
ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് കഴിഞ്ഞതു മുതൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശനങ്ങൾ നിറയുകയാണ്. കേരളത്തെ വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നു മാത്രമല്ല മലയാള സിനിമയായ ആടുജീവിതത്തിന് എന്തുകൊണ്ട് പുരസ്‌കാരം നിരസിച്ചു എന്ന ചോദ്യവും സോഷ്യൽ മീഡിയ ഉന്നയിക്കുന്നു. കേരളത്തെ അപമാനിച്ചെന്ന് ആരോപിക്കപ്പെട്ട് വിവാദത്തിലായ 'കേരള സ്റ്റോറി'ക്ക് അർഹിക്കുന്നതിനുമപ്പുറത്തുള്ള പരിഗണന ലഭിച്ചതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.
2023ൽ സെൻസർ ചെയ്ത സിനിമകളുടെ പട്ടികയിൽ ആടുജീവിതം ഉണ്ടായിട്ടും ഒരു വിഭാഗത്തിൽ പോലും ചിത്രം അവാർഡിന് പരിഗണിക്കപ്പെട്ടില്ല. തെന്നിന്ത്യയിൽ നിന്ന് സമർപ്പിച്ച പട്ടികയിൽ 14 കാറ്റഗറികളിൽ ആടുജീവിതം ഇടം നേടിയിരുന്നു. ആടുജീവിതത്തിന് എന്തുകൊണ്ട് ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചില്ല എന്ന ചോദ്യത്തിന് ജൂറി ചെയർമാന് ചിത്രത്തെ കുറിച്ച് നല്ല മതിപ്പ് ഉണ്ടായിരുന്നില്ലെന്ന മറുപടിയാണ് സംവിധായകനു ജൂറി അംഗവുമായ പ്രദീപ് നായർ മാധ്യങ്ങളോട് പറഞ്ഞത്.
'ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം 'ആടുജീവിതം' നിരവധി വിഭാഗങ്ങളിലേക്ക് സമർപ്പിച്ചിരുന്നു. ഗോവയിൽ നടന്ന ഒരു ചലച്ചിത്ര മേളയിൽ ജൂറി ചെയർപേഴ്‌സൺ ആശുതോഷ് ഗോവരിക്കർ ഈ സിനിമ കണ്ടിരുന്നു. ചിത്രത്തിന്റെ തിരക്കഥയുടെ അഡാപ്റ്റേഷനെക്കുറിച്ചും അത് സിനിമയാക്കിയതിനെക്കുറിച്ചും അദ്ദേഹത്തിന് ആശങ്കകളുണ്ടായിരുന്നു. ഗോവരിക്കർക്കും ജൂറിയിലെ മറ്റുള്ളവർക്കും കഥയുടെ അഡാപ്റ്റേഷനിൽ സ്വാഭാവികതയില്ലെന്നും അഭിനേതാക്കളുടെ പ്രകടനങ്ങൾക്ക് ആധികാരികതയില്ലെന്നും തോന്നി. മികച്ച പിന്നണി ഗായകൻ, മികച്ച ഗാനരചന എന്നീ വിഭാഗങ്ങളിലും ചിത്രം പരിഗണിച്ചിരുന്നു.
എന്നിരുന്നാലും, ഒരു വിഭാഗത്തിലും അത് വിജയിച്ചില്ല. ഇതിനൊരു കാരണം സാങ്കേതിക പിഴവാണ്. ഗാനങ്ങൾക്ക് ശരിയായ ഇംഗ്ലിഷ് പരിഭാഷ നൽകുന്നതിൽ സിനിമയുടെ അണിയറപ്രവർത്തകർ പരാജയപ്പെട്ടു. കൂടുതൽ മികച്ച പരിഭാഷയുള്ള എൻട്രികൾ ഉള്ളതുകൊണ്ട് മത്സരം കടുത്തതായിരുന്നു. ആടുജീവിതത്തിൽ കെ ആർ ഗോകുലിന്റെ കഥാപാത്രം അതിൻ്റെ പുതുമയ്ക്കും സ്വാധീനത്തിനും ജൂറിയുടെ പ്രശംസ നേടിയിരുന്നു. പക്ഷേ സിനിമയുടെ മൊത്തത്തിലുള്ള ഗുണനിലവാരം പരിഗണിച്ചപ്പോൾ കെ ആർ ഗോകുലിന്റെ പ്രകടനവും തള്ളിപ്പോവുകയായിരുന്നു,' പ്രദീപ് പറഞ്ഞു.
കേരള സ്റ്റോറിക്ക് പുരസ്‌കാരം നൽകുന്നതിലുള്ള എതിർപ്പ് പ്രദീപ് നായർ ചെയർമാന് രേഖാമൂലം കൈമാറിയിരുന്നു. അഭിപ്രായം ജൂറി അംഗീകരിച്ചെങ്കിലും ഭൂരിഭാഗം അംഗങ്ങളും കേരള സ്റ്റോറിക്ക് അനുകൂല നിലപാടാണെടുത്തതെന്ന് പ്രദീപ് നായർ പറഞ്ഞു. ക്രിസ്റ്റോ ടോമിയെ മികച്ച സംവിധായകന് പരിഗണിച്ചിരുന്നെങ്കിലും ഉള്ളൊഴുക്ക് എന്ന് സിനിമ ഒരു ഫാമിലി ഡ്രാമ ചിത്രമായിട്ടാണ് ജൂറിയിൽ ഭൂരിപക്ഷത്തിനും മനസിലായത് എന്നും പ്രദീപ് നായർ പറഞ്ഞു.
അതേസമയം പ്രാദേശിക ജൂറി ആറു സിനിമകൾ മാത്രമാണ് കേന്ദ്ര ജൂറിയുടെ പരിഗണനയ്ക്കയച്ചത്. ഉള്ളൊഴുക്ക്, 1947 പ്രണയം തുടരുന്നു, പൂക്കാലം, ഒബേബി, ആടുജീവിതം, മഹൽ എന്നിവയായിരുന്നു ഈ ചിത്രങ്ങൾ. പിന്നീട് തന്റെ പ്രത്യേക അപേക്ഷപ്രകാരം ഇരട്ട, കാതൽ, 2018, തടവ് എന്നീ സിനിമകളെ ജൂറി ചെയർമാൻ അശുതോഷ് ഗൊവാരികർ തിരികെവിളിച്ചെന്നും പ്രദീപ് നായർ വെളിപ്പെടുത്തി.
Content Hightights: Why didn't Aadujeevitham win any National Awards?