രഞ്ജിത്തേട്ടന്റെ 'തിരക്കഥ' സിനിമയിലെ വേഷം എന്റെ കയ്യിൽ നിന്ന് പോയതാണ്; ജാഫർ ഇടുക്കി

'എന്റെ കയ്യിൽ അദ്ദേഹത്തിന്റെ ഫോൺ നമ്പറില്ലല്ലോ, അതുകൊണ്ട് ഏത് രഞ്ജിത്ത് എവിടുത്തെ രഞ്ജിത്ത് എന്നൊക്കെയാണ് ചോദിച്ചത്'

രഞ്ജിത്തേട്ടന്റെ 'തിരക്കഥ' സിനിമയിലെ വേഷം എന്റെ കയ്യിൽ നിന്ന് പോയതാണ്; ജാഫർ ഇടുക്കി
dot image

രഞ്ജിത്ത് സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ചിത്രമാണ് തിരക്കഥ. പ്രിയാമണി, അനൂപ് മേനോൻ, പൃഥ്വിരാജ്, സംവൃത സുനിൽ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. സിനിമയ്ക്കുള്ളിലെ സിനിമയുടെയും മനുഷ്യബന്ധങ്ങളുടെയും പ്രണയത്തിന്റെയുമെല്ലാം കഥ പറഞ്ഞ സിനിമ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. ഈ സിനിമയിൽ ഭാഗമാകാനുള്ള അവസരം ലഭിച്ചിട്ടും തനിക്ക് നഷ്ടപ്പെട്ടതിനെ കുറിച്ച് പറയുകയാണ് നടൻ ജാഫർ ഇടുക്കി.

മറ്റ് ചില സിനിമകൾക്കായി ഡേറ്റ് നൽകിയിരുന്നതുകൊണ്ടാണ് തനിക്ക് തിരക്കഥയിലെ വേഷം നഷ്ടമായതെന്ന് ജാഫർ ഇടുക്കി പറഞ്ഞു. ആദ്യമായി ഈ സിനിമയിലേക്ക് വിൡച്ചപ്പോഴുണ്ടായ ചില അബദ്ധങ്ങളെ കുറിച്ചും കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ജാഫർ ഇടുക്കി സംസാരിച്ചു.

'രഞ്ജിത്ത് ഏട്ടന്റെ തിരക്കഥ എന്ന സിനിമ എന്റെ കയ്യിൽ നിന്ന് പോയതാണ്. എനിക്ക് ഫോണിൽ നമ്പറുകൾ കൃത്യമായി സൂക്ഷിക്കുന്ന ശീലമില്ല. ആളുകളെ ഇടക്കിടെ വിളിക്കാറുമില്ല. ഒരു ഷൂട്ടിനിടെ എനിക്ക് ഒരു കോൾ വന്നു. ഷൂട്ട് നടക്കുന്ന വീടിന്റെ മുമ്പിലൂടെ ഒരു ട്രെയിൻ പോകും. ഈ കോൾ വന്ന സമയത്ത് ഒരു ട്രെയിൻ പോയി. അതുകൊണ്ട് എനിക്ക് അപ്പുറത്തുള്ള ആളുടെ ശബ്ദം കൃത്യമായി കേൾക്കാനായില്ല.

Jaffer Idukki

അന്ന് വിളിച്ചത് രഞ്ജിത്തേട്ടൻ ആയിരുന്നു. 'ഞാനാ രഞ്ജിത്താടാ, കോഴിക്കോട്ട് നിന്ന് വിളിക്കുകയാണ്' എന്നെല്ലാം പറയുന്നുണ്ടായിരുന്നു. ഞാൻ അപ്പോൾ കൃത്യമായി കേൾക്കാത്തതുകൊണ്ട് ഏത് രഞ്ജിത്താണ്, എവിടുത്തെ രഞ്ജിത്താണ് എന്നൊക്കെ ചോദിച്ചു. എന്റെ കയ്യിൽ ഫോൺ നമ്പർ ഇല്ലല്ലോ. പിന്നീട് രഞ്ജിത്തേട്ടൻ വീണ്ടും വിളിച്ചു. 'ഞാൻ എം ഒ ദേവസ്യസാറിന്റെ ഒരു മൂന്ന് കാലഘട്ടം എഴുതി വെച്ചിട്ടുണ്ട് അത് നീ ചെയ്യണം' എന്ന് അദ്ദേഹം പറഞ്ഞു.

പക്ഷെ എനിക്ക് അന്ന് അതിന് കഴിഞ്ഞില്ല, രണ്ട് സിനിമകൾ ആ സമയത്ത് കമ്മിറ്റ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. ഡേറ്റ് തെറ്റിച്ച് വേറെ എന്തേലും ചെയ്താൽ കേസ് ആകുമല്ലോ എന്ന് പേടിച്ചു. അങ്ങനെ ഞാൻ തിരക്കഥയിൽ നിന്നും മാറി പിന്നീട് ആ വേഷം അഭിനയിച്ചത് നന്ദു ചേട്ടൻ ആണ്. രഞ്ജിത്ത് ഏട്ടൻ അതോടെ എന്നെ വിളിക്കാതെ ആയി. ഞാനും വിളിച്ചില്ല. ഇങ്ങനെ നിൽക്കുന്ന സമയത്ത് ഞാൻ കുറെ മെസ്സേജ് വിട്ടു. ചേട്ടാ ഞാൻ ഗതികേടുകൊണ്ട് പറഞ്ഞതാ, ഏറ്റു പോയത് കൊണ്ടാണ് എന്നൊക്കെ പറഞ്ഞു. എന്നെ പടത്തിന് വിളിക്കണം കേട്ടോ എന്നൊക്കെ ഞാൻ മെസ്സേജ് അയച്ചു. കുറെ കാലത്തിന് ശേഷം പിന്നീട് എന്നെ ഡ്രാമയിൽ വിളിച്ചു, വേഷം തന്നു.

Scene from Thirakkatha movie

ഞാൻ ശരിയ്ക്കും 96 ൽ നടൻ ആകേണ്ടതായിരുന്നു. അസുരവംശം എന്ന സിനിമയിൽ എനിക്കൊരു വേഷം തരാം എന്ന് ഫ്രാങ്ക്ഫുർട്ടിൽ വെച്ച് നടന്ന ഒരു പരിപാടിക്ക് ശേഷം രഞ്ജിത്തേട്ടൻ പറഞ്ഞിരുന്നു. നാട്ടിലെത്തിയിട്ട് വിളിക്കാനും പറഞ്ഞിരുന്നു. പക്ഷെ അന്ന് ഫോണും നമ്പറുമൊന്നും കയ്യിലില്ല. ഞാൻ നാട്ടിലെത്തി നമ്പർ തപ്പിപ്പിടിച്ച് വിളിച്ചുമില്ല. അവർ വിളിച്ചോളും എന്നൊക്കെ കരുതിയിരുന്നു. അങ്ങനെ അന്ന് സിനിമാ നടൻ ആയില്ല,' ജാഫർ ഇടുക്കി പറഞ്ഞു.

Content Highlights: Jaffer Idukki about losing role in Thirakkadha movie

dot image
To advertise here,contact us
dot image