്റെ ജീവിതത്തിലേക്ക് കൂടി നടന്നു കയറിയ വളരെകുറച്ചു ചങ്ങാതിമാരിൽ ഒരാളായിരുന്നു പ്രിയപ്പെട്ട നവാസിക്ക…
ഒരു കലാകാരൻ എന്ന നിലയിൽ മാത്രമല്ല ഒരുപാട് നന്മയും മറ്റുള്ളവരോട് കരുതലുമുള്ള ഒരു തികഞ്ഞ മനുഷ്യസ്നേഹി…
ഞങ്ങൾ പരിചയപ്പെടുന്ന കാലത്ത് ഞാൻ സിനിമയിൽ ഇല്ല…ഞങ്ങളുടെ പ്രോഗ്രാം വേദികളിൽ ഗസ്റ്റ് ആയിട്ട് സിനിമ താരമായ നവാസിക്കയെ കൊണ്ട് വരിക എന്നതായിരുന്നു അക്കാലത്തെ ഏറ്റവും വലിയ അഭിമാനം…
ഒരു നിശ്വാസത്തിനിടയിൽ പുരുഷന്റെയും സ്ത്രീയുടെയും ശബ്ദം മാറി മാറി എടുക്കാൻ കഴിയുന്ന അപൂർവമായ കഴിവിന് അപ്പുറം ഇക്ക ഒരു അസ്സൽ ഗായകൻ കൂടിയാണ്… ഒരു തികഞ്ഞ കലാകാരൻ… കാലങ്ങൾ കഴിഞ്ഞു പോകവേ ഓരോ കാഴ്ചയിലും ഞങ്ങൾ ഓരോ വേദികളിലും പങ്കിട്ട നിമിഷങ്ങളെ കുറിച്ചും അവിടുണ്ടായ രസകരമായ നിമിഷങ്ങളെയും കുറിച്ചു പറയുകയും ആർത്തലച്ചു ചിരിക്കുകയും ചെയ്യും…
ഈ അടുത്ത കാലത്ത് ഗംഭീര വേഷങ്ങളാണ് ഇക്കയെ തേടി എത്തിയിരുന്നത്.. അതിന്റെ സന്തോഷവും അവസാനം കണ്ടപ്പോൾ പങ്ക് വച്ചു കൈയുയർത്തി യാത്ര പറഞ്ഞങ്ങു നടന്നു പോയി… വിശ്വസിക്കാൻ ആകുന്നില്ല… ഓടി എത്തിയപ്പോഴേക്കും കാണുവാനും കഴിഞ്ഞില്ല…
ഒരു നിമിഷം കൂടെ ഉണ്ടായിരുന്ന ഒരു മനുഷ്യൻ ഒന്നും പറയാതെയങ്ങു പോയി.. രഹ്‌നയോടും മക്കളോടും എന്ത് പറയുമെന്ന് അറിയില്ല. ആശ്വസിപ്പിക്കാൻ വാക്കുകളില്ല..അവർക്കു ഈ വേദനയേ അതിജീവിക്കാൻ കഴിയട്ടെ… ഹൃദയത്തിൽ നിന്നും വിട' സുരാജ് കുറിച്ചു.
ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായ നിലയിൽ നവാസിനെ കണ്ടെത്തിയത്. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായായിരുന്നു നവാസ് ചോറ്റാനിക്കരയിൽ എത്തിയത്. ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. ഭാര്യ രെഹ്നയും സിനിമാതാരമാണ്. മറിമായം എന്ന ടിവി പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരൻ. ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകവെയാണ് നവാസിൻറെ വിയോഗം. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നടൻ.
കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് ശ്രദ്ധേയനായത്. 1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മിസ്റ്റർ ആൻഡ് മിസ്സിസ്, ചൈതന്യം, മിമിക്സ് ആക്ഷൻ 500, ഏഴരക്കൂട്ടം, ജൂനിയർ മാൻഡ്രേക്ക്, ഹിറ്റ്ലർ ബ്രദേഴ്സ്, ബസ് കണ്ടക്ടർ, കിടിലോൽ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാൻ, അമ്മ അമ്മായിയമ്മ, മൈ ഡിയർ കരടി, ചന്ദാമാമ, വൺമാൻ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെൺകുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Content Highlights: Suraj Venjaramoodu mourns navas death