യെമനുമായി നയതന്ത്ര ബന്ധമില്ല: നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍

ഇറാന്‍ പോലെ യെമനുമായി നയതന്ത്ര ബന്ധമുളള രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ സംസാരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. കേന്ദ്രം ആ വഴി ഉപയോഗിക്കണമെന്നാണ് ആവശ്യം

dot image

ന്യൂഡൽഹി: യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍. നിമിഷപ്രിയയുടെ മോചനത്തിന് കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വധശിക്ഷയുമായി ബന്ധപ്പെട്ട തീരുമാനം വന്നതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണമില്ല. മോചനത്തിനുളള പണം എത്രയാണെങ്കിലും നല്‍കാന്‍ നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ തയ്യാറാണ്. കേന്ദ്രസര്‍ക്കാര്‍ അതിനുവേണ്ടി പണം ചിലവാക്കേണ്ടതില്ല. പക്ഷെ നയതന്ത്ര തലത്തില്‍ ബ്ലഡ് മണിയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ വഴിയൊരുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

യെമനുമായി ഇന്ത്യയ്ക്ക് നയതന്ത്ര ബന്ധമില്ലാത്തതാണ് നിലവിലെ പ്രതിസന്ധി. ഇറാന്‍ പോലെ യെമനുമായി നയതന്ത്ര ബന്ധമുളള രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ സംസാരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. കേന്ദ്രം ആ വഴി ഉപയോഗിക്കണമെന്നാണ് ആവശ്യം. മോചനവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ തിങ്കളാഴ്ച്ച സുപ്രീംകോടതിയില്‍ കേന്ദ്രം വ്യക്തമാക്കുമെന്നാണ് സൂചന.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്രം സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്.

നിമിഷപ്രിയക്കായി ഇടപെടണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങളായ കെ രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, കൊടിക്കുന്നില്‍ സുരേഷ്, എന്നിവരും ചാണ്ടി ഉമ്മന്‍ എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരും രംഗത്തെത്തിയിരുന്നു. യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്. 2017 മുതൽ യെമനിലെ ജയിലിൽ കഴിയുകയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ.

Content Highlights: No diplomatic relations with Yemen: Central government fails to respond to Nimishapriya's release

dot image
To advertise here,contact us
dot image