
ശിഹാബ് എന്ന അറബി പദം ചെങ്കോൽ എന്നാണ് അർഥമാക്കുന്നത്. നേതൃദൗത്യത്തിൽ സമീപകാലത്ത് കേരളം കണ്ട മഹിതമായ ഒരു മാതൃകയായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ.പാരമ്പര്യമായി ലഭിച്ചതു കൂടെയായിരുന്നു ആ നേതൃപാടവം. ഉന്നതമായ സർവകലാശാലകളിലെ വിദ്യാഭ്യാസം, വിവേകപൂർണമായ തീരുമാനപ്പെടുപ്പ്, സൗമ്യവും ദീപ്തവുമായ ഇടപെടലുകൾ എന്നിവയിലൂടെ പൂർണരൂപം പ്രാപിച്ച നേതൃസ്വരൂപത്തിന്റെ പേരിലൊക്കെയായിരിക്കും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ രാഷ്ട്രീയചരിത്രം ഓർക്കുക. ഇന്ത്യ പോലൊരു ബഹുമത-ബഹുസ്വര സമൂഹത്തിൽ മുസ്ലിം സമൂഹം ആർജിക്കേണ്ട രാഷ്ട്രീയ സാക്ഷരത തലമുറകൾ തങ്ങളിൽ നിന്നു പഠിക്കണം. സമ്രാജ്യത്വ അധിനിവേശത്തിന്റെ കാലത്ത് രാജിയാകാത്ത പോരാട്ടങ്ങൾ കൊണ്ട് തന്റെ കാലത്തെ ചടുലമാക്കിയ ഹുസൈൻ ആറ്റക്കോയത്തങ്ങളെപ്പോലെയുള്ള പോരാളികളുടെ അനുഭവം തങ്ങൾക്കുണ്ട്. എന്നാൽ സ്വാതന്ത്ര്യാനന്തരം ഒരു ജനാധിപത്യസമൂഹത്തിലെടുക്കേണ്ട നയം എന്താണെന്ന് അദ്ദേഹം പിതാവ് പൂക്കോയത്തങ്ങളിൽ നിന്നാവണം പകർത്തിയത്.
ആരും വൈകാരികാവേശത്തിനു അടിപ്പെട്ടു പോകാവുന്ന ദുർബല നിമിഷങ്ങളിൽ സമചിത്തതയുടെ നിലപാടെടുത്ത് അദ്ദേഹം വേറിട്ടുനിന്നു. അദ്ദേഹത്തിന്റെ ലഘു പ്രഭാഷണങ്ങളിലും സംഭാഷണങ്ങളിലും എഴുത്തുകളിലും എല്ലാം ആ സൗമ്യത ചിറകു വിരിയിച്ചു. കാഴ്ചപ്പാടുകളിലും പ്രവർത്തനങ്ങളിലും എതിർചേരിയിൽ നിൽക്കുന്നവർക്ക് പോലും അടുക്കാവുന്ന തരത്തിൽ തങ്ങൾ അടുത്തുണ്ടെന്നു തോന്നിയത് ഈ ലാളിത്യം കൊണ്ടാണ്. പതുക്കെ നമ്മുടെ രാഷ്ട്രീയ-സാമൂഹിക ജീവിത പരിസരങ്ങളിൽ അത്തരം സംസ്‌കാരം അന്യം നിന്നു പോവുകയാണ്. അതുകൊണ്ടാണ് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോഴും കേരളത്തിന്റെ പൊതു നേതാവായി അദ്ദേഹം മാറിയത്. അങ്ങനെ നിർണായകമായ ചരിത്രമുഹൂർത്തങ്ങളിൽ കാലം ആവശ്യപ്പെടുന്ന കനമേറിയ കടമ നിർവഹിച്ച നേതാവായി തങ്ങൾ മാറി. പിന്നണിയിലുള്ളവരുടെ വികാരം കൊണ്ട് നയിക്കപ്പെടുന്നവനല്ല, വിവേകം കൊണ്ട് പൻനിരയിലുള്ളവരെ മുന്നോട്ട് നയിക്കുന്നവനാണ് നേതാവ് എന്ന ലളിത പാഠം പ്രായോഗികമായി കാണിക്കുകയായിരുന്നു തങ്ങൾ.
