

ബോളിവുഡിലും സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രികളിലും ഒരുപോലെ ആരാധകരുള്ള നടിയാണ് മൃണാള്‍ താക്കൂര്‍. സീതാരാമം എന്ന തെലുങ്ക് റൊമാന്റിക് ചിത്രത്തിലൂടെ ഇന്ത്യയിലെമ്പാടും പുതിയ കാലത്തെ റൊമാന്‍റിക് നായികയായി നടി മാറിയിരുന്നു.
പ്രണയിക്കുമ്പോള്‍ പങ്കാളികള്‍ പരസ്പരം റീപാരന്റിംഗ് ചെയ്യുകയാണ് എന്ന് മൃണാള്‍ താക്കൂര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആ വാക്കുകളാണ് ഇപ്പോല്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. 'ദോ ദീവാനേ ഷെഹര്‍ മേം' എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ മൃണാള്‍ താക്കൂര്‍ പങ്കുവെച്ചത്. റൊമാന്റിക് ഴോണറില്‍ ഒരുങ്ങുന്ന ചിത്രമാണിത്.

'പ്രണയം എന്നാല്‍ റീപാരന്റിങ്ങാണ്. പ്രണയബന്ധത്തിലുള്ളവര്‍ പരസ്പരം അവരെ വളര്‍ത്തിവലുതാക്കുകയാണ് ചെയ്യുന്നത്. റീപാരന്റിംഗ് അവിടെ നടക്കുന്നു. കാരണം കുട്ടിക്കാലത്തെ കുറെ മുറിവുകളും വേദനകളും ട്രോമകളും നമ്മള്‍ ഓരോരുത്തരുടെയും ഉള്ളിലുണ്ടാകും. അമ്മ എപ്പോഴും മകനെ സ്‌നേഹിക്കും, കാരണം അത് അവരുടെ മകനാണ്. സഹോദരങ്ങളുടെ സ്‌നേഹവും അങ്ങനെ രക്തബന്ധത്തിന്റെ പുറത്താണ്.
എന്നാല്‍ ജീവിതപങ്കാളി എന്നാല്‍ അങ്ങനെയല്ല. ഒരു ബന്ധവും അവര്‍ തമ്മില്‍ ഇല്ല. നമ്മുടെ എല്ലാ നന്മകളും കുറ്റങ്ങളും കുറവുകളും അങ്ങനെ എല്ലാം അറിഞ്ഞും അതിനെയെല്ലാം അംഗീകരിച്ചുമാണ് ഒരു പാര്‍ട്ണര്‍ നമ്മളെ സ്‌നേഹിക്കുന്നത്. ഈഗോയ്ക്ക് പ്രണയത്തില്‍ വലിയ റോള്‍ ഉണ്ട്. എനിക്ക് നിന്നോട് ഈഗോ ഇല്ല, പ്രണയം മാത്രമേയുള്ളു എന്ന് പറയാനാകുന്ന സ്റ്റേജിലേക്ക് ബന്ധങ്ങള്‍ എത്തുന്ന നിമിഷങ്ങളുണ്ടാകും,' മൃണാള്‍ താക്കൂര്‍ പറയുന്നു.

മൃണാള്‍ താക്കൂര്‍ പറഞ്ഞത് വളരെ ശരിയാണെന്നാണ് നിരവധി പേര്‍ കമന്റുകളില്‍ പറയുന്നത്. ജീവിതപങ്കാളികള്‍ നമ്മുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നും കുട്ടിക്കാലത്ത് രൂപപ്പെട്ട പല തെറ്റായ ബോധ്യങ്ങളും ഇല്ലാതാകുന്നത് യൗവ്വനകാലത്തെ പ്രണയബന്ധങ്ങളിലൂടെയാണെന്നും ചിലര്‍ പറയുന്നു.
Content Highlights: Mrunal Thakur says love relationship is reparenting each other