'ബിജെപിയുടെ ആദിവാസി വിരുദ്ധ മനോഭാവത്തിന്റെ ഇര; ചേർത്ത് നിർത്തുന്ന ഇടതുപക്ഷം': ചിത്രം പങ്കുവെച്ച് എ എ റഹീം എംപി

കന്യാസ്ത്രീകൾക്കൊപ്പം അറസ്റ്റിലായ ആദിവാസി യുവാവിനൊപ്പം ഇടത് എംപിമാർ നിൽക്കുന്ന ചിത്രമാണ് എ എ റഹീം എംപി പങ്കുവെച്ചത്

dot image

ന്യൂഡല്‍ഹി: കന്യാസ്ത്രീകള്‍ക്കൊപ്പം അറസ്റ്റിലാകുകയും ജയില്‍ മോചിതനാകുകയും ചെയ്ത ആദിവാസി യുവാവ് സുഖ്മായ് മാണ്ഡവിയെ ചേര്‍ത്തുനിര്‍ത്തിയ ഇടത് എംപിമാരുടെ ചിത്രം പങ്കുവെച്ച് എ എ റഹീം എംപി. ജോണ്‍ ബ്രിട്ടാസ്, പി പി സുനീര്‍, ജോസ് കെ മാണി എന്നിവര്‍ക്കൊപ്പം സുഖ്മായ് നില്‍ക്കുന്ന ചിത്രമാണ് എ എ റഹീം പങ്കുവെച്ചത്. ഇന്നത്തെ ഏറ്റവും ഹൃദ്യമായ ചിത്രങ്ങളില്‍ ഒന്ന് എന്നു പറഞ്ഞുകൊണ്ടാണ് റഹീം എംപി ചിത്രം പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ സംസാരിക്കുന്നത് ബിജെപിയുടെ ക്രൈസ്തവ വിരുദ്ധതയെ കുറിച്ചാണെന്നും എന്നാല്‍ ബിജെപിയുടെ ആദിവാസി വിരുദ്ധ മനോഭാവത്തിന്റെ ഇരകൂടിയാണ് ഈ ചെറുപ്പക്കാരനെന്നും എ എ റഹീം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നത്തെ ഏറ്റവും ഹൃദ്യമായ ചിത്രങ്ങളില്‍ ഒന്നാണിത്.

ഇടതുപക്ഷ എംപിമാര്‍ ചേര്‍ത്തു നിര്‍ത്തിയിരിക്കുന്ന ഈ ചെറുപ്പക്കാരന്‍ സുഖ്മായ് മാണ്ഡവി, വയസ്സ് 19. ഛത്തീസ്ഗഡ് നാരായണ്‍പൂര്‍ സ്വദേശിയായ ആദിവാസി യുവാവ്. ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് സംഘപരിവാറുകാര്‍ ആള്‍ക്കൂട്ടവിചാരണ നടത്തി ക്രൂരമായി തല്ലിയത് ഈ പാവത്തിനെയാണ്.

ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശനത്തിനിടയില്‍ സിസ്റ്റര്‍ വന്ദനയും, പ്രീതി മേരിയും ഈ ചെറുപ്പക്കാരന്‍ നേരിട്ട ക്രൂരമായ അക്രമണവും അവഹേളനവും ഞങ്ങളോട് വിശദീകരിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലും ബജ്‌റംഗ്ദള്‍ ക്രിമിനലുകള്‍ സുഖ്മായിയെ ആക്രമിച്ചു. അന്ന് ഞങ്ങള്‍ സുഖ്മായിയെ പാര്‍പ്പിച്ചിരുന്ന പുരുഷന്മാരുടെ ജയിലില്‍ അയാളെ സന്ദര്‍ശിച്ചു. (ഞങ്ങളുടെ ഇടതു പ്രതിനിധി സംഘമാണ് സുഖ്മായിയെ ആദ്യമായി സന്ദര്‍ശിക്കുന്നത്, അതിന് ശേഷവും മറ്റു പ്രതിനിധി സംഘങ്ങള്‍ സന്ദര്‍ശിച്ചതായി അറിയില്ല). ജയിലില്‍ വച്ചു സുഖ്മായ് ഞങ്ങളോട് മനസ് തുറന്നു. പൊലീസ് പറയുന്നത് പച്ചക്കള്ളമാണ്. മൂന്ന് പെണ്‍കുട്ടികളും രക്ഷകര്‍ത്താക്കളുടെ അനുമതിയോടെ തന്നെയാണ് കന്യാസ്ത്രീകള്‍ക്കൊപ്പം വന്നത്. നല്ല ആത്മവിശ്വാസമുള്ള സുഖ്മായിയെയാണ് ഞങ്ങള്‍ക്ക് പരിചയപ്പെടാന്‍ കഴിഞ്ഞത്. ഇന്ന് നിരപരാധിയായ ഈ ചെറുപ്പക്കാരന്‍ ജയില്‍മോചിതനാകുമ്പോള്‍ വലിയ സന്തോഷമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ സംസാരിക്കുന്നത് ബിജെപിയുടെ ക്രൈസ്തവ വിരുദ്ധതയെ കുറിച്ചാണ്, എന്നാല്‍ ബിജെപിയുടെ ആദിവാസി വിരുദ്ധ മനോഭാവത്തിന്റെ ഇരകൂടിയാണ് ഈ ചെറുപ്പക്കാരന്‍. ദുര്‍ബലരെ ചേര്‍ത്തു നിര്‍ത്തുന്ന ഇടതുപക്ഷം

ഇന്ന് രാവിലെയായിരുന്നു കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് ബിലാസ്പുര്‍ എന്‍ഐഎ കോടതി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത്. എന്‍ഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് പ്രധാന വ്യവസ്ഥ. പാസ്‌പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ നല്‍കണമെന്നും ജാമ്യകാലയളവിലെ വാസസ്ഥലം എന്‍ഐഎയെ അറിയിക്കണമെന്നും വ്യവസ്ഥയിലുണ്ട്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, അന്വേഷണ ഏജന്‍സി ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, കേസിനെപ്പറ്റി പൊതുമധ്യത്തില്‍ പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും എന്‍ഐഎ കോടതി മുന്നോട്ടുവെച്ചു. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും കോടതി നിര്‍ദേശിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ വൈകിട്ടോടെ കന്യാസ്ത്രീകള്‍ പുറത്തിറങ്ങി. ഇതിന് പിന്നാലെ ആദിവാസി യുവാവും ജയിൽ മോചിതനായിരുന്നു.

Content Highlights- a a rahim mp shared picture of adivasi man who arrested in chattisgarh with left mps

dot image
To advertise here,contact us
dot image