തലയെടുപ്പ് കൊണ്ട് വ്യതിരിക്തനായിരുന്നെങ്കിലും ആൾക്കുട്ടത്തിലൊരാളായി അതിവേഗം അലിഞ്ഞു ചേർന്നു അദ്ദേഹം. തങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രഭാവലയത്തിൽ അടുത്തുചെന്നവരൊക്കെ ഭ്രമണപഥത്തിലെന്ന പോലെ ചുറ്റിക്കൊണ്ടിരുന്നു. പുഞ്ചിരി തൂകിയും മിതമായും മാത്രമെ അദ്ദേഹം സംസാരിക്കുമായിരുന്നുള്ളൂ. ആവശ്യത്തിനു മാത്രം സംസാരിച്ചും ഇടപെട്ടും അദ്ദേഹം നിലകൊണ്ടു. കൊടപ്പനക്കൽ തറവാട്ടിലെത്തുന്ന പരശ്ശതം ജനങ്ങൾക്കിടയിൽ ജനകീയ പ്രശ്‌നങ്ങൾ -രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ആരോഗ്യസംബന്ധവും ആയവ- പരിഹരിച്ച് ജനകീയ നേതാവായി അദ്ദേഹം.
ഇത് വലിയൊരു പൈതൃകത്തിന്റെ ഈടുവെയ്പാണ്. പ്രവാചകപുത്രിയോളം ചെന്നെത്തുന്ന ആ ചാർച്ചയുടെ ശക്തി ആ പരമ്പരകളിലുടനീളം ദൃശ്യമാകുന്നു. തലമുറകൾ കൈമാറി വന്ന നീതിബോധത്തിന്റെയും ചുമതലാനിർവഹണത്തിന്റെയും ദൈവഭക്തിയുടെയുമൊക്കെ പ്രവാചകപൈതൃകം ലോകത്തിന്റെ പ്രതീക്ഷയാണ്.
പൂക്കോയതങ്ങൾ - ആഇശ ചെറുകുഞ്ഞി ബീവി ദമ്പതികളുടെ സീമന്ത പുത്രനായി 1936 ലാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജനനം. പ്രവാചക പരമ്പരയിലെ നാൽപതാമത്തെ പൗത്രനാണ് അദ്ദേഹം. 1953 ൽ കോഴിക്കോട് എം.എം.ഹൈസ്‌കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം തിരൂരിനടുത്ത തലക്കടത്തൂരും തുടർന്ന് തോഴന്നൂരിലും കാനാഞ്ചേരിയിലും ദറസ് പഠനം നടത്തി.
കാനഞ്ചേരിയിലെ ദർസ് പഠനം പൂർത്തീകരിച്ച് 1958 ലാണ് അദ്ദേഹം ഉപരിപഠനത്തിനായി ഈജിപ്തിലെ വിശ്വപ്രസിദ്ധമായ അൽഅസ്ഹർ സർവകലാശാലയിലേക്ക് യാത്ര തിരിച്ചത്. 1958 മുതൽ 1961 വരെ അൽഅസ്ഹർ സർവകലാശാലയിലും തുടർന്ന് 1966 വരെ കൈറോ സർവകലാശാലയിലും അദ്ദേഹം തുടർപഠനം നടത്തുകയുണ്ടായി. ഡോ.ഇസ്സുദ്ദീൻ ഫരീദ്, യൂസുഫ് ഖുലൈഫ്, ഡോ.ബഹി, ശൗഖി ളൈഫ് മുതലായവരായിരുന്നു തങ്ങളുടെ അധ്യാപകൻമാർ. ഈജിപ്തിലെ പഠനം പൂർത്തിയാക്കി 1966 ലാണ് അദ്ദേഹം പാണക്കാട്ട് തിരിച്ചെത്തിയത്. പിതാവ് പൂക്കോയത്തങ്ങളുടെ നിര്യാണത്തെ തുടർന്ന് 1975 മുതൽ അദ്ദേഹം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായി സ്ഥാനമേൽക്കുകയും ദേഹവിയോഗം വരെ അത് തുടർന്നു വരികയും ചെയ്തു.
തങ്ങളുടെ ഭാര്യ സയ്യിദ ശരീഫാ ഫാത്വിമയാണ്. സുഹ്‌റ ബീവി, സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, ഫൈറൂസ ബീവി, സമീറ ബീവി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരാണ് അദ്ദേഹത്തിന്റെ സന്താനങ്ങൾ.
