കന്യാസ്ത്രീകളുടെ മോചനത്തിൽ ബിജെപിക്ക് എങ്ങനെ ക്രെഡിറ്റ് എടുക്കാനാകുമെന്ന് ചോദ്യം;ക്ഷുഭിതനായി രാജീവ് ചന്ദ്രശേഖർ

കന്യാസ്ത്രീകളുടെ മോചനത്തിൽ ജ്യൂഡീഷ്യറിക്കും ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരിനും നന്ദി അറിയിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു

dot image

റായ്പുർ: കന്യാസ്ത്രീകളുടെ അറസ്റ്റിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ, ക്ഷുഭിതനായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കന്യാസ്ത്രീകളുടെ അറസ്റ്റും ബിജെപിയുടെ ഇടപെടലും സംബന്ധിച്ച ചോദ്യത്തോടാണ് കൃത്യമായ മറുപടി പറയാതെ രാജീവ് ചന്ദ്രശേഖർ ക്ഷുഭിതനായത്.

കന്യാസ്ത്രീകളെ ജയിലിൽ അടച്ചതും അറസ്റ്റ് ചെയ്തതും ബിജെപി സർക്കാർ അല്ലേ എന്നും എങ്ങനെ ബിജെപിക്ക് ജാമ്യത്തിൽ ക്രെഡിറ്റ് ഏറ്റെടുക്കാൻ പറ്റും എന്നുമായിരുന്നു ചോദ്യം. റിപ്പോർട്ടർ ടിവിയുടെ ഡൽഹി റിപ്പോർട്ടറായ ആദിൽ പാലോടാണ് ചോദ്യം ചോദിച്ചത്. ഇതിന് തങ്ങൾ ക്രെഡിറ്റ് ഏറ്റെടുത്തോ എന്നും മാധ്യമങ്ങൾ വിവാദമുണ്ടാക്കുകയാണ് ചെയ്യുന്നതെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖർ മറുപടി നൽകിയത്. ശേഷം തനിക്ക് സംസാരിക്കാൻ ആഗ്രഹമില്ലെന്ന് പറഞ്ഞ് ക്ഷുഭിതനായി രാജീവ് മടങ്ങി. ബിജെപി നടത്തിയ ഇടപെടലുകൾ മൂലമാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് എന്ന് അനൂപ് ആന്റണി പരസ്യമായി പ്രതികരിച്ചതിന് പിന്നാലെയായിരുന്നു തങ്ങൾ ക്രെഡിറ്റ് ഏറ്റെടുത്തില്ല എന്ന രാജീവിന്റെ മറുപടി.

കന്യാസ്ത്രീകളുടെ മോചനത്തിൽ ജ്യൂഡീഷ്യറിക്കും ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരിനും നന്ദി അറിയിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. 'സഭ ഞങ്ങളോട് സഹായിക്കണമെന്ന് പറഞ്ഞു, ഞങ്ങള്‍ സഹായിച്ചു. ഞങ്ങളെ ഏല്‍പിച്ച കാര്യമെല്ലാം ഞങ്ങള്‍ ചെയ്തു. അധ്വാനം ഫലം കണ്ടു. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാക്ക് നൽകിയിരുന്നു. പറഞ്ഞതുപോലെ സംസ്ഥാന സര്‍ക്കാര്‍ ജാമ്യത്തിനെ എതിര്‍ത്തില്ല. പാർട്ടിയുടെ നിർദേശ പ്രകാരം അനൂപ് ആന്റണി ഇവിടെ വന്നിരുന്നു. കൃത്യമായി എല്ലാം ചെയ്തു. രാഷ്ട്രീയ നാടകങ്ങള്‍ നടന്നില്ലായിരുന്നെങ്കില്‍ മൂന്ന് ദിവസം മുന്‍പ് തന്നെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുമായിരുന്നു', എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.

ഇന്ന് രാവിലെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് ബിലാസ്പുർ എൻഐഎ കോടതി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. എന്‍ഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് പ്രധാന വ്യവസ്ഥ. പാസ്പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ നല്‍കണമെന്നും ജാമ്യകാലയളവിലെ വാസസ്ഥലം എന്‍ഐഎയെ അറിയിക്കണമെന്നും വ്യവസ്ഥയിലുണ്ട്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, അന്വേഷണ ഏജന്‍സി ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, കേസിനെപ്പറ്റി പൊതുമധ്യത്തില്‍ പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും എന്‍ഐഎ കോടതി മുന്നോട്ടുവെച്ചു. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും കോടതി നിർദേശിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ 3.40-ാടെ കന്യാസ്ത്രീകൾ പുറത്തിറങ്ങി.

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യകടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർ.

Content Highlights: Rajeev chandrashekar no answer for bjp credit question on malayali nuns arrest and bail credit

dot image
To advertise here,contact us
dot image