സയ്യിദ് ശിഹാബുദ്ദീൻ അലിയ്യുൽ ഹള്‌റമിയുടെ പൗത്രപുത്രൻ സയ്യിദ് മുഹ്‌ളാർ ശിഹാബുദ്ദീൻ തങ്ങളുടെ മകനാണ് പ്രസിദ്ധനായ പാണക്കാട് സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങൾ ശിഹാബുദ്ദീൻ. കർമശാസ്ത്ര പണ്ഡിതൻ, കവി, സ്വാതന്ത്ര്യസമര നായകൻ എന്നീ നിലകളിൽ പേരുകേട്ട അദ്ദേഹമാണ് മമ്പുറം സയ്യിദ് ഫദൽ പൂക്കോയത്തങ്ങളെ നാടുകത്തിയതിനുശേഷം ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള മലബാറിലെ പോരാട്ടങ്ങൾക്ക് ഊർജ്ജംപകർന്നത്. ബ്രിട്ടീഷുകാരെ നമ്മുടെ നാട്ടിൽ നിന്നു തുരത്തണമെന്നു നിർദേശിക്കുന്ന നിരവധി ഫത്വകൾ അദ്ദേഹം പുറപ്പെടുവിക്കുകയുണ്ടായി. ജിഹാദിനു പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി ആറ്റക്കോയതങ്ങളെ പിടികൂടി ബ്രിട്ടീഷുകാർ തമിഴ്‌നാട്ടിലെ വെല്ലൂരിലേക്ക് നാടുകടത്തുകയുണ്ടായി.
സയ്യിദ് ഹുസൈൻ ആറ്റക്കോയതങ്ങളുടെ പൗത്രൻ പിഎംഎസ്എ പൂക്കോയതങ്ങളായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെ പിതാവ്. കേരളത്തിലെ മത-രാഷ്ട്രീയ രംഗങ്ങളിൽ ജ്വലിച്ചു നിന്ന പൂക്കോയ തങ്ങൾ പിതാവ് സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങളുടെ വിയോഗത്തെത്തുടർന്ന് പിതൃസഹോദരൻ സയ്യിദ് അലി പൂക്കോയത്തങ്ങളുടെ സംരക്ഷണയിലാണ് വളർന്നത്. അദ്ദേഹത്തോടുള്ള സ്‌നേഹാദരവുകൾ കാരണമാണ് തന്റെ മക്കൾക്ക് പൂക്കോയതങ്ങൾ അലി എന്ന് ചേർത്ത് പേരു വിളിച്ചത്.
കേരള രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അന്യമായിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ രാഷ്ട്രീയപ്പാർട്ടികളുടെ മുഖ്യ അജണ്ടകളിൽ ഒന്നാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചത് പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളാണ്! വീടില്ലാത്തവർക്ക് ഒരു കൂടെങ്കിലും നിർമിച്ച് നൽകണമെന്നത് അങ്ങനെ ഒരു രാഷ്ട്രീയ പ്രവർത്തനമായി മാറി! അങ്ങനെ രാഷ്ട്രീയ പ്രവർത്തനം സൂഫി പരിപ്രേക്ഷ്യത്തിന്റെ വിവിധ ദർശനങ്ങളാൽ സമന്വയിക്കപ്പെട്ടു. ഓണത്തിനും ഈദിനും ക്രിസ്തുമസിനും അരിയും വിഭവങ്ങളും വിതരണം ചെയ്യുന്നതും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി മാറി! ഒരു ബഹുസ്വര സമൂഹത്തിൽ സഹിഷ്ണുതയും സമഭാവനയും കാരുണ്യവും ഉൾക്കൊള്ളുന്ന സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ജീവിതം എങ്ങനെയുള്ളതായിരിക്കണമെന്നാണ് ശിഹാബ് തങ്ങൾ കേരള സമൂഹത്തെ പഠിപ്പിച്ചത്. അച്ച്യുത മേനോൻ മന്ത്രി സഭയുടെ കാലത്ത് ഒരു ദിവസം വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥർ കറന്റ് നൽകാനായി പാണക്കാട് വീട്ടിലെത്തി. ലൈൻ വലിക്കാൻ വേണ്ടി വന്ന ഉദ്യോഗസ്ഥരോട് പൂക്കോയ തങ്ങൾ ചോദിച്ചു - ഞങ്ങളുടെ വീട്ടിലേക്ക് മാത്രമാണോ വൈദ്യുതി? ഉദ്യോഗസ്ഥർ അതേ എന്ന് മറുപടി പറഞ്ഞു. അപ്പോൾ പൂക്കോയ തങ്ങൾ അവരോട് പറഞ്ഞു - ഈ ഗ്രാമത്തിൽ എല്ലാവർക്കും വൈദ്യുതി കിട്ടുന്ന അന്ന് മതി ഞങ്ങൾക്കും, നിങ്ങൾ ഓഫിസിലേക്ക് തിരിച്ച് പോകുക.
Content Highlights: On the remembrance day of Syed Muhammadali Shihab Thangal Zainul Abideen Safari